മലയിറങ്ങി വരുന്ന കാറ്റ് മുഖത്ത് തട്ടുമ്പോൾ എന്തൊരു സുഖമാണ്. ബസ്സിന്റെ സൈഡ് സീറ്റിൽ ആ കമ്പികളിലേക്കു ചാരി പുറത്തോട്ടു നോക്കിയിരുന്നു, കണ്ണുകൾ അടഞ്ഞുപോയതറിഞ്ഞില്ല. മൂന്നാലു ദിവസത്തെ ട്രൈനിങ്ങിന്റെ ക്ഷീണവും കൂടിയായപ്പോൾ മയക്കത്തിലേക്ക് വഴുതിവീണത് വളരെപ്പെട്ടെന്നാണ്.
"ആ ഷട്ടർ ഒന്നടയ്ക്കുവോ, മഴ ചാറിത്തുടങ്ങിയത് അറിയുന്നില്ലേ ?" ആരോ തോളിൽത്തട്ടിയപ്പോൾ തിരിഞ്ഞുനോക്കി . മഴത്തുള്ളികൾ മുഖത്തേക്ക് പാറിവീണതിന്റെ അസ്വസ്ഥതയിൽ കുറച്ചു പ്രായമുള്ള ഒരാൾ . ഉറക്കം മുറിഞ്ഞതിലുള്ള നിരാശയുണ്ടായെങ്കിലും ക്ഷമാപണം നടത്തി ഷട്ടർ താഴ്ത്തി. വാച്ചിൽ നോക്കി, ഇനിയും മൂന്നുമണിക്കൂർ ഉണ്ട് വീടെത്താൻ.
മുടി കോതിയൊതുക്കി പിന്നോട്ടിട്ടപ്പോൾ ആണ് ഒരു മിന്നൽ പോലെ ആ മുഖം കണ്ടത്. തോന്നിയതാവാം എന്ന് കരുതി. ചില നേരങ്ങളിൽ അറിഞ്ഞും അറിയാതെയും ഓർമ്മകളിൽ നിന്നും ആ മുഖം എത്തി നോക്കാറുണ്ട് . എങ്കിലും തിരിഞ്ഞു ഒന്ന് കൂടി നോക്കാൻ മനസ്സ് നിർബന്ധിക്കുന്നതുപോലെ . മെല്ലെ തിരിഞ്ഞു നോക്കി , തോന്നലല്ല , പുഞ്ചിരിക്കുന്ന ഒരു മുഖം, കണ്ണുകൾ വളരെപ്പെട്ടെന്നുതന്നെ കൂട്ടിമുട്ടി . നെഞ്ചിൽ എവിടെയോ ഒരു വിങ്ങൽ കനത്തു . മഴ ആർത്തലച്ചു പെയ്തു തുടങ്ങി .
അടുത്തിരുന്ന സ്ത്രീയും ഇറങ്ങിക്കഴിഞ്ഞു. പിറകിലെ സീറ്റുകളിൽ ആളുകൾ ഉറക്കെ വർത്തമാനം പറയുന്നുണ്ട്. എതിർവശത്തെ സീറ്റിൽ വിശന്നുകരയുന്ന കുഞ്ഞിനെ അമ്മ പാലൂട്ടുന്നു, അച്ഛൻ അടുത്തിരുന്നു ആ കുഞ്ഞിന്റെ കാലുകളിൽ മൃദുവായി തലോടുന്നു .
ഫോൺ എടുത്തു നോക്കി, മോളുടെ മെസ്സേജ് ഉണ്ട് , "അമ്മ വന്നിട്ടേ ഞങ്ങൾ ഉറങ്ങു ". അഞ്ചു ദിവസ്സം മാറിനിന്നതിലുള്ള സങ്കടം മുഴുവനും അതിലുണ്ട് .
ഫോൺ തിരികെ ബാഗിലേക്കെടുത്തു വെച്ചു, കണ്ണടച്ചിരുന്നു.
"ലേഖ എവിടെപ്പോയതായിരുന്നു?" ആ മൃദുവായ ശബ്ദം തൊട്ടടുത്ത് നിന്നായിരുന്നു. ഞെട്ടി കണ്ണ് തുറന്നു , വിനയൻ തൊട്ടരികെ നിൽപ്പുണ്ട്, സീറ്റിന്റെ ഒഴിവായ ഭാഗം നോക്കി "ഞാൻ ഇവിടെ ഇരുന്നോട്ടെ " എന്ന ചോദ്യവും ഉടനെ വന്നു . സാരിയുടെ തുമ്പു മാറ്റി ഒതുങ്ങിയിരുന്നു. വിനയൻ അവിടിരുന്നു. വാക്കുകൾ എന്റെ തൊണ്ടയിൽ കുരുങ്ങി പുറത്തോട്ടു വരാനാവാതെ ശ്വാസം മുട്ടിനിന്നു .
"ലേഖയ്ക്കു ബുദ്ധിമുട്ടായെങ്കിൽ ഞാൻ പിന്നിൽ ഇരുന്നോളാം " ആൾ എഴുന്നേൽക്കാനാഞ്ഞു. "ഇല്ല, എനിക്കെന്തു ബുദ്ധിമുട്ട് , നിങ്ങളല്ലെങ്കിൽ മറ്റൊരാൾ അവിടിരിക്കും. ". വിനയന്റെ മുഖത്ത് ഒരു ആശ്വാസത്തിന്റെ ഭാവം പ്രകടമായി.
"ഞാൻ ജോലി സംബന്ധമായി ഒരിടം വരെ പോയതായിരുന്നു. ബസ്സിൽ ലേഖ കയറുന്നതും ഇവിടെ ഇരിക്കുന്നതും കണ്ടു. അപ്പോൾ മുതൽ ആഗ്രഹിക്കുന്നതാണ് ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന്. സ്വമേധയാ വന്നു മിണ്ടാൻ എന്തോ ഒന്ന് എന്നെ തടയുന്നതുപോലെ". ഞാൻ മുഖമുയർത്തി അയാളെ നോക്കി, പണ്ടത്തേതിലും അല്പം ക്ഷീണിച്ചിട്ടുണ്ട്, വെളുത്ത ഒന്ന് രണ്ടു മുടിയിഴകൾ എത്തിനോക്കുന്നുമുണ്ട് .
"ഇരുപത്തൊന്നു വർഷങ്ങൾക്കിപ്പുറവും എന്തിനാണ് വിനയാ എന്നെ പേടിക്കുന്നത്? ഒരിക്കലെങ്കിലും ഇതിനിടയിൽ ഞാൻ ഈ മുന്നിൽ വന്നിട്ടുണ്ടോ ? ഒരു വാക്കുപറയാതെ നിങ്ങൾ എന്തിനാണ് എന്നിൽ നിന്നും നടന്നു നീങ്ങിയതെന്ന് ചോദിച്ചിട്ടുണ്ടോ ? ഇനിയും അതുണ്ടാവില്ല, പേടിക്കേണ്ടാ ". വാക്കുകൾ ഒരു മാത്രയിൽ പുറത്തേക്കു തെറിച്ചു വീഴുമ്പോൾ ഞാൻ ഷട്ടർ ഉയർത്തി പുറത്തേക്കു തിടുക്കത്തിൽ കണ്ണുകൾ തിരിച്ചു . മഴ തോർന്നു തുടങ്ങിയിരുന്നു.
"അർത്ഥമില്ലെന്നറിയാം , എന്നാലും മാപ്പ് , ഒരു പാട് നാളായി പറയാൻ കൊണ്ട് നടന്നിരുന്നതാണ്, നെഞ്ചിനുള്ളിൽ ശ്വാസം മുട്ടലായി കൊളുത്തിവലിച്ചതാണ്, എന്നിട്ടും പറയാൻ പറ്റിയില്ല", വിനയന്റെ സ്വരം പതറിയിരുന്നു.
ഞാൻ കണ്ണുകൾ അടച്ചിരുന്നു. എന്റെ മനസ്സിൽ ഇരുപത്തിയൊന്നു വർഷങ്ങൾക്കു മുൻപുള്ള ഒരു വിഷുക്കാലം തെളിഞ്ഞു വന്നു.
പ്രിൻസിപ്പാളിനോട് കാലു പിടിച്ചിട്ടാണ് മൂന്നു ദിവസത്തേയ്ക്ക് അവധി തന്നത്. ബി.എഡ് നു പഠിക്കാൻ എന്തിനാണ് നീയിത്ര ദൂരേയ്ക്ക് പോകുന്നതെന്ന് പലതവണ വിനയൻ ചോദിച്ചതാണ് . ചെറുപ്പം മുതലേ കയറിക്കൂടിയ ആഗ്രഹമായിരുന്നു അധ്യാപികയാവുക എന്നത്. അത് കൊണ്ടാണ് ഇത്ര ദൂരെയായിട്ടും അഡ്മിഷൻ കിട്ടിയപ്പോൾ അച്ഛനെപ്പറഞ്ഞു സമ്മതിപ്പിച്ചത് . വിനയന്റെ പിണക്കങ്ങൾക്കു സ്നേഹത്തിന്റെ നേർത്ത തലോടലാണെന്ന് അറിയാവുന്നതുകൊണ്ടു തന്നെ പറഞ്ഞു മനസ്സിലാക്കാൻ പാടുപെടേണ്ടി വന്നില്ല.
ഹോസ്റ്റലിലേക്ക് വന്ന ആദ്യ എഴുത്തിലും ആ പരിഭവം തുടിച്ചുനിന്നിരുന്നു, എത്ര വർഷങ്ങളായുള്ള പരിചയമാണ്. സ്കൂൾ മുതൽ നിഴലുപോലെ , അച്ഛന്റെ സുഹൃത്തിന്റെ മകനാണ് . എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന പ്രകൃതം . അതുകൊണ്ടുതന്നെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോഴും അങ്കലാപ്പൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല, എല്ലാർക്കും ഇഷ്ടമാവും, അങ്ങനെ തന്നെ കരുതി. ബി എഡ് കഴിഞ്ഞിട്ടാവാം വീട്ടിൽ പറയുന്നതെന്ന് രണ്ടാളും തീരുമാനിച്ചു. വിനയന്റെ കസിന്സിനൊക്കെ അറിയാമായിരുന്നു ഈ ബന്ധം .
ഹോസ്റ്റലിൽ വന്നതിനുശേഷം രണ്ടുമാസം വരെ എഴുത്തുകൾ മുടങ്ങാതെ വരുമായിരുന്നു. ആഴ്ചയിലൊരിക്കൽ വിളിക്കും. ഒരു ദിവസം പെട്ടെന്ന് എഴുത്തുകൾ നിന്നു , വിളിയ്ക്കാതെയായി . ദിവസ്സങ്ങൾ ആഴ്ചകളും കടന്നു മാസങ്ങളിലേക്കു മാറി. ഇടയ്ക്കു വീണുകിട്ടിയൊരവധിയിൽ വീട്ടിലേക്ക് പോയി . വിനയനെ കാണാൻ പരമാവധി ശ്രമിച്ചു. വിനയന്റെ അമ്മാവന്റെ മോനാണ് പറഞ്ഞത് "അവിടെ വിവാഹാലോചനകൾ നടക്കുന്നുണ്ട് ലേഖേച്ചി ".
തലയ്ക്കാരോ കരിങ്കല്ലുകൊണ്ടു അടിച്ചതുപോലെയാണ് ആദ്യം തോന്നിയത് . പിറ്റേന്ന് ഹോസ്റ്റലിലേക്ക് മടങ്ങി. മൗനത്തിൽ മുങ്ങിത്താണ എന്നെ മീരച്ചേച്ചിയാണ് ധൈര്യം തന്ന് കൈപിടിച്ച് ഉയർത്തിയത് . "ആളുകൾ വെറുതെ പറയുന്നതാവും ലേഖ " എന്ന് പറഞ്ഞു ചേച്ചി ആശ്വസിപ്പിച്ചു . പിറ്റേന്ന് വിനയന്റെ ബാങ്കിലെ നമ്പർ എന്റെ കയ്യിൽ നിന്നും വാങ്ങി ചേച്ചി വിനയനെ വിളിച്ചു . ഫോൺ എടുത്തപ്പോൾ ചേച്ചി വിനയനോട് കേട്ട വാർത്തകൾ ശരിയാണോ എന്ന് ചോദിച്ചു . "അതേ , എന്റെ വിവാഹമാണ് " അമ്പരപ്പോടെയാണ് ചേച്ചി ഫോൺ വെച്ചത് . വൈകിട്ട് ടെറസ്സിൽ പറന്നകലുന്ന മേഘശകലങ്ങളെ നോക്കിയിരിക്കുമ്പോൾ ചേച്ചി ആരോടെന്നില്ലാതെ പറഞ്ഞു , "ആളുകളുടെ മനസ്സ് അങ്ങനെയാണ്, ചിലപ്പോൾ മേഘമാവും മഴയാവും , ഒരു കാറ്റിൽ അകന്നു പോവും ".
വിനയന്റെ വിവാഹം കഴിഞ്ഞെന്ന് ആരോ പറഞ്ഞറിഞ്ഞു. ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കെത്തിയാൽ അധികം പുറത്തേക്ക് ഇറങ്ങാറായി. അങ്ങനെ ഒരു ദിവസ്സം അച്ഛന് വയ്യാതായി, അസുഖം കൂടിക്കൂടി വന്നു. ക്ളാസ്സുകൾ പൂർത്തിയാക്കാൻ നിൽക്കാതെ ഞാൻ വീട്ടിലേക്ക് തിരിച്ചു. അച്ഛനെ ശുശ്രുഷിച്ചു. തീരെ വയ്യാതായ ഒരു ദിവസ്സം അച്ഛനെക്കാണാൻ വിനയൻ വന്നു , ഭാര്യയോടൊപ്പം. കുറച്ചു നേരം അച്ഛനടുത്തിരുന്നു. അവർ ഇറങ്ങുന്നതുവരെ ഞാൻ മുറിയിൽ അടച്ചിരുന്നു . അന്ന് വൈകിട്ട് അച്ഛൻ എന്നെ അരികിൽ വിളിച്ചു , തളർന്ന ആ കൈകൾ എന്റെ കൈകളിൽ അമർത്തി , "അച്ഛൻ മോളോട് ഒരു തെറ്റ് ചെയ്തിട്ടുണ്ട് , ക്ഷമിക്കണം ". ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു . മരണമെത്തിയെന്ന തിരിച്ചറിവിന്റെ ഒരു ജല്പനമായേ ഞാൻ അതിനെ കണ്ടുള്ളു .
താമസിയാതെ അച്ഛൻ മരിച്ചു , തലേദിവസം അച്ഛൻ എന്റെ പേര് മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത് . ഒടുവിൽ അതും നിശ്ചലമായപ്പോൾ വീട്ടിൽ വല്ലാതെ ഒറ്റപ്പെട്ടതുപോലെയായിരുന്നു . അച്ഛൻ എന്റെ ആത്മബലമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് അപ്പോൾ ആണ്. ജീവിതം ഒരു ചോദ്യചിഹ്നം പോലെ മുന്നിൽ ഉയർന്നുനിന്നു.
ബന്ധുക്കൾ വിവാഹാലോചന തുടങ്ങിയപ്പോൾ ആണ് "ഒരു ജോലി കിട്ടാതെ വിവാഹം വേണ്ട" എന്ന് ഞാൻ അമ്മയോട് തീർത്തു പറഞ്ഞത്. പിന്നീട് അതിനുള്ള ശ്രമത്തിലായി. അങ്ങനെയാണ് പി എസ് സി വഴി ജോലി കിട്ടിയത് . അതും അരമണിക്കൂർ യാത്ര ദൂരത്തിൽ . ജീവിതത്തിലെ സങ്കടമഴനനഞ്ഞ അദ്ധ്യായം അന്ന് പാതിയിൽ ഞാൻ അടച്ചു . വർഷങ്ങൾ കടന്നുപോയി. എന്റെ വിവാഹവും കഴിഞ്ഞു. എന്റെ കുടുംബത്തെ സ്വന്തം കുടുംബമായിക്കാണുന്ന സ്നേഹസമ്പന്നനായ ഒരാൾ. ഒരിക്കൽപ്പോലും ഒരു കുറവും വരുത്തിയില്ല. രണ്ടു കുഞ്ഞുങ്ങൾ . സ്നേഹത്തിലും സമാധാനത്തിലും കഴിയുമ്പോഴും ഇടയ്ക്കിടെ ആ ചോദ്യം എന്നെ വീർപ്പുമുട്ടിച്ചുകൊണ്ടേയിരുന്നു , "എന്തിനാണ് പാതിവഴിയിൽ എന്നെ തനിയേ നിർത്തി പിരിഞ്ഞുപോയത് ".
"ലേഖ , ഒന്നും പറയുന്നില്ലല്ലോ . " വിനയന്റെ സ്വരം നിശ്ശബ്ദതയിൽ നിന്നും ഉയർന്നു കേട്ടു , "ഞാൻ എന്തു പറയാൻ.." എന്റെ വാക്കുകൾ കരച്ചിലിന്റെ വക്കോളമെത്തുന്നത് ഞാൻ അറിഞ്ഞു , "ഒന്നു ചോദിച്ചോട്ടെ, എന്തിനാണ് എന്നെ...?"
വിനയൻ പറഞ്ഞു തുടങ്ങി, "എനിക്കറിയാം ഞാൻ ഒരിക്കലും ചെയ്യരുതാത്തതാണ് ചെയ്തതെന്ന് . നീ ഹോസ്റ്റലിലേക്ക് പോയി രണ്ടു മാസം കഴിഞ്ഞപ്പോൾ നമ്മുടെ അച്ഛന്മാർ തമ്മിൽ ഒരു വാക്കു തർക്കമുണ്ടായി, അവർ മിണ്ടാതായി. അതിനിടയിലാണ് നമ്മളുടെ ബന്ധത്തെപ്പറ്റി എന്റെ അച്ഛൻ അറിയുന്നത് . അച്ഛൻ അതിനെ എതിർത്തു , നീയില്ലാതെ ജീവിക്കാൻ ആവില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ഒടുവിൽ സമ്മതിച്ചു. അങ്ങനെ പിണക്കം രമ്യതയിലാക്കാൻ നിന്റെ വീട്ടിലെത്തിയ അച്ഛനെ അപമാനിച്ചയച്ചു . നിന്നോട് സംസാരിച്ചെന്നും നിനക്ക് ഈ ബന്ധത്തിൽ താത്പര്യമില്ലെന്നും തീർത്തു പറഞ്ഞു . എനിയ്ക്കും വാശിയായി, അച്ഛന്റെ അഭിമാനം ഞാൻ അടിയറവു പറയില്ലെന്ന് ഉറപ്പിച്ചു . അങ്ങനെയാണ് ഞാൻ എന്റെ അമ്മാവന്റെ മോളെ വിവാഹം കഴിച്ചത് . അവൾക്കു എല്ലാ കഥകളും അറിയാം ".
തീപ്പൊള്ളൽ ഏറ്റതുപോലെ ഞാൻ തിരിഞ്ഞു നോക്കി . "നിന്റെ അച്ഛന് തീരെ സുഖമില്ലതായ അന്ന് ഞാൻ കാണാൻ വന്നപ്പോൾ എന്റെ കയ്യിൽ മുറുകെപ്പിടിച്ചു അദ്ദേഹം കരഞ്ഞു , ആ ഒരൊറ്റ നിമിഷത്തിൽ ഞാൻ എല്ലാം മനസ്സിലാക്കി. അപ്പോഴേക്കും നമ്മൾ രണ്ടാളും രണ്ടു വഴിയേ നടന്നു തുടങ്ങിയിരുന്നു. എന്നെങ്കിലും അവസരം കിട്ടുമ്പോൾ നിന്നോട് പറയണമെന്ന് അന്നേ മനസ്സിൽ ഉറപ്പിച്ചതാണ് ". വിനയൻ പറഞ്ഞു നിർത്തി . ആ കൺപീലികളിൽ നനവ് പടർന്നിരിക്കുന്നത് ഞാൻ കണ്ടു. അച്ഛന്റെ ദുർബ്ബലമായ വിരലുകൾ എന്റെ കൈകളിൽ അമർന്നതുപോലെ തോന്നി.
കണ്ണുകൾ അമർത്തിതുടച്ചു , ദീർഘമായി ശ്വസിച്ചു , നെഞ്ചിനുള്ളിലെ ആ തീ അണഞ്ഞതുപോലെ . പുറത്തെ മഴ പാടേ തോർന്നിരുന്നു . അരമണിക്കൂർ കൂടിക്കഴിഞ്ഞാൽ വീടെത്തും.
"ലേഖയ്ക്ക് ഒന്നും പറയാനില്ലേ?" വിനയന് വീണ്ടും ചോദിച്ചു . "ഒന്നുമില്ല വിനയാ , ആരോ മീട്ടുന്ന വീണയ്ക്കൊപ്പം നമ്മൾ ഇങ്ങനെ ആടുകയല്ലേ, എപ്പോൾ ആണ് രാഗം മാറുന്നതെന്ന് നമുക്കറിയില്ലല്ലോ ".
"ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങും. ഭർത്താവും കുട്ടികളും കാത്തിരിക്കുന്നുണ്ടാവും . സുഖമായിരിക്കൂ , സന്തോഷമായിരിക്കൂ " .
ബസ്സ് നിർത്തും മുൻപേ കണ്ടു മക്കളുടെ കൈപിടിച്ച് അദ്ദേഹം നിൽക്കുന്നുണ്ട് . ബാഗ് വാങ്ങി കയ്യിൽ പിടിക്കുമ്പോൾ സ്വരം താഴ്ത്തിപ്പറഞ്ഞു , "നീയില്ലാതെ വയ്യാട്ടോ ". കുഞ്ഞുങ്ങളുടെ കൈ പിടിച്ചു നടക്കുമ്പോൾ വഴിയോരത്തു കണിക്കൊന്നകൾ നിറയെ പൂത്തുനിൽക്കുന്നുണ്ടായിരുന്നു . ഈസ്റ്റര് ലില്ലികൾ മുന്പെങ്ങുമില്ലാത്ത ഭംഗിയോടെ എന്നെ നോക്കി തലയാട്ടുന്നുണ്ടായിരുന്നു. മനസ്സ് വല്ലാതെ ശാന്തമായിരുന്നു, ഇനിയൊരിക്കലും അതിൽ ഓളങ്ങളുണ്ടാവില്ലെന്ന് ലേഖ ഉറപ്പിച്ചിരുന്നു .