അങ്ങനെയുള്ളൊരു കാലത്താണ് ഈ കഥയിലെ രാജകുമാരനും രാജകുമാരിയും കണ്ടുമുട്ടുന്നത് ..
ആ നിമിഷത്തിൽ കാലം നിശ്ചലമായൊന്നുമില്ല. ചുറ്റുപാടുനിന്നും ബാൻഡ്‌മേളവുമായി സുന്ദരികളായ തോഴിമാർ ആടിപ്പാടിവരികയോ പ്രണയം പെയ്തിറങ്ങുകയോ ചെയ്തില്ല. ആകെയുണ്ടായത് കലാലയത്തിന്റെ പടികളിറങ്ങിവന്ന പെൺകുട്ടി താഴെനിന്നും പടികൾ കയറിയെത്തിയ ആൺകുട്ടിയുടെ മുഖത്തേയ്ക്ക് അറിയാതൊന്നു നോക്കുകയും ആൾ ഒട്ടും ശാന്തമല്ലാത്ത ഒരു മുഖഭാവത്തോടെ മുന്നോട്ടുപോവുകയുമാണ് .
കാലം പിന്നെയും ഒരു ദയയുമില്ലാതെ അനസ്യൂതം ഒഴുകുകയും പുഴയിലെ മിനുസമാർന്ന വെള്ളാരങ്കല്ലുകൾ പോലെ ആ ഒഴുക്കിൽ അവർ ഇരുവരും പരുക്കൻ മുഖങ്ങളെല്ലാം മാറ്റി സൗഹൃദത്തിലാവുകയും ചെയ്തു. ഏതൊരുപുഴയും ഒഴുകി ഒടുവിൽ കടലിലേക്കാണെത്തുക , അത് പോലെ ആ സൗഹൃദപ്പുഴയും രൂപം മാറി ഒടുവിൽ പ്രണയക്കടലിലെത്തുകതന്നെ ചെയ്തു.
പ്രണയം, തോഴി, വില്ലൻ, വിരഹം , പൊട്ടൽ, ചീറ്റൽ - ഒരു സിനിമയ്ക്കുവേണ്ട ഒട്ടു മിക്ക ചേരുവകളുണ്ടായിരുന്നിട്ടും അവസാനം അവാർഡുപടമാകാതെ ഒരു കുടുംബചിത്രമായി ആ പ്രണയത്തിനു ശുഭപര്യവസാനവുമായി.
തിയേറ്ററിലായിരുന്നെങ്കിൽ ആ "ശുഭം" എഴുത്തോടെ കാണികൾ ആശ്വാസനിശ്വാസവുമായി എഴുന്നേൽക്കും . ഇനിയങ്ങോട്ട് നായകനും നായികയും പ്രണയിച്ചുജീവിച്ചു പണ്ടാരമടങ്ങട്ടെ എന്നങ്ങു തീരുമാനിക്കും.
പക്ഷേ , ഇവിടെ കഥ യഥാർത്ഥത്തിൽ തുടങ്ങുന്നത് തന്നെ ആ എഴുത്തോടെയാണ്.
ജനിച്ചുവളർന്ന മണ്ണിൽ നിന്നും പറിച്ചുനടുമ്പോൾ ഏതൊരു ചെടിയും കുറച്ചു ദിവസ്സത്തേയ്ക്കു വാടിനില്കും. ചെടി കൊണ്ടുപോയി നട്ടവർ കൃത്യമായി അതിനു വെള്ളവും വളവുമൊക്കെ കൊടുത്തു നന്നാക്കി എടുക്കണം.
പിരിഞ്ഞുവന്ന വീടും കയറിയെത്തിയവീടും കുറെ നാൾ നമ്മുടെ മനസ്സിലിങ്ങനെ വിശകലനത്തിനും മാർക്കിടീലിനും വിധേയമായിക്കൊണ്ടിരിക്കും. ആരെന്തു പറഞ്ഞാലും "അതെന്നെയാണോ?" എന്ന സംശയം ഇങ്ങനെ ഉയർന്നുവന്നുകൊണ്ടേയിരിക്കും.
ഇതിനിടയിൽ രാജകുമാരൻ വെറും കുമാരൻ മാത്രമല്ലെന്നും മകനും സഹോദരനും സുഹൃത്തുമൊക്കെയായി അഞ്ചാറു റോളുകളിൽ തകർത്താടുന്ന ആളാണെന്നും മനസ്സിലാക്കാൻ വല്ലാതെ പാടുപെടും. ഇനി മനസ്സിലായാൽ തന്നെ ,"അതൊക്കെ പണ്ട്, ഇന്നിപ്പോൾ ഭർത്താവിന്റെ ഒരൊറ്റ റോൾ മതി " എന്ന് തീരുമാനിച്ചു തുടങ്ങുന്നിടത്തു ഡയറക്ടർ "ശുഭം" ബോർഡിൻറെ തുടക്കത്തിൽ ഒരക്ഷരം എഴുതിച്ചേർക്കും "അശുഭം".
എന്തായാലും ഇവിടെ അതുണ്ടായില്ല. മുഖം കറുപ്പിക്കലുകളും കണ്ണുനിറയ്ക്കലുകളുമൊക്കെ വന്നുംപോയുമിരുന്നെങ്കിലും രാജകുമാരൻ അതിസമര്ഥനായിരുന്നതുകൊണ്ടു ആ കൂട്ടിച്ചേർക്കലങ്ങു ഒഴിവായിക്കിട്ടി. പ്രണയലേഖനങ്ങളൊന്നും സൂക്ഷിച്ചുവെയ്ക്കാതിരുന്നതുകൊണ്ട് "മിഥുനം" സിനിമയിലെ ആ സീനും പുനരാവർത്തിക്കപ്പെട്ടില്ല.
പിന്നെയും കാലം അതിവേഗം ഉരുണ്ടുകൊണ്ടിരുന്നു. ജോലി,കുടുംബം, കുട്ടികൾ അങ്ങനെ അലിഖിതമായ ചേരുവകളൊക്കെ ജീവിതത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. തലയ്ക്കു മീതെ പുതിയ പുതിയ പേരുകൾ വന്നതോടെ തിരക്കുകൾ കൂടി, ഉത്തരവാദിത്തങ്ങൾ കൂടി. പ്രണയത്തിന്റെ നിർവ്വചനങ്ങൾ മാറി.
അങ്ങനൊരു ദിവസ്സം , രണ്ടു കുരുന്നുകൈകൾ ചേർത്തുപിടിച്ചു സ്വപ്നങ്ങൾക്ക് പിന്നാലെ അവൾ രാജകുമാരനൊപ്പം പിറന്ന മണ്ണിൽ നിന്നും പറന്നു. ഇടയ്ക്കു പിന്തിരിഞ്ഞു നോക്കിയെങ്കിലും മിഴിനീർമൂടിയ കണ്ണുകളിൽ തെളിഞ്ഞ ചിത്രങ്ങൾ അവ്യക്തമായിരുന്നു. ദൃഷ്ടികൾ അകന്നാലും മനസ്സുകൾ അകലില്ല എന്ന് അവൾ വെറുതെ ആശ്വസിച്ചു.
പുതിയ നാട്, പുതിയ പ്രകൃതി, ഗൃഹാതുരത്വം... പിന്നെയും വർഷങ്ങൾ കടന്നുപോയി. മെല്ലെമെല്ലെ പറിച്ചുനടപ്പെട്ട ചെടികൾ ജീവൻ വീണ്ടെടുക്കുന്നതുപോലെ അവളും ഇവിടെയൊരുവളായി.
ഇരുപതു വർഷങ്ങൾ...ആ ശുഭം ബോർഡ് കണ്ടതിനു ശേഷമുള്ള ഇരുപതു വർഷങ്ങൾ. മഴയായും മഞ്ഞായും വെയിലായും കടന്നുപോയ ഇരുപതു വർഷങ്ങൾ. വീണ്ടുമൊരു സെപ്റ്റംബർ 17 .
ഒരുമിച്ചു നടക്കുമ്പോളാണ് ജീവിതം കൂടുതൽ മനോഹരമാണെന്ന് മനസ്സിലാക്കിത്തന്നതിന്, കരുതലിന്റെ ചേർത്തുനിർത്തലുകൾക്ക് , എന്നെ ഞാനായിത്തന്നെ നിലനിർത്തുന്നതിന് എന്റെ സ്വന്തം രാജകുമാരന് കടലോളം സ്നേഹം..
ചേർത്തുവെച്ച ദൈവത്തിനും, ജന്മം തന്നവർക്കും കൂടെപ്പിറന്നും പിറക്കാതെയും പ്രിയപ്പെട്ടവരായവർക്കും നിറഞ്ഞ നന്ദി.