"ശരിയ്ക്കും അമ്മയ്ക്ക് എന്നോട് ദേഷ്യമില്ലേ ?" ഇരുകണ്ണുകളിൽ നിന്നും ധാരധാരയായി ഒഴുകിക്കൊണ്ടിരുന്ന കണ്ണുനീർ അമർത്തിത്തുടച്ചു വളരെ നിഷ്ക്കളങ്കമായി അവനെന്നോട് പലതവണ ചോദിച്ചു . "ഇല്ല മോനേ , അമ്മ വെറുതെ കാണിച്ചതല്ലേ, ഒരു തമാശയ്ക്ക് ". കള്ളമാണ് പറയുന്നതെങ്കിലും അത് സത്യത്തോളം കൃത്യമായിരിക്കാൻ ഞാൻ വളരെ ശ്രദ്ധിച്ചു . "മോൻ എന്തിനാ ഒറ്റയ്ക്ക് ഇവിടെ വന്നിരുന്നു കരയുന്നത്? സങ്കടം വന്നാൽ അമ്മയോട് പറയുകയല്ലേ വേണ്ടത്?". കുഞ്ഞു കണ്ണിൽ വീണ്ടും ഒരു കടൽ ഇരമ്പിവന്നു, "'അമ്മ എന്നോട് ഒത്തിരി ഒച്ച വെച്ചു ". കുറ്റബോധത്തിന്റെ കുത്തൊഴുക്കിൽ വീണുപോയ എന്നെ ഒരു ചുഴി വലിച്ചെടുക്കുന്നതുപോലെ തോന്നി .
പതിവില്ലാത്തവണ്ണം ക്ഷീണിച്ചാണ് ഇന്ന് വൈകിട്ട് വന്നു കയറിയത്. ഒരു ചായ ആരെങ്കിലും ഇട്ടു തന്നിരുന്നെങ്കിൽ എന്ന വ്യർത്ഥമോഹത്തെ കടിച്ചിറക്കി ചായപ്പാത്രം എടുക്കുമ്പോളാണ് മോന്റെ വരവ് . "അമ്മ , നോക്കൂ , എനിക്ക് കണക്കിന് 19/ 24 കിട്ടി . ടീച്ചർ പറഞ്ഞു "ഗുഡ് ജോബ് " ആണെന്ന് . "
അവൻ 19 എന്ന് പറഞ്ഞത് ഞാൻ കേട്ടില്ല, എന്റെ മനസ്സിൽ 5 മാർക്ക് എവിടെപ്പോയി എന്ന സ്വതഃസിദ്ധമായ ചിന്തയാണ് ഉയർന്നത് . കയ്യിലിരുന്ന ചായപ്പാത്രം വലിയൊരു ശബ്ദത്തിൽ നിലത്തിരുന്നു. ഹോം വർക്ക് ചെയ്തുകൊണ്ടിരുന്ന മകൾ രംഗം പന്തിയല്ലെന്ന് കണ്ട് കമ്പ്യൂട്ടറിലേക്ക് തലതാഴ്ത്തി . അടുത്തേക്ക് വരുന്ന എന്റെ മുഖഭാവം കണ്ട് മോൻ വല്ലായ്മയോടെ പറഞ്ഞൊപ്പിച്ചു, "എന്റെ ഫ്രണ്ടിനും 19 ആണ് . ടീച്ചർ..പറഞ്ഞത്..ഗുഡ് ജോബ് ആണെന്നാണ്". പേപ്പർ വാങ്ങി ഒരു മയവും ഇല്ലാതെ ഞാൻ അവനോടു ചോദിച്ചു, "5 മാർക്ക് എവിടെപ്പോയി? അശ്രദ്ധയാണ്, അതെങ്ങനാ പഠിക്കണമെന്ന വിചാരം വേണ്ടേ". എന്തോ പറയാൻ വന്ന അവൻ എന്റെ ശബ്ദത്തിന്റെ മൂർച്ച കണ്ട് നിശബ്ദനായി . "ഇതല്ല ഗുഡ് ജോബ്". അവൻ എന്റെ നേരെ നോക്കി തല കുനിച്ചു ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറിപ്പോയി.
അതു വരെ നിശ്ശബ്ദനായിരുന്ന ഭർത്താവ് അടുത്ത് വന്ന് ശാന്തമായി പറഞ്ഞു, "കുഞ്ഞുങ്ങളുടെ മനഃശാസ്ത്രം പഠിച്ചാൽ മാത്രം പോരാ , മനസ്സിലാക്കണം അവരെ . വളരെ സന്തോഷിച്ചാണ് അവൻ പേപ്പറുമായി വന്നത്, ഒരു നിമിഷത്തിൽ തകർന്നുവീണത് അവന്റെ ആത്മവിശ്വാസമാണ് , പ്രതീക്ഷയാണ്. കടലാസ്സിൽ വീഴുന്ന മാർക്കുകൾ എത്രനാൾ നമ്മൾ ഓർത്തിരിക്കും? "
പറഞ്ഞുതീരുന്നതിനുമുമ്പേ ഞാൻ എഴുന്നേറ്റു , അവന്റെ നിറഞ്ഞ കണ്ണുകൾ എന്റെ മനസ്സിൽ തീർത്ത മുറിപ്പാട് നോവിച്ചുകൊണ്ടേയിരുന്നു . ശബ്ദമുണ്ടാക്കാതെ പടികൾ കയറി ഞാൻ മുറിയിൽ എത്തി നോക്കി, കിടക്കയിലിരുന്ന് ടിഷ്യു പേപ്പർ കൊണ്ട് കണ്ണുകൾ അമർത്തിത്തുടക്കുന്നുണ്ട് . എന്നെ കണ്ടതും ചിരിക്കാൻ ഒരു വൃഥാശ്രമം നടത്തി അവൻ . അപ്പോൾ ആണ് ഞാൻ ആ കള്ളം പറഞ്ഞത്, "അമ്മ വെറുതെ കാണിച്ചതാണ്".
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കിക്കിടന്നു , ആ നെറ്റിയിൽ ഒന്നുകൂടി ഉമ്മവച്ചു , പെട്ടെന്ന് ആ കുഞ്ഞിക്കണ്ണുകൾ തുറന്ന് അവൻ പറഞ്ഞു, " അമ്മയ്ക്ക് സങ്കടമായി എന്ന് തോന്നീട്ടാ ഞാൻ കരഞ്ഞത് , അമ്മ സങ്കടപ്പെടണ്ടാട്ടോ, അടുത്ത ടെസ്റ്റിന് ഞാൻ മുഴുവൻ മാർക്കും വാങ്ങിയ്ക്കാം , അമ്മ സങ്കടപ്പെടണത് എനിക്കിഷ്ടമല്ലാ . ഉറങ്ങിക്കോ, അമ്മക്ക് നാളെ ജോലിക്ക് പോകണ്ടേ".
ചേർന്നുകിടന്ന് ഉറങ്ങുന്ന അവനെ നോക്കികിടക്കുമ്പോൾ ഞാൻ വല്ലാതെ ചെറുതായിപ്പോയതുപോലെ തോന്നി . മാർക്കുകളെത്ര വാരിക്കൂട്ടിയാലും മനുഷ്യനായില്ലെങ്കിൽ എന്തു കാര്യം എന്ന് ആ കുഞ്ഞുമുഖത്തെ പാതിമാഞ്ഞ ചിരി എന്നോട് ചോദിച്ചുകൊണ്ടിരുന്നു .