ജീവനറ്റ ആ കുരുന്നിന്റെ ശരീരം ചേർത്തുപിടിച്ചു നിൽക്കുന്ന അഗ്നിശമനസേനാംഗത്തിന്റെ ചിത്രം ഉറക്കം കെടുത്തുകയാണ് . മഹാപ്രളയത്തിൽ മുങ്ങിയ പ്രിയ നാടിന്റെ വാർത്തകൾ കണ്ണുകളിൽ വീണ്ടും പേമാരി പെയ്യിക്കുകയാണ് . രക്ഷപ്പെടാനാവാതെ കുടുങ്ങിപ്പോയവരും ക്യാമ്പുകളിൽ അഭയം തേടിയവരും നാളെയെന്ത് എന്ന് ഒരുപോലെ ആശങ്കപ്പെടുന്നു . വാർത്തകൾ കണ്ടുമറക്കാതെ എന്തെങ്കിലും ചെയ്യാം നമുക്ക് , കൈകോർത്തിറങ്ങാം നമ്മുടെ നാടിനു വേണ്ടി .
ആർത്തലച്ചെത്തുന്ന മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുന്നത് വീടും വസ്തുക്കളും മാത്രമല്ലാ, ജീവിതങ്ങളാണ് . ചോര നീരാക്കി സ്വരുക്കൂട്ടിയ കിടപ്പാടങ്ങളും കരുതിവച്ച സ്വപ്നങ്ങളും കലിതുള്ളുന്ന കാലവര്ഷത്തിനു മുന്നിൽ തകർന്നടിയുന്നു . ഒരിക്കലും ഉണരാത്ത ഉറക്കം ഉറങ്ങിയവരും കാത്തിരിക്കാൻ തരിമ്പു പ്രതീക്ഷപോലും ബാക്കിവയ്ക്കാതെ കാണാമറയത്തു മറഞ്ഞവരും ബാക്കിയാക്കിയത് നിസ്സഹായാരായ ഒരു കൂട്ടം ആളുകളെയാണ് . പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വന്ദ്യവയോധികർ വരെ ദുരിതപ്പേമാരിയിൽ മുങ്ങിത്താഴുന്നു . കൈകോർത്തിറങ്ങാം നമ്മുടെ നാടിനു വേണ്ടി .
# Pray for Kerala എന്ന ഹാഷ്ടാഗ് മാത്രം മതിയാകില്ലാ കേരളത്തിന് . പ്രാർത്ഥനകൾ വേണം . പക്ഷെ ഇന്നത്തെ അവസ്ഥ നേരിടാൻ അത് മാത്രം പോരാ . ലോകത്തിന്റെ ഏതുകോണിൽ ജീവിച്ചാലും നാം പിറന്ന മണ്ണ് നമുക്ക് അമ്മയാണ് , നമ്മുടെ തറവാടാണ്, ഒരുമിച്ച് ഇറങ്ങണം .
പെരുന്നാളും ഓണവുമൊന്നും ആഘോഷിക്കാൻ കഴിയാത്ത, ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും സകലതും നഷ്ടപ്പെട്ട ഒട്ടനവധി കുഞ്ഞുങ്ങളുടെ മുഖങ്ങൾ ദൈന്യത നിറഞ്ഞ കണ്ണുകളുമായി നമ്മെ നോക്കുന്നുണ്ട് . ആഘോഷങ്ങൾ ഇത്തവണത്തേക്കു നമുക്ക് മാറ്റിവയ്ക്കാം. ആ പണം ദുരിതബാധിതരെ സഹായിക്കാൻ സ്വരൂപിക്കാം . ഓരോ രൂപയും വിലപിടിപ്പുള്ളതാണ് . ഒരു കുപ്പി ശുദ്ധ ജലം വാങ്ങാൻ, ഒരു പുതപ്പുവാങ്ങാൻ , മരുന്നുവാങ്ങാൻ..നമ്മുടെ ഒരു രൂപ സഹായകമായെങ്കിൽ അതിലും വലിയ എന്ത് സന്തോഷമാണ് ഏതൊരാഘോഷവും നമുക്ക് തരിക? കണക്കുകൾ പരസ്യപ്പെടുത്തേണ്ടതുമില്ല. അത് നമുക്കും പടച്ചതമ്പുരാനും ഇടയിൽ മാത്രം ഒതുങ്ങട്ടേ .
ഒന്നോർമ്മിക്കുക , ദുരിതം നമ്മുടെ മുറ്റത്തെത്തുന്നതുവരെ, നമ്മുടെ പ്രിയപ്പെട്ടവരിലേക്കെത്തുന്നത് വരെ കാത്തിരിക്കേണ്ടതില്ല. ആഘോഷങ്ങൾ മാറ്റിവെക്കാൻ നമ്മുടെ വീട്ടിൽ ദുരന്തം സംഭവിക്കേണ്ടതില്ല. നമ്മുടെ നാട് കരയുമ്പോൾ നാം ചിരിക്കുന്നതെങ്ങനെ ?
ഓർമ്മയുണ്ടാവുക - ഏതൊരാളും അഭയാർത്ഥിയാവാൻ ഒരു നിമിഷം മതി .