ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് നമ്മൾ പോലും അറിയാതെയാണ് . അവർ നമ്മിലുണ്ടായിരുന്നുവെന്ന് നമ്മൾ അറിയുന്നതും അതുപോലെ തന്നെ മൗനമായി അവർ യാത്രയാവുമ്പോഴാണ് .
മുപ്പതിനാലാമത്തെ വയസ്സിൽ ജീവിതത്തോട് ഗുഡ്ബൈ പറഞ്ഞു സുശാന്ത് സിംഗ് രജ്‌പുത് എന്ന യുവനടൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന് കണ്ണിൽ കരുണ നിറച്ചു പുഞ്ചിരിക്കുമ്പോൾ മനസ്സിലൊരു സങ്കടം ബാക്കിയാവുന്നതും അങ്ങനെത്തന്നെയാണ് .
കഴിഞ്ഞതവണ നാട്ടിൽനിന്നും തിരിച്ചുവരുമ്പോൾ മസ്‌ക്കറ്റിൽ നിന്നും ലണ്ടനിലേക്കുള്ള നീണ്ട യാത്രയിൽ ഉറക്കം വരാതിരുന്നപ്പോൾ ആണ് സിനിമകളുടെ ലിസ്റ്റ് തിരഞ്ഞത് . മലയാളവും തമിഴും കടന്ന് ഹിന്ദിയിലെത്തിയപ്പോൾ പെട്ടെന്ന് കണ്ണുടക്കിയത് "എം എസ് ധോണി" യുടെ ജീവിതകഥയിലാണ് . ജീവിക്കുന്ന ഒരാളുടെ ജീവിതം സിനിമയാക്കുമ്പോൾ അതിൽ അഭിനയിക്കുക എന്നത് ഒരു വെല്ലുവിളിയാണ് . ഒരു കവിത അതെഴുതിയ ആളുടെ മുന്നിൽ ചൊല്ലുന്നതുപോലെ പ്രയാസകരമാവും അത് എന്നാണ് എന്റെ ധാരണ. അതുകൊണ്ടുതന്നെ ആ സിനിമ കാണാം എന്ന് തീരുമാനിച്ചു.
സാധാരണയായി രണ്ടര മണിക്കൂർ സിനിമ ഒരു മണിക്കൂറിൽ തീർക്കുന്ന ആളാണ് ഞാൻ. കാണാൻ താല്പര്യമില്ലാത്ത സംഘട്ടന രംഗങ്ങളും വയലൻസും ഒക്കെ ഓടിച്ചുവിട്ടു വളരെ പെട്ടെന്ന് സിനിമ തീരും. കൂടെക്കരയുന്ന വളരെ ചപലമായ സ്വഭാവം ഉള്ളതുകൊണ്ട് അത്തരം രംഗങ്ങളിൽ കണ്ണടയ്ക്കുകയും ചെയ്യും.
ഇങ്ങനെയൊക്കെ ഉള്ള ഞാൻ "ധോണി" മുഴുവൻ കണ്ടു. ഒരു രംഗം പോലും ഓടിച്ചു വിടാതെ. കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് അതിൽ അഭിനയിച്ച നടൻ എത്രമാത്രം അതിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ടാവണം എന്നായിരുന്നു. ഒരിക്കൽപ്പോലും അയാൾ നമ്മളെ നിരാശപ്പെടുത്തിയില്ല. അങ്ങനെയാണ് സുശാന്ത് സിംഗ് രാജ്‌പുത് എന്ന നടനെ ഞാൻ ആദ്യമായി അറിയുന്നത് .
പിന്നീട് വിരലിലെണ്ണാവുന്ന കുറച്ചു സിനിമകൾ. ഒരിക്കൽപ്പോലും അനാവശ്യ മാനറിസങ്ങൾ കൊണ്ട് പ്രേക്ഷകരെ ബോറടിപ്പിക്കുന്നതായി തോന്നിയിട്ടില്ല. കുറഞ്ഞസമയം കൊണ്ട് തന്റേതായ ഒരിടം കണ്ടെത്തി അയാൾ പ്രേക്ഷകമനസ്സുകളിൽ ഒരു കസേരവലിച്ചിട്ട് ഇരിപ്പുറപ്പിക്കുകയും ചെയ്‌തു.
ഒരു സിനിമാതാരം എന്നതിലുപരി കരുണയുള്ള ഒരു മനുഷ്യൻ കൂടിയായിരുന്നു സുശാന്ത് എന്ന് തെളിയിക്കുന്ന ഒട്ടനവധി സംഭവങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. തെക്കും വടക്കും ജീവിക്കുന്ന ജനങ്ങൾക്കിടയിൽ വളരെ പ്രത്യക്ഷമായിത്തന്നെ നിലനിൽക്കുന്ന ചേരിതിരിവുകൾക്കിടയിൽ പ്രളയത്തിൽ മുങ്ങിപ്പോയ കേരളത്തിനു തന്റേതായ രീതിയിൽ ഒരു കൈത്താങ്ങു കൊടുക്കുകവഴി നമ്മൾ മലയാളികളും അത് കണ്ടറിഞ്ഞു.
ഇത്രയെല്ലാം ആയിരുന്നിട്ടും എന്തിനാണ് ഒരു നിമിഷാർദ്ധത്തിൽ തൻ്റെ ജീവിതത്തിനു പൂർണ്ണവിരാമമിടാൻ ആ യുവാവ് തീരുമാനിച്ചിട്ടുണ്ടാവുക ? ജീവിതം മനോഹരമാണെന്നും ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും പലപ്രാവശ്യം തന്റെ പ്രേക്ഷകരോട് പറഞ്ഞ ഒരാൾ അതെ വഴിയിലൂടെ പോയ്മറഞ്ഞപ്പോൾ ആർക്കാണ് തെറ്റുപറ്റിയത് ?
ഓരോ മനുഷ്യനും ഒരു നിഗൂഢലോകമാണ് . പുറമേ ചിരിച്ചുനിൽക്കുമ്പോഴും ഉള്ളിൽ തിളച്ചുമറിയുന്ന ലാവ നിറഞ്ഞ അഗ്നിപർവ്വതങ്ങളാണ് ചിലർ. മറ്റുള്ളവരെ കൈപിടിച്ചുയർത്തുമ്പോഴും എഴുന്നേൽക്കാൻ കഴിയാത്ത പടുകുഴികളിൽ വീണുകിടക്കുന്നവരാണ് വേറെ വേറെ ചിലർ. അതിൽ അപൂർവ്വം മനുഷ്യർ അവനവന്റെ പ്രശ്നങ്ങളും ആധികളും പങ്കുവെയ്ക്കും . മറ്റു ചിലർ സന്തോഷങ്ങൾ മാത്രം പങ്കുവെയ്ക്കും , ആധികൾ അവർക്കു മാത്രമായി സൂക്ഷിക്കും . പങ്കുവെയ്ക്കാൻ വിശ്വസ്‌തരായ ആരും വരാത്തതാവാം, അതുമല്ലെങ്കിൽ അതിൽ അവർ കുടുങ്ങിപ്പോകുന്നതാവാം.
സമൂഹത്തിന്റെ പരിഹാസങ്ങളിലും മുൻവിധികളിലും പതറിപ്പോകുന്നവരുമുണ്ടാകാം .
സ്വയം ജീവിതം അവസാനിപ്പിക്കുന്നവർ കടന്നുപോകുന്ന വഴികൾ എങ്ങനെയാവുമെന്ന് ഒരുപാട് ചിന്തിച്ചിട്ടുണ്ട്. അതൊരിക്കലും പൂവിതറിയ പരവതാനികളുടേതാവില്ല . ഒരു ഒളിച്ചോട്ടമാണെന്ന് പറയാനുമാവില്ല. അവർ ഒരുപാട് ചിന്തിച്ചിട്ടുണ്ടാവണം, കണക്കുകൂട്ടലുകൾ നടത്തിയിട്ടുണ്ടാവണം . എത്ര കൂട്ടിയാലും ഗുണിച്ചാലും ഒടുവിൽ നെഗറ്റീവ് സംഖ്യകൾ മാത്രം അവശേഷിക്കുന്ന ഒരു കടലാസ്സും കാൽകുലേറ്ററും മാത്രമാവും അവരുടെ കയ്യിൽ ഉണ്ടാവുക. കാരണം അവരുടെ ചിന്തകളിലെ ലോജിക് ഇപ്പോഴും ഒന്നുതന്നെയാണ് .
വേറിട്ടൊന്ന് ചിന്തിക്കാൻ മറ്റൊരാൾ ഉണ്ടായിരുന്നെങ്കിൽ ആ കടലാസ്സുകളിൽ ഒരു പക്ഷേ ഒരു പോസിറ്റീവ് അക്കം പിറന്നേനെ , അടഞ്ഞ വഴികളിൽ നിറഞ്ഞ കൂരിരുട്ടിൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടമെങ്കിലും തെളിഞ്ഞേനെ . മെല്ലെമെല്ലെ അവർ ആ പടുകുഴികളിൽനിന്നും മുട്ടുകുത്തി എഴുന്നേറ്റിരുന്നേനെ .
ജീവിതം ഇടയ്ക്കിടെ നമ്മെയിങ്ങനെ പിടിച്ചുകുലുക്കുമ്പോൾ വീഴാതെ നീളുന്ന ആ ഒരു കൈ ആവാം നമുക്ക് .നമ്മുടെ ഫോണിൽ ഒരു സന്ദേശം തെളിയുമ്പോൾ വന്നേക്കാവുന്ന നഷ്ടങ്ങളെ ഓർക്കാതെ, നഷ്ടമാവുന്ന ജീവിതങ്ങളെ ഓർത്തു "എല്ലാം ശരിയാവും " എന്നെങ്കിലും നമുക്ക് പറയാം. ഒരു നല്ല കേൾവിക്കാരനാവുക അത്ര എളുപ്പമല്ല, എങ്കിലും നമുക്ക് ശ്രമിക്കാം.
ചോദ്യങ്ങൾ ഒരുപാട് ബാക്കിയാക്കി ഒരു പ്രതിഭ കൂടി യാത്രയാവുമ്പോൾ മനസ്സിൽ തെളിയുന്നത് വളരെ ചെറിയ ഭാഗത്തു മാത്രം സുശാന്ത് പ്രത്യക്ഷപ്പെട്ട സിനിമയായ PK യിലെ ഗാനമാണ് ,
"ബിൻ കുച്ച് കഹേ , ബിൻ കുച്ച് സുനേ .. ഹാതോം മേം ഹാഥ് ലിയേ .. ചാർ കദം ബസ് ചാർ കദം, ചൽ ദോ ന സാഥ് മേരേ ' - "ഒന്നും പറയാതെ ഒന്നും കേൾക്കാതെ കൈകൾ കോർത്ത് നാലടികൾ, വെറും നാലടികൾ എന്റെയൊപ്പം നടക്കൂ '.
കൈകൾ കോർത്ത് നാലടികൾ കൂടെ നടന്നാൽ ഒരുപക്ഷേ ജീവിതം മുഴുവൻ ഓടാനുള്ള ആത്മവിശ്വാസവും ഊർജ്ജവും തിരികെക്കിട്ടുന്ന ഒരുപാടുപേർ നമ്മുടെ സുഹൃത്‌വലയങ്ങളിലും ഉണ്ടാവും , ചേർത്തുപിടിക്കാം നമുക്കവരെ. പെയ്തു തീരുംവരെ അവരെ താങ്ങിനിർത്താം . അതിന് സുശാന്ത്, താങ്കളൊരു നിമിത്തമാവട്ടേ , വിട..