Friday, March 2, 2018

എന്നും ഉറങ്ങാൻ കിടക്കുമ്പോൾ മക്കൾക്കു ചൊല്ലിക്കൊടുക്കുന്ന ചില പ്രാർത്ഥനകളുണ്ട് , അതിനൊപ്പം തന്നെ ഇത്രകൂടി പറയാറുണ്ട് , " എല്ലാകുഞ്ഞുങ്ങളും  സുഖമായിരിക്കണേ, സന്തോഷമായിരിക്കണേ ". ഒരിക്കൽ മോൻ എന്നോട് ചോദിച്ചു, "എന്താ അമ്മാ, കുട്ടികൾ മാത്രം സുഖമായിരുന്നാൽ മതിയോ?" അന്ന് ഞാൻ അവനോടു പറഞ്ഞത് , "കുട്ടികൾ സുഖമാകണമെങ്കിൽ കുടുംബങ്ങൾ സന്തോഷത്തിലാവണം, സമൂഹം സമാധാനത്തിലാവണം, രാജ്യങ്ങൾ സുരക്ഷിതമാവണം " എന്നാണ് . ആ കുഞ്ഞുമനസ്സിന് അത്ര  മനസ്സിലായില്ലെങ്കിലും അവൻ തലയാട്ടി.

ഇന്നു  വൈകിട്ട് കഴിക്കാനിരിക്കുമ്പോൾ ഭർത്താവ് രോഷം കൊണ്ടു ,  "സിറിയയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് കൊല്ലപ്പെടുന്നത്, നരകിക്കുന്നത് , ആർക്കുവേണ്ടിയാണ് ഈ കൊന്നൊടുക്കൽ? ആരാണ് വിജയിക്കുന്നത്? " . കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മകൾ പറഞ്ഞു , "എല്ലാവരും പരാജയപ്പെടുകയാണ്, അല്ലെ അമ്മാ? കൊന്നവരും കൊല്ലപ്പെട്ടവരും " . ഇവൾ എപ്പോഴാണ് ഇത്ര ആഴത്തിൽ ചിന്തിച്ചുതുടങ്ങിയത് എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു . പെട്ടെന്നാണ് മോൻ പറയുന്നത്. "എന്റെ ക്ലാസ്സിലെ അസ്‌വദ് സിറിയയിൽ നിന്നാണ്. ഭാഗ്യം,അവൻ ഇങ്ങോട്ടു വന്നതുകൊണ്ട് മരിച്ചില്ല". ഞാൻ അവന്റെ മുഖത്തേക്ക് നോക്കി . അവൻ തുടർന്നു , "യു നോ, സിറിയ വാസ് എ വെരി ബ്യൂട്ടിഫുൾ പ്ലെയിസ് ബിഫോർ വാർ ". ഭക്ഷണം നിർത്തി അവൻ ചോദിച്ചു, "അമ്മാ , അവിടെ പീസ് കൊണ്ടുവരാൻ ആർക്കും കഴിയില്ലേ?"

ആ ചോദ്യത്തിന്റെ ഉത്തരം വളരെ സങ്കീര്ണമായതുകൊണ്ട് ഒന്നും മിണ്ടാതെ എഴുന്നേറ്റു . "ദൈവം രക്ഷിക്കട്ടെ"എന്നു പറഞ്ഞു ആ ഭാരം ഞാൻ ദൈവത്തെ ഏൽപ്പിച്ചു .

ഭക്ഷണം, വെള്ളം, ശുദ്ധമായ വായു എന്നിവയൊക്കെ ലോകത്തിലെ വളരെ ചെറിയ ഒരു വിഭാഗത്തിന്റെ മാത്രം ആഡംബരങ്ങളാണെന്നും ഇതൊന്നുമില്ലാത്ത അനേകായിരങ്ങൾ ഈ ഭൂമിയിൽ ബാക്കിയുണ്ടെന്നും മക്കൾക്ക് പറഞ്ഞുകൊടുക്കാൻ നിരവധിതവണ ശ്രമിച്ചിരുന്നെങ്കിലും "കുട്ടികളെ വിഷമിപ്പിക്കുന്നതെന്തിനാണ്" എന്ന മറുചോദ്യം എന്നെ തടഞ്ഞു .  പക്ഷേ ഇന്ന്, ടി.വി. ഓൺ ചെയ്ത് അവർക്കു കാർട്ടൂൺ ചാനൽ മാറ്റി ന്യൂസ് ചാനൽ വെച്ചുകൊടുത്തു . ലോകത്തിന്റെ വിവിധ മുഖങ്ങൾ തെളിഞ്ഞപ്പോൾ ,"എനിക്കു ഉറക്കം വരുന്നു" എന്നു പറഞ്ഞു മകൾ വേഗം പോയി. മോനും ടി വി ഓഫ് ചെയ്‌തു മൗനമായി മുറിയിലേക്ക് പോയി.

കിടക്കാൻ നേരം അവൻ പതിവ് പ്രാർത്ഥന ചൊല്ലിയില്ല . ഞാൻ ചൊല്ലുന്നത് കേട്ട് കിടന്നു , അവസാനം ഇങ്ങനെ കൂട്ടിച്ചേർത്തു, " സിറിയ വീണ്ടും ബ്യൂട്ടിഫുൾ ആവണേ , എല്ലാ കിഡ്‌സും ഹാപ്പി ആവണേ ".  ആ കുഞ്ഞുകണ്ണുകളിൽ നിറഞ്ഞ സങ്കടം ഉറക്കത്തിനു വഴിമാറിക്കൊടുത്തു .

അവന്റെ മുഖം നോക്കിക്കിടക്കവേ ഒട്ടനവധി കുരുന്നുകളുടെ കരയുന്ന മുഖങ്ങൾ എന്റെ മുന്നിൽ തെളിഞ്ഞു . അതിൽ കറുത്തവരും വെളുത്തവരും ഉണ്ടായിരുന്നു.  ഭാഷകൾ വ്യത്യസ്തമായിരുന്നെങ്കിലും എല്ലാവരുടെയും  കരച്ചിൽ ഒരേപോലെ ആയിരുന്നു . അവരുടെ ദൈന്യത നിറഞ്ഞ കണ്ണുകൾ എന്റെ കാഴ്ച കെടുത്തി . മോന്റെ  കയ്യിൽ മുറുകെപ്പിടിച്ചു ഞാൻ നെഞ്ചുരുകി  പ്രാർത്ഥിച്ചു, "എല്ലാ കുഞ്ഞുങ്ങളും സന്തോഷത്തോടെ ജീവിക്കണേ ".