Friday, November 2, 2018

ഓ..ക്യാനഡാ...

ഏതാണ്ട് ഒൻപതു വർഷങ്ങൾക്ക്  മുൻപ് ഒരു ആറു വയസ്സുകാരിയെയും മറ്റൊരു കൈക്കുഞ്ഞിനെയും കൊണ്ട് ഭർ ത്താവിനൊപ്പം കാൽഗരിയിൽ  വിമാനമിറങ്ങുമ്പോൾ മനസ്സിന് തെല്ലും സന്തോഷം തോന്നിയില്ല. മറിച്ചു ആശങ്കകളുടെ ഒരു കൂടാരത്തിലേക്കാണ് കാലുകുത്തിയത് . പിറകിലുപേക്ഷിച്ചു പോന്ന നാടും ഉറ്റവരും ജോലിയും പത്രാസ്സുമൊക്കെ വല്ലാത്തൊരു നഷ്ടബോധം നെഞ്ചിൽ ഉണർത്തി . ഒരു വല്യ പൂജ്യത്തിൽനിന്നു തുടങ്ങേണ്ടി വരുമെന്നോർത്തപ്പോൾ ഒക്കെ ഭർത്താവ് പറയുന്നുണ്ടായിരുന്നു, "വേവലാതിപ്പെടാതിരിക്കൂ , ഏതു ജോലിയും ചെയ്യാനുള്ള  മനസ്സും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഈ രാജ്യം നമ്മളെ കൈവിടില്ല ".  ഒൻപതു വർഷങ്ങൾക്കിപ്പുറം , ജോലി കഴിഞ്ഞു വന്നിരുന്ന് ഒരു ചായകുടിച്ചു അലസമായിരിക്കുമ്പോൾ അതു തന്നെയാണ് മനസ്സ് പറയുന്നത്, "മുൻവിധികൾ മാറ്റിവെച്ചു മുന്നോട്ടിറങ്ങു, ഈ രാജ്യം നിങ്ങളെ ചേർത്തുപിടിക്കും ".

പിറന്നുവീണ മണ്ണ് എന്നും പ്രിയപ്പെട്ടത് തന്നെ. ഒരവസരം കിട്ടിയാൽ തിരിച്ചുപറന്നു കാടും പുഴയും മലയും മഴയും കണ്ട് ആ മണ്ണിൽത്തന്നെ അലിഞ്ഞുചേരുക എന്നത് തന്നെയാണ് എന്റെയും സ്വപ്നം . അതോടൊപ്പം ഇവിടെനിന്നും കിട്ടിയ ചില നന്മകൾ അങ്ങുവരേക്കും കാത്തുസൂക്ഷിക്കണമെന്നും ഞാൻ ഉറപ്പിക്കുന്നു.

കാനഡ നമ്മെ പഠിപ്പിക്കുന്ന ചെറിയ രണ്ടു "വല്യ"കാര്യങ്ങളാണ് ഏതൊരു ചെറിയ ഉപകാരത്തിനും നന്ദി പറയാനും  ഏറ്റവും  ചെറിയ തെറ്റിനുപോലും ക്ഷമ ചോദിക്കാനുമുള്ള മര്യാദ . ആദ്യമാദ്യമൊക്കെ അതൊരു വല്ലാത്ത ഔപചാരികതയായി തോന്നുമെങ്കിലും നമ്മളും അതിന്റെ ആ മഹത്വത്തെ താമസിയാതെ അംഗീകരിച്ചുപോകും . അനവസരത്തിലുള്ള ഒരു നോട്ടത്തിനോ ഇടയിൽ കയറിയുള്ള സംസാരത്തിനോ ഒക്കെ നമ്മളും "സോറി" പറഞ്ഞുതുടങ്ങും.

ഓരോരുത്തർക്കും മറ്റുള്ളവരോടുള്ള ആദരവ് , അത് നമ്മളെ അദ്‌ഭുതപ്പെടുത്തുക തന്നെ ചെയ്യും . ഓരോ യാത്രക്കാരനും ബസ്സിൽ കയറുമ്പോൾ സ്വാഗതം ചെയ്യുന്ന ബസ് ഡ്രൈവറെ കാണുമ്പോൾ നാട്ടിലെ "കിളി"യുടെ പൂരപ്പാട്ടും ഡ്രൈവറുടെ അഭ്യാസങ്ങളും ഓർമ്മയിൽ പൊങ്ങിവരും. താരതമ്യം ചെയ്യലല്ല, എങ്കിലും മനുഷ്യനെ മനുഷ്യനായിക്കാണാൻ നമ്മുടെ നാട് പഠിക്കേണ്ട നേരം അതിക്രമിച്ചിരിക്കുന്നു.

ഗതാഗത മര്യാദകൾ മറ്റൊന്നാണ്, അലറിപ്പാഞ്ഞുപോകുന്ന ആംബുലൻസോ അത്യാവശ്യത്തിനു പോകുന്ന പൊലീസ് വാഹനങ്ങളോ അല്ലാതെ മറ്റൊരു വാഹനവും അനുവദനീയമായതിൽ കൂടുതൽ വേഗതയിൽ പോകുന്നത്  നിങ്ങൾക്കു കാണാനാവില്ല. അമിതവേഗതയ്ക്ക് ഉയർന്നനിരക്കിലുള്ള പിഴ ഈടാക്കുന്നതാണ്. അനാവശ്യമായ ഹോണടികളോ കുത്തിതിരുകലുകളോ മറികടക്കലുകളോ ഇല്ല. കർശനമായ ഗതാഗതനിയമങ്ങൾ തന്നെ കാരണം. വാഹനപരിശോധനയുടെ സമയത്തു 50 ഡോളർ കൊടുത്താൽ കണ്ണടയ്ക്കുന്ന ആ വിദ്യ കടൽ കടന്ന് ഇതുവരെ ഇവിടേക്കെത്താത്തതുകൊണ്ട് നിയമപാലകർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നു.

ഇതൊക്കെയായാലും ജോലിക്ക്‌ വൈകിയിറങ്ങുന്ന വേളയിൽ എം ജി റോഡിലൂടെ തലങ്ങനേയും വിലങ്ങനേയും പായുന്ന ഓട്ടോറിക്ഷകൾ എനിക്ക് ഇടയ്ക്കിടെ മിസ്സ് ചെയ്യുക തന്നെ ചെയ്യും.

ഏതൊരു ജോലിയും അന്തസ്സുള്ളതാണ് ഇവിടെ. ആരും ആരെക്കാളും താഴെയല്ല . ഒരു പുഞ്ചിരിയുടെ അടുപ്പത്തിൽ എല്ലാവരും അഭിവാദ്യം ചെയ്യുന്നു .

ഭരണസംവിധാനങ്ങൾ വളരെ സുതാര്യമാണ് . ഒരു ഗവണ്മെന്റ് ഓഫീസിലും നമുക്ക് ശുപാർശയുമായി ചെല്ലേണ്ടതില്ല, കാര്യങ്ങൾ നടക്കാൻ. നിയമപരമായി എല്ലാം അതിന്റെ വഴിയേ പോകും.  നിയമം പാലിക്കാൻ വേണ്ടി തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് .

മക്കളെയും കൂട്ടി ഇവിടേയ്ക്ക് ചേക്കേറുന്ന മലയാളീകുടുംബങ്ങൾ അനുഭവിക്കുന്ന ചില ടിപ്പിക്കൽ ടെൻഷനുകളും ഇവിടെയുണ്ട്.

ഒന്നാം ക്‌ളാസ്സുമുതൽ പുസ്‌തകചുമടെടുത്തു ശീലിച്ച നമ്മളെ അത്ഭുതപ്പെടുത്തും സ്കൂളുകൾ. ചെറിയ ക്ലാസ്സുകളിൽ വല്യ ഹോംവർക്കുകളോ പരീക്ഷകളോ ഇല്ല. അത് നല്ലതോ ചീത്തയോ എന്ന തർക്കം നിലനിൽക്കെത്തന്നെ, കുട്ടികൾ പല പ്രായോഗിക കാര്യങ്ങളും അക്കാലഘട്ടത്തിൽ പഠിക്കുന്നെന്നു സമ്മതിക്കാതെ വയ്യ. കാര്യങ്ങളെ ലളിതമായിക്കാണുക , പരിഹരിക്കുക.

 മുതിർന്നവരോ അതിഥികളോ വീട്ടിലേക്കു കയറിവരുമ്പോൾ നിങ്ങളുടെ കുട്ടികൾ ചാടിയെണീറ്റ് ബഹുമാനം കാണിക്കുമെന്നോ ഉപചാരപൂർവ്വം  സ്വാഗതം ചെയ്യുമെന്നോ നിങ്ങൾ പ്രതീക്ഷിച്ചുപോകരുത്, അവരെ പരിശീലിപ്പിക്കാത്തിടത്തോളം .  അത്തരം പ്രകടനങ്ങളിലൊന്നും ഇവർ വിശ്വസിക്കുന്നില്ല തന്നെ.

അവനവന്റെ സ്വകാര്യതയിലേക്കുള്ള ഒരു കടന്നുകയറ്റവും ആളുകൾ സഹിക്കില്ല, അത് ഭർത്താവായാലും ഭാര്യയായാലും മക്കളായാലും ശരി. ബന്ധങ്ങൾക്കുള്ള മലയാളി ടച്ച് പ്രതീക്ഷിക്കേണ്ട.

അധ്യാപകരെ കാണുമ്പോൾ എഴുന്നേറ്റു നിന്ന് "സാർ " എന്ന് വിനയപൂർവം വിളിക്കുന്ന ആ വിളി കേൾക്കാമെന്നു കരുതി അദ്ധ്യാപക രക്ഷാകർതൃ മീറ്റിങ്ങിനു ചെല്ലുന്ന നമ്മളെ അന്തം വിടീച്ചു സ്വന്തം അദ്ധ്യാപകനെ "മിസ്റ്റർ സ്റ്റീവ് " എന്ന് വിളിച്ചു തോളത്തു കയ്യിടുന്നതും നമ്മുടെ കുട്ടികൾ തന്നെ.

കുട്ടികൾ, അവർ  വളരുന്ന സമൂഹത്തിനനുസരിച്ചു മാറുമ്പോൾ കരഞ്ഞുവിളിച്ചു നാട്ടിലേക്കുള്ള പെട്ടി കെട്ടാതെ ചില കാര്യങ്ങൾ മുൻകൂട്ടി ശ്രദ്ധിക്കുന്നതും നല്ലതാണ്.

"പണ്ട് ഞാനൊക്കെ പഠിച്ചപ്പോൾ.." എന്നു തുടങ്ങുന്നതായ എല്ലാ വാചകങ്ങളും മറന്നേക്കുക. ഒരിയ്ക്കലും ഉപയോഗിക്കാതിരിക്കുക. അത് കേൾക്കാൻ നിങ്ങളുടെ കുട്ടികൾ ഒരിയ്ക്കലും ഇഷ്ടപ്പെടുന്നില്ലെന്ന് മാത്രമല്ല, "പണ്ടത്തെ" ആ നാടിനെപ്പോലും അവർ വെറുത്തുപോകും. മാത്രമല്ല, നമ്മളുടെ ആ സഹനങ്ങൾക്കൊന്നും ഇവിടെ വല്യ പ്രസക്തി ഇല്ല താനും.

കുഞ്ഞുങ്ങളോട് സംസാരിക്കുക, ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ ചോദിച്ചറിയുക. അതൊരു പോലീസ് മുറ ചോദ്യം ചെയ്യലാവരുത് , ഒരു സുഹൃത്തായി സംസാരിക്കുക. കൊച്ചുകൊച്ചു നേട്ടങ്ങൾ പോലും വിലമതിക്കുക, ഓരോ നല്ല കാര്യത്തിനും അഭിനന്ദിക്കുക. തെറ്റുകൾ എന്താണെന്ന് മനസ്സിലാക്കിക്കുക.

വീട്ടിൽ മാതൃഭാഷ പറയുന്നത് ശീലിപ്പിക്കുക, ഇംഗ്ലീഷ് അവർ എങ്ങനെയും പഠിക്കും. മലയാളം കൈവിട്ടുപോയാൽ അതൊരു സംസ്കാരം തന്നെ അന്യമാകലാകും .  മാത്രമല്ല, വീട്ടിൽ മാതൃഭാഷ സംസാരിക്കുന്ന കുട്ടികൾ കൂടുതൽ പ്രാഗത്ഭ്യം ഉള്ളവരാകുമെന്ന് അടുത്തകാലത്തെ ഗവേഷണങ്ങൾ തെളിയിച്ചിട്ടുമുണ്ട്.

ജന്മനാടുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുക, മുത്തച്ഛനോടും മുത്തശ്ശിയോടുമൊക്കെ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക , അതു വഴി അവർ നേടുന്നത് പലതാണ്, ആ വാത്സല്യം, നന്മ, നാടിനെക്കുറിച്ചുള്ള നല്ല സങ്കൽപ്പങ്ങൾ .

ഇടയ്ക്കിടെ യാത്രകൾ പോവുക, അത് നാട്ടിലേക്കോ മറ്റെവിടേക്കോ ആവട്ടെ. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ഊഷ്മളത കൈവരിക്കാനും യാത്രകൾ വളരെ നല്ലതാണ്.

നമ്മുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായ പ്രതികരണങ്ങളിൽ ഹൃദയം തകർന്നു പോവാതിരിക്കുക, അവരെ കേൾക്കുക, ഒരു നല്ല ശ്രോതാവാവുക, ജനറേഷൻ ഗ്യാപ് നമ്മൾ മനസ്സിലാക്കാൻ ശ്രമിയ്ക്കുക , കുട്ടികളുടെ അഭിപ്രായങ്ങളും ഇടയ്ക്കിടെ പരിഗണിക്കുക, അവരെ ബഹുമാനിക്കുക  - അവർ നിങ്ങളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യും.

ഇതൊക്കെയായാലും ചിലപ്പോഴെല്ലാം ആ "കൾച്ചറൽ ഷോക്ക് " നമുക്കിങ്ങനെ ഉണ്ടായിക്കൊണ്ടേയിരിക്കും. അപ്പോഴൊക്കെ ഓർക്കുക , ഇതല്ല ജീവിതത്തിന്റെ അവസാന വാക്ക് .  ഭാഷയോ ഭാവിയോ ഒന്നും നിശ്ചയമില്ലാതെ,  ഈ ഭൂഗോളത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഒരു സുപ്രഭാതത്തിൽ ആത്മവിശ്വാസത്തിന്റെ മാത്രം ബലത്തിൽ നമ്മൾ ഇവിടെയെത്തിയില്ലേ, അ തിലും വല്യ വെല്ലുവിളികളൊന്നും നമുക്ക് വരാനില്ല, നമ്മളിതിനെയും അതിജീവിക്കും.