Saturday, November 18, 2017

പതിനേഴു വർഷത്തിനു ശേഷം ഇന്ത്യക്കു വീണ്ടും ലോകസുന്ദരിപ്പട്ടം കിട്ടിയത്രേ . "സ്വപ്നകിരീടം" സ്വന്തമാക്കിയ പെൺകുട്ടിക്കും ആ പെൺകുട്ടിയെ സ്വന്തമാക്കിയ നമ്മുടെ നാടിനും അഭിമാനമുഹൂർത്തം . അതിലുപരി, സുന്ദരിപ്പട്ടത്തിലേക്കു കണ്ണും നട്ടിരിക്കുന്ന ഭാവി സുന്ദരികൾക്ക് പ്രതീക്ഷയുടെ പൊൻവെളിച്ചം..

ഇതിലൊന്നും എനിയ്ക്കൊരു എതിർപ്പുമില്ല. മാത്രമല്ല, പുതിയ സുന്ദരിയെ എനിക്കങ്ങോട്ടു ഇഷ്ടപ്പെടുകയും ചെയ്തു. പിന്നെ ആ അവസാന ചോദ്യത്തിന്റെ ഉത്തരം, അത് പലരെയും  വീഴ്ത്തിക്കളഞ്ഞു . "ലോകത്തിൽ ഏറ്റവും പ്രതിഫലം അർഹിക്കുന്ന ജോലി എന്ത് " എന്നതിന് "'അമ്മ" എന്ന ഉത്തരം. അതൊരു ജോലിയാണോ എന്ന് നാഴികക്ക് നാല്പതുവട്ടം ചോദിച്ചിരുന്നു മഹാനുഭാവന്മാരൊക്കെ ലോകസുന്ദരിയുടെ ഉത്തരത്തോടെ മൗനികളായി തലയാട്ടി.

എന്റെ പ്രശ്നം ഇതൊന്നുമല്ല. സൗന്ദര്യത്തിന്റെ അളവുകോൽ എനിക്കങ്ങോട്ടു പിടിച്ചിട്ടില്ല. അളന്നും തൂക്കിയും സൗന്ദര്യം പറയുന്ന രീതി ഇല്ലാത്ത പഴഞ്ചൻ മനഃസ്ഥിതിയായതുകൊണ്ടാവാം .    മുഖത്ത് നിറയുന്ന നിറങ്ങൾ, കാലിയാക്കുന്ന കീശകളുടെ ദീനരോദനം ഓർത്തുമാകാം. സർവോപരി അവ സൃഷ്ടിക്കുന്ന മായാലോകത്തിന്റെയും മത്സരബുദ്ധിയുടെയും അപകടഭീതി കണ്മുന്നിൽ തെളിയുന്നതുകൊണ്ടുമാകാം.

എന്താണ് സൗന്ദര്യം, അതിനെ ഒരു സ്കെയിൽ വച്ച് അളക്കാനാകുമോ , അളക്കേണ്ടതുണ്ടോ ഇതൊക്കെ  മുൻപേതന്നെ ചർച്ച ചെയ്തു തളർന്നതാണ് . കിട്ടാത്ത മുന്തിരി പുളിക്കും എന്നൊക്കെപ്പറഞ്ഞു ചിലരെങ്കിലും അടിച്ചിരുത്തും. എങ്കിലും പറയാതെ വയ്യ, പ്രത്യേകിച്ചും ഈ "അഭിമാന മുഹൂർത്തത്തിൽ".

സൗന്ദര്യത്തെക്കുറിച്ചുള്ള നമ്മുടെ ചിന്ത നിറത്തിൽ തുടങ്ങുന്നു, വെളുത്ത പെണ്ണുവേണം എനിക്ക് എന്നു പറയുമ്പോൾ നിറം കുറഞ്ഞ നമ്മുടെ സ്വന്തം അമ്മയെയോ പെങ്ങന്മാരെയോ നമ്മളെ തന്നെയോ നമ്മൾ മറന്നുപോവുന്നു .
 "മോന് കുഞ്ഞുണ്ടായീട്ടോ" എന്ന് പറയുമ്പോൾ  "നിറം എങ്ങനെ, വെളുത്തതാ?" എന്ന ചോദ്യത്തിൽ നിന്നും നമ്മൾ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. സൗന്ദര്യത്തിനു, നിറം ഒരു അളവുകോലാവരുത്.

നല്ല പെരുമാറ്റവും, മനോഭാവവും ആവണം അതിൽ മുഖ്യം. കണ്ണുകൾ തിളങ്ങേണ്ടത് "ലാക്മെ"യുടെ മാത്രം പിൻബലത്തിലാവരുത് , ആത്മവിശ്വാസത്തിന്റെ തിളക്കമാവണം അത് . സമൂഹത്തിനു മുന്നിൽ നമ്മെ വലിയവരാക്കുന്നത് ഇട്ടിരിക്കുന്ന ഉടുപ്പുകളുടെ ബ്രാൻഡുകൾ  അല്ല , നമ്മെ നാം എങ്ങിനെ രൂപപ്പെടുത്തുന്നു എന്നതാണ് . തല ഉയർത്തിനിൽക്കുമ്പോഴും ഭൂമിയാണ് നമ്മെ താങ്ങുന്നതെന്ന തിരിച്ചറിവാണത് .

നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് സുന്ദരന്മാരും സുന്ദരികളുമാക്കാം , അതിനു കൂർത്ത മുനകളിൽ അവർ എല്ലൊടിഞ്ഞു നടക്കേണ്ടതില്ല , പാകമല്ലാത്ത ഉടുപ്പുകളിൽ നാണം മറയ്ക്കാൻ പാടുപെടേണ്ടതുമില്ല  . അവരെ നല്ല മനുഷ്യരാക്കി വളർത്തിയാൽ മതി . സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചാൽ മതി . എരിയുന്ന വയറിനും നീട്ടുന്ന കൈകൾക്കും താങ്ങാവണം എന്ന് ഓര്മിപ്പിച്ചാൽ മതി . അതിനു പത്തും പതിനേഴും വർഷങ്ങൾ കാത്തിരിക്കേണ്ടതില്ല .