Tuesday, July 7, 2020

പറയാൻ മറന്നൊരു വാക്കായിരുന്നു നീ
കാണാതെ പോയൊരു കനവായിരുന്നു നീ
പൂത്തുവിടർന്നിട്ടും പൂമണം പെയ്തിട്ടും
ചൂടാതെപോയൊരു പൂവായിരുന്നു നീ

ശ്രുതിയേറെ ചേർത്തിട്ടും പ്രണയം പൊഴിച്ചിട്ടും
മൂളാതെപോയൊരു ഗസലായിരുന്നു നീ
ലാസ്യലാവണ്യമാർന്നിട്ടും ഭാവം പകർന്നിട്ടും
ചുവടു മറന്നൊരു നൃത്തമായിരുന്നു നീ

മാനം കറുത്തിട്ടും മിന്നൽ പിറന്നിട്ടും
പെയ്യാതെ പോയൊരു മഴയായിരുന്നു നീ
ഒരു ചെറുകാറ്റിന്റെ മർമ്മരം കേൾക്കവേ
പതിയെയടർന്നൊരു ദലമായിരുന്നു നീ

രാവുതീർന്നീടവേ പുലരി ഉയർക്കവേ
രാത്തിങ്കൾ മാഞ്ഞുമറഞ്ഞുപോവേ
ഏകയായ് പാടിത്തളർന്നൊരു രാക്കുയിൽ
കേൾക്കാൻ കൊതിച്ചൊരു മറുപാട്ടായിരുന്നു നീ

ഒരു നിശ്വാസത്തിന്നിപ്പുറം നിന്നിട്ടും
തോളോടു തോൾ ചേർന്നേറെ ദൂരം നടന്നിട്ടും
എന്റെ മൗനത്തിൻ നിഴലിൽ മറഞ്ഞൊരു
എരിയുന്ന നോവിന്റെ കനലായിരുന്നു നീ

 പ്രാണന്റെ പാതിയടർന്നുവീഴുമ്പോഴും
നോവാത്ത നിറ കൺ ചിരിയായിരുന്നു  നീ.
കടലായിരമ്പിയ പ്രണയത്തിൻ തീരത്തും
മൂളാതെപോയൊരു ഗസലായിരുന്നു നീ.