"പ്ലീസ് , നീ എന്റെ കൂടെ വരൂ , ഒരു അര മണിക്കൂർ, ആ പുതിയ കടയിലൊന്നു കയറാം", ആൻ നിന്ന് കെഞ്ചുകയാണ് . "ഇല്ല ആൻ , മക്കൾ തനിച്ചാണ് വീട്ടിൽ . നോക്കിയിരിക്കുകയാവും ". നാലര ക്ലോക്കിൽ മുട്ടിയപ്പോൾ ഞാൻ വേഗം ഇറങ്ങി ട്രെയിൻ സ്റ്റേഷനിലേക്ക് നടന്നു. പിറുപിറുത്തുകൊണ്ട് ആൻ പിറകെയും . "ഒരിടത്തേക്കും വരില്ല, ഏതു നേരവും കുടുംബം, കുട്ടികൾ, വീട് ", അവൾക്കു ദേഷ്യം അടങ്ങുന്നില്ല .
ട്രെയിനിൽ ഇരിക്കുമ്പോൾ ഓർത്തു, കുട്ടികൾ മുഷിഞ്ഞിരിക്കുകയാവും , വൈകിട്ട് ചെന്നാൽ അവരെക്കൂട്ടി ഒന്ന് നടക്കാൻ ഇറങ്ങണം. രണ്ടുമൂന്നു ദിവസമായി വല്ലാത്ത തലവേദനയുണ്ട് . സാരമില്ല, ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് . എല്ലാം കൂടി തിരക്കാണ് വാരാന്ത്യങ്ങളിൽ .
വീട്ടിലെത്തുമ്പോൾ കണ്ണു തുറക്കാൻ വയ്യാത്തത്ര തലവേദന. ചൂടുദിവസമായതുകൊണ്ടു മോൻ സൈക്കിൾ എടുത്തു പാർക്കിൽ കറങ്ങുന്നുണ്ട് . "എവിടേക്കെങ്കിലും പോകാം അമ്മ " എന്ന് ചിണുങ്ങിക്കൊണ്ട് മകൾ .
എനിക്കൊന്നു കടയിൽ പോകണമായിരുന്നു, പിന്നെ ടാക്സ് ചെയ്യണം...ഓരോന്നായി കെട്ടഴിച്ചപ്പോഴേ ഭർത്താവ് പറഞ്ഞു, "എനിക്കൊരു വർക് ഷോപ്പുണ്ട് , ഫോട്ടോഗ്രഫിയുടെ , ഞാൻ അതിന് പോകുകയാണ് ". പരാതിപറച്ചിലിനിടയിൽ ഒരു പത്തുമിനിറ്റ് ഉപദേശം കൂടി , "നിന്റെ ആവലാതികളെല്ലാം അടിസ്ഥാനരഹിതമാണ്".
കൈയ്യിലൊരു ബാഗുമെടുത്തു ആൾ ഇറങ്ങി . പിറകെ, പിറുപിറുത്തുകൊണ്ട് മോൾ നടക്കാനിറങ്ങി. മോൻ തിരിച്ചുവന്നു ടിവിയുടെ റിമോട്ടിൽ കൂടുകൂട്ടി .
എന്റെ ചുറ്റുമുള്ള ആ ചില്ലുകൂടാരം താഴെവീണുടഞ്ഞു, അതിലോരോന്നിലുമിരുന്നു ആൻ എന്നെ നോക്കി പൊട്ടിച്ചിരിച്ചു . വേഗത്തിലോടുന്ന വണ്ടിയുടെ പാസഞ്ചർ സീറ്റിൽ ഗതി നിയന്ത്രിക്കാനാവാതെ ഞാൻ അള്ളിപ്പിടിച്ചിരുന്നു . എനിക്ക് വല്ലാതെ കരച്ചിൽ വന്നു .