ഡൌൺ ടൗണിലെ മരങ്ങളൊക്കെ മഞ്ഞയായിത്തുടങ്ങിയിരിക്കുന്നു. നടപ്പാതകൾക്കിരുവശവും തണലുവിരിച്ചു നിൽക്കുന്ന അവയെക്കാണുമ്പോളൊക്കെ മനസ്സിന് വല്ലാത്തൊരു കുളിർമയാണ് . മരങ്ങൾ തളിരിടുന്നതും അവ പച്ചിലകളാവുന്നതും പൂക്കൾ വിടരുന്നതും മെല്ലെ മെല്ലെ മഞ്ഞയാവുന്നതും ഒക്കെ എന്റെ പ്രഭാതങ്ങളെ സാക്ഷി നിർത്തിയാണ് . എത്ര തിരക്കേറിയാലും അവയെക്കണ്ടാണ് ഞാൻ ഓഫീസിലേക്ക് നടക്കാറ്. ആൾക്കൂട്ടത്തിൽ അറിയപ്പെടാതെ...ചിലപ്പോൾ തോന്നും എത്ര അപ്രസക്തമാണ് ജീവിതമെന്ന് . മറ്റു ചിലപ്പോൾ അതൊരു രസമാണ്, ഭൂതകാലമില്ലാതെ ജീവിക്കേണ്ടിവരുന്നതിന്റെ രസം .
ഋതുഭേദങ്ങളിൽ ഏറ്റവും മനോഹരം ഈ മഞ്ഞനിറമാർന്ന ശരത്കാലമാണ് . ഓരോ മരത്തിലും തീപോലെ കത്തിജ്വലിച്ച വർണ്ണങ്ങൾ . അണയും മുൻപുള്ള ആളിക്കത്തലാണെന്നോർക്കുമ്പോൾ ഒരു നൊമ്പരം തോന്നും . എങ്കിലും അത് നമ്മളെ പലതും ഓർമ്മപ്പെടുത്തും .
നടന്നു തീർത്ത വഴികൾ , ഇടയിൽ വച്ച് കൂടിയും പിന്നെയേതോ വഴിയിൽ അപ്രത്യക്ഷമാവുകയും ചെയ്തവർ , നിഴലായ് ഇപ്പോഴും കൂടെ നടക്കുന്നവർ , ലോകത്തിന്റെ മറ്റേതോ കോണിലിരുന്ന് "നീ സുഖമായിരിക്കട്ടെ"എന്ന് പ്രാർത്ഥിക്കുന്നവർ , വളരെച്ചെറിയ നിമിഷങ്ങളിൽ മനസ്സിൽ മുറിപ്പാടു തീർത്തു സന്തോഷിച്ചവർ - മായ പറയുമ്പോലെ "ഓർമ്മകളുടെ അസുഖമുള്ളവർ"ക്ക് ഈ മഞ്ഞയിലകൾ ഒരു ബാധ്യതയാണ്. മറക്കാൻ ശ്രമിച്ചാലും എത്ര മായ്ക്കാൻ ശ്രമിച്ചാലും പൂർവാധികം മിഴിവോടെ തെളിഞ്ഞുവരുന്ന ചില ഓർമ്മകളുടെ തീരാത്ത ബാധ്യത.
കൊഴിയാൻ ഒരുങ്ങിനിൽക്കുമ്പോഴും മറ്റുള്ളവരുടെ കണ്ണുകളിൽ സന്തോഷം പടർത്തുന്ന മഞ്ഞയിലകൾ ദിവസ്സവും എന്നെ ഓർമ്മപ്പെടുത്തുന്ന മറ്റൊരു വലിയ കാര്യം കൂടിയുണ്ട്, സങ്കടങ്ങളല്ലവിളിച്ചു പറയേണ്ടത്, സന്തോഷങ്ങളാണ്. ജീവിതത്തിലെ ചില നിമിഷങ്ങളെങ്കിലും മറ്റുള്ളവർക്കായി മാറ്റിവയ്ക്കുക . സ്നേഹിക്കുക,അഭിനന്ദിക്കുക, വിലമതിക്കുക, അത് പ്രകടിപ്പിക്കുക. വാക്കുകൾക്കു പിശുക്കു കാണിച്ചു വാ പൂട്ടി ജീവിച്ചുതീർക്കുന്ന ഒരു ജീവിതം കൊണ്ട് എന്താണ് പ്രയോജനം? ശ്വാസം നിലയ്ക്കുമ്പോൾ "ഇവിടെ ജീവിച്ചിരുന്നു" എന്ന് അടയാളപ്പെടുത്താൻ നമ്മൾ ധരിച്ച മുഖംമൂടിയോ വിഴുങ്ങിയ വാക്കുകളോ ഉണ്ടാവില്ല. ചിരിച്ചുകൊണ്ടു പറഞ്ഞ ഒരു നന്ദിവാക്കോ , "നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണ്" എന്ന് സ്നേഹം നിറഞ്ഞുപറഞ്ഞ സൗഹൃദമോ ബന്ധങ്ങളോ കരുണ നിറഞ്ഞ ഒരു നോട്ടമോ ഒക്കെത്തന്നെയേ കാണൂ .
ഒന്നു രണ്ടാഴ്ച്ചകൾ കൂടി കഴിയുമ്പോൾ ഈ ഇലകൾ പൊഴിഞ്ഞുതുടങ്ങും . അപ്പോഴും അവ ലോകത്തോട് വിളിച്ചുപറയും , മെഴുകുതിരിപോലെ ഉരുകുമ്പോഴും മറ്റുള്ളവർക്ക് വെളിച്ചമാവുക. പിന്നെ, പതിയെ തണുപ്പ് വിരുന്നെത്തും, നിറഞ്ഞുനിന്ന വീഥികളിൽ വെറും ചുള്ളിക്കമ്പുകൾ മാത്രം ബാക്കിയാക്കി മരങ്ങൾ മറ്റൊരു പാഠം പകർന്നുതരും , ഈ മഞ്ഞിന്റെ മരവിച്ച വെളുപ്പിനുമപ്പുറം വീണ്ടും നിറമാർന്ന ഒരു പുലരി വിരുന്നെത്തുമെന്ന പ്രതീക്ഷയുടെ പാഠം. ഏതൊരു വസന്തത്തിനും അവസാനമുണ്ടെന്നും ജീവിതം ഋതുഭേദങ്ങൾ പോലെയാണെന്നും കൺമുന്നിൽ സാക്ഷ്യപ്പെടുത്തും .
ജീവിതം ഓരോ ദിവസവും ഓരോ പാഠമാണ് ചൊല്ലിത്തരുന്നത് . വിഷയങ്ങൾക്ക് പേരിടാതെ വഴിയോരങ്ങളിലും ട്രെയിനിലും ഓഫീസിലും കണ്ടുമുട്ടുന്നവരും കാഴ്ച്ചകളും അദ്ധ്യാപകരാകുന്ന പാഠങ്ങൾ .
ഈ അദ്ധ്യാപക ദിനത്തിൽ ഏറ്റവും ഓർമ്മിക്കുന്നത് ഇവരെയൊക്കെയാണ്, സ്നേഹിക്കാനും വഞ്ചിക്കാനും പഠിപ്പിച്ചവരെ, വലംകൈകൊണ്ട് തലോടാനും ഇടംകൈകൊണ്ടു തല്ലാനും പഠിപ്പിച്ചവരെ, സർവോപരി, ജീവിതം എന്താകണമെന്നും എന്താകരുതെന്നും പഠിപ്പിച്ചവരെ.