Friday, June 5, 2020

ചില ഓർമ്മകൾ പനിച്ചൂടു പോലെയാണ്
ഉള്ളിൽ തണുത്തുറയുമ്പോഴും തീ ജ്വാലപോലെ 
പുറം ചുട്ടുപൊള്ളിക്കുന്ന പനിച്ചൂട് 

അരുതുകളുടെയും അരുതായ്മകളുടെയും
നേർത്തരേഖയിൽ നാം വിറങ്ങലിക്കുമ്പോഴും 
അവയിങ്ങനെ നമ്മെ ചൂഴ്ന്നു നിൽക്കും 
പൂത്ത രാത്രി മുല്ലയുടെ ഗന്ധം പോലെ 
വീണ്ടും വീണ്ടും നമ്മെ മാടിവിളിക്കും 

പനിക്കിടക്കയിലെ മായക്കാഴ്ചകൾ പോലെ 
ചില ഓർമ്മകൾ നമ്മെ കബളിപ്പിച്ചുകൊണ്ടേയിരിക്കും 
ഇന്നലെകളിൽ മാത്രം  ജീവിച്ചു ഇന്നിനെ മറന്ന് 
അത് നമുക്കായൊരു  ഭ്രാന്തൻലോകമൊരുക്കും 
കാലുകളിലൊരു ചങ്ങലക്കിലുക്കവും .

സ്വപ്നത്തിനും നേരിനുമിടയ്ക്കുള്ള ദൂരം 
ചുരുങ്ങി ശൂന്യമാവുമ്പോൾ, പനിയൊടുങ്ങി 
വിയർപ്പുമണികൾ തുള്ളിതുളുമ്പുമ്പോൾ 
പുതപ്പു മാറ്റി നാം ഉണർന്നെണീക്കുമ്പോൾ  
ലോകം  നമ്മെ നോക്കി നിഗൂഢമായി ചിരിക്കും.

അപ്പോൾ, നഷ്ടബോധത്തോടെ വീണ്ടും
ദേഹവും ദേഹിയും കാത്തിരിക്കും, 
ചുട്ടുപൊള്ളുന്ന മറ്റൊരു പനിക്കാലത്തിനായ്,
തെളിയാത്ത ജലരേഖകൾക്കായ് ,
പേരറിയാത്ത സൗരഭ്യങ്ങൾക്കായ്....