ചില അറിവുകൾ അങ്ങനെയാണ്, അത് നമ്മളിൽ ഉണ്ടാക്കുന്ന ഞെട്ടൽ വലുതാണ്. അത്തരമൊരു ബോംബാണ് ഇന്ന് എന്റെ ചെവിയിൽ വന്നു വീണത് .
ഒട്ടനവധി തവണ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചു അവർ പരാമർശിച്ചത് എന്നിൽ അദ്‌ഭുതം ജനിപ്പിച്ചു . എന്റെ ആകാംക്ഷ കണ്ടിട്ടാവണം അവർ പറഞ്ഞത് , "എന്റെ 'അമ്മ ജനിച്ചത് കൽക്കട്ടയിലാണ്. അമ്മയുടെ മാതാപിതാക്കൾ അവിടെയായിരുന്നു ബിസ്സിനസ്സ് ചെയ്തിരുന്നത്".
ഉച്ചയ്ക്ക് കഴിക്കാനിരിക്കുമ്പോൾ വീണ്ടും അവരെന്നോട് ഇന്ത്യയെക്കുറിച്ചു വാ തോരാതെ സംസാരിച്ചു . കൽക്കട്ടയെക്കുറിച്ചു ചോദിച്ചറിഞ്ഞു . ഇന്ത്യൻ സാഹിത്യം, കലകൾ എല്ലാം അവർക്കു ഏകദേശം മനഃപ്പാഠമായിരുന്നു . കൽക്കട്ട ഇന്ത്യയുടെ ഒരു സാംസ്കാരിക കേന്ദ്രമാണെന്നും എന്നെങ്കിലും അവിടെ പോകണമെന്നും ഞാൻ അവരോടു പറഞ്ഞു . അവർ ഒന്നു മന്ദഹസിച്ചു , പിന്നെ പറഞ്ഞുതുടങ്ങി .
"വളരെ ക്ലേശകരമായ ഒരു ബാല്യമായിരുന്നു എന്റെ അമ്മയുടേത് . അമ്മമ്മ അമ്മയ്ക്ക് ഏഴുവയസ്സുള്ളപ്പോൾ കുടുംബത്തെ ഉപേക്ഷിച്ചു പോയി. കുറച്ചുകഴിഞ്ഞപ്പോൾ അച്ഛനും . വലിയ സമ്പത്തിൽ വളർന്നിട്ട് പെട്ടെന്നൊരുദിവസം അനാഥത്വത്തിലേക്കും ദാരിദ്ര്യത്തിലേക്കും എറിയപ്പെടുക . ജീവിതം വഴിമുട്ടിനിന്നപ്പോളെല്ലാം അമ്മയ്ക്ക് വാശിയായിരുന്നു തോറ്റുകൊടുക്കില്ലെന്ന് . അനാഥാലയത്തിൽ കുറേക്കാലം. മുപ്പതു വയസ്സുവരെ അമ്മ കൽക്കട്ടയിൽ ജീവിച്ചു. അതിനിടെ എന്റെ അച്ഛനെ കണ്ടുമുട്ടി. അച്ഛൻ ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് പോയ കപ്പലിലെ കപ്പിത്താൻ ആയിരുന്നു . പിന്നീട് അവർ വിവാഹം കഴിച്ചു, ലണ്ടനിലേക്ക് മടങ്ങി ".
കഥ കേട്ടിരുന്ന എന്റെ നേരെ നോക്കി അവർ തുടർന്നു . " അമ്മ എപ്പോഴും എനിക്കൊരു അദ്‌ഭുതമായിരുന്നു. എന്തു പ്രശ്നങ്ങളെയും അവർ ധീരമായി നേരിട്ടു . മക്കളെ ഒരുപാട് ജീവിതപാഠങ്ങൾ പഠിപ്പിച്ചു. ഞങ്ങളുടെ ഓരോ നിശ്വാസവ്യതിയാനവും തിരിച്ചറിഞ്ഞു . കയ്പ്പേറിയ ബാല്യവും യൗവ്വനവും ഞങ്ങളെ പറഞ്ഞുകേൾപ്പിച്ചു. പിന്നീട് ജർമ്മനി ഇംഗ്ലണ്ടിനെ ആക്രമിച്ചപ്പോൾ കുട്ടികളുടെ സുരക്ഷിതത്വത്തെക്കരുതി അവർ വാൻകോവേറിലേക്കു ജീവിതം പറിച്ചുനട്ടു . ഒറ്റപ്പെട്ടുപോയ സ്വന്തം ബാല്യം അവരെ അതിനു പ്രേരിപ്പിച്ചിരിക്കാം. അമ്പതാമത്തെ വയസ്സിൽ അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ ഞാനും ഭർത്താവും അവരുടെയടുത്തേക്കു താമസം മാറ്റി . കുറെ നാൾ ശുശ്രുഷിച്ചു . കിടപ്പായിരുന്നിട്ടും സഹായിക്കാൻ ആരും തൊടുന്നത് അമ്മക്കിഷ്ടമില്ലായിരുന്നു . അച്ഛൻ അമ്മയെ ഒരിയ്ക്കലും ഒറ്റയ്ക്കാക്കിയില്ല . വല്യ സ്നേഹമായിരുന്നു .അച്ഛനോട് മാത്രം ശാഠ്യങ്ങളൊന്നും കാണിച്ചില്ല. അങ്ങനെ രണ്ടുവർഷം.... ഞങ്ങളുടെയെല്ലാം ജീവിതത്തിൽ നികത്താനാവാത്ത ഒരു ശൂന്യത ബാക്കിവെച്ചു അമ്മ കടന്നു പോയി. മരണത്തിലും അവർ അങ്ങനെ ചിരിച്ചുകിടന്നു . അച്ഛൻ ഇപ്പോഴുമുണ്ട്, തൊണ്ണൂറ്റൊന്നു വയസ്സായി, ".
ഭക്ഷണം കഴിച്ചുതീർത്തു ഐലിൻ എഴുന്നേറ്റു , "എനിക്കും പോകണം അമ്മയുടെ ഓർമ്മകളിലെ കൽക്കട്ട കാണാൻ. അമ്മയുടെ വാക്കുകളിലൂടെ മനസ്സിൽ പതിഞ്ഞ കൽക്കട്ട കാണാൻ . അമ്മയുടെ അസുഖം പറയാൻ മറന്നു," ഐലിൻ ഒന്ന് നിർത്തി എന്റെ തോളിൽ കൈവച്ചു, നേരെ നോക്കി , "എയ്ഡ്സ് ആയിരുന്നു , ഷി വാസ് ....... എ പ്രോസ്ടിട്യൂറ്റ്,
ബട്ട്.... ആൻ അമേസിങ് പേഴ്സൺ "
എന്റെ ഞെട്ടൽ അവരെ ബാധിച്ചതേയില്ല. അഭിമാനപൂർവ്വം നടന്നുപോകുന്ന ആ മകളെ കണ്ടപ്പോൾ , കൽക്കട്ട എന്റെ ചിന്തകളിൽ നിന്നും മറഞ്ഞുപോയി . എന്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറയുന്നതെന്തിനാണെന്ന് ഞാൻ അത്ഭുതപ്പെട്ടു .