ട്രെയിനിലെ യാത്രക്കാർ മുഴുവനും അവരെത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . ഒരു അച്ഛനും മകനും . കഷ്ടി രണ്ടു വയസ്സുകാണും കുഞ്ഞിന്. ട്രെയിനിൽ കയറിയപ്പോൾ മുതൽ ഒരേ കരച്ചിലാണ് .അവന്റെ സ്വർണ്ണത്തലമുടി പാറിപ്പറന്നിരിക്കുന്നു . പൂപോലുള്ള കുഞ്ഞുമുഖം മുഴുവൻ ചുവന്നിട്ടുണ്ട് . ആ അച്ഛൻ മോനെ തന്റെ നെഞ്ചോടു ചേർത്തുതന്നെ പിടിച്ചിട്ടുണ്ട് , ആർക്കും വിട്ടുകൊടുക്കില്ലൊന്നൊരു ഭാവത്തിൽ .
ഇടയ്ക്കു ഒന്നു രണ്ടു സ്ത്രീകൾ അവന്റെ നേരെ നോക്കി കൈവീശുകയും പുഞ്ചിരിക്കുകയും ചെയ്തപ്പോൾ അവൻ കരച്ചിൽ നിർത്തി അച്ഛനോടു പറ്റിപ്പിടിച്ചിരുന്നു . ഒളികണ്ണാൽ മറ്റുള്ളവരെ ഒന്ന് നോക്കി . കുഞ്ഞു കരച്ചിൽ നിർത്തിയപ്പോൾ ആശ്വാസത്തോടെ അയാൾ നെടുവീർപ്പിട്ട് അവന്റെ നെറ്റിയിൽ ഉമ്മ വച്ചു . അവൻ അച്ഛന്റെ മൂക്കിലും ചെവിയിലുമൊക്കെ പിടിച്ചു കളിതുടങ്ങി .
ഞാൻ അയാളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു , വളരെ ക്ഷമയോടെ കുഞ്ഞിന്റെ ഓരോ കളിയും ആസ്വദിക്കുന്നു . വളരെ കരുതലോടെ അവനെ ചേർത്തു പിടിക്കുന്നു . സാധാരണനിലയിൽ നമ്മളൊന്നും കാണാതെപോകുന്ന ഒരു ചിത്രം - അച്ഛന്റെ സ്നേഹം.
കഴിഞ്ഞ ദിവസം അമ്മയെക്കുറിച്ചെഴുതിയപ്പോൾ ശ്രീജിത് ചോദിക്കുന്നുണ്ടായിരുന്നു , അച്ഛൻ എന്തേ ഒഴിവാക്കപ്പെടുന്നു എന്ന് . ആ ചോദ്യം വീണ്ടും മുന്നിൽ വന്ന് എന്നെ തുറിച്ചുനോക്കി..
അച്ഛൻ പലർക്കും കാർക്കശ്യത്തിന്റെ രൂപമാണ് , അനുവാദം ചോദിക്കാനും പണം തരാനും ഉള്ള ഒരാൾ . ഒട്ടേറെ അരുതുകൾ മുന്നിൽ വയ്ക്കുന്ന ഒരാൾ , ഒടുവിൽ വയസ്സാകുമ്പോൾ പേരക്കുട്ടികൾക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള സ്നേഹം നിറഞ്ഞ അപ്പൂപ്പൻ .
ശരിക്കും അച്ഛൻ എപ്പോഴും സ്നേഹത്തിന്റെ നിറകുടം തന്നെ. പക്ഷേ , പലപ്പോഴും അത് പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടാത്തവർ . മക്കൾക്ക് അപകടം സംഭവിക്കുമോ എന്ന് ഭയപ്പെട്ട് പലതിനും "അരുത് " പറയുന്നവർ. ഒരു ചെറിയ വീഴ്ച്ചയിൽപോലും നമ്മെ താങ്ങുന്നവർ . മിക്കപ്പോഴും പ്രിയപ്പെട്ടവരുടെ മനസ്സിൽ പോലും ഇരിപ്പിടങ്ങൾ നഷ്ടപ്പെടുന്നവർ .
എനിക്ക് അച്ഛൻ എന്നും ഒരു ആത്മവിശ്വാസമാണ്, മുന്നോട്ടിറങ്ങാൻ ഉള്ള ധൈര്യം . എത്ര ദൂരെയായാലും ഒരു ഹൃദയമിടിപ്പിന്റെ അകലത്തിൽ അനുഭവപ്പെടുന്ന സാമീപ്യം.
സാധാരണയായി കിടക്കുംമുമ്പ് ഉറങ്ങുന്ന ഒരാൾ , മോനൊരു ചുമ വന്നാൽ അല്ലെങ്കിൽ മോൾക്കൊരു പനി വന്നാൽ രാത്രി ഇടയ്ക്കിടെ എഴുന്നേറ്റ് അവർക്കു കുഴപ്പമൊന്നുമില്ലെന്നു ഉറപ്പുവരുത്തുന്ന സ്വന്തം വീട്ടിലെ കാഴ്ച്ചയും അതു തന്നെയാണ് എന്നോടു പറയുന്നത് . പാതിയുറക്കത്തിൽ ഞാൻ കാണുന്ന ആ കാഴ്ച്ച എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് . അച്ഛൻ, കൊട്ടിഘോഷിക്കപ്പെടാത്ത ഒരു കഥാപാത്രമാണ് , പക്ഷേ തിരക്കഥാകൃത്തും സംവിധായകനുമാണ്. ഇരിപ്പിടങ്ങൾ മനസ്സിന് പുറത്തല്ല, നമ്മുടെ ഓരോ നിശ്വാസത്തിലുമാണ് അവർക്കു കൊടുക്കേണ്ടത് .
കുഞ്ഞുറങ്ങിക്കഴിഞ്ഞിരിക്കുന്നു , ഞാൻ ഇറങ്ങുന്ന സ്റ്റേഷനിൽത്തന്നെ അയാളും ഇറങ്ങി. നേർത്ത മഞ്ഞു പൊടിയുന്നുണ്ടായിരുന്നു , അയാൾ തന്റെ ജാക്കറ്റ് തുറന്ന് മോനെ ഒന്നുകൂടി പൊതിഞ്ഞു പിടിച്ചു . ലോകത്തു മറ്റൊരിടത്തും കിട്ടാത്ത സുരക്ഷിതത്വത്തിൽ മയങ്ങുന്ന ആ കുഞ്ഞിനോട് എനിക്കെന്തോ അസൂയ തോന്നി.
ആൾക്കൂട്ടത്തിൽ അച്ഛന്റെ കൈയ്യിലെ പിടുത്തം നഷ്ടപ്പെട്ട ഒരു കുട്ടിയെപ്പോലെ ഞാൻ നടന്നു .