Sunday, February 10, 2019

വെറുതെ ഈ സോഫയിൽ ഓർമ്മകളിൽ നഷ്ടപ്പെട്ട് മനസ്സു ശൂന്യമായിരിക്കുമ്പോഴാണ് ആ പൂവ് എന്റെ മുന്നിലേക്ക്  കൊഴിഞ്ഞുവീണത് .  ഇന്നലെ വരെ ഞാനതിന് വെള്ളം കൊടുത്തതാണ് . രാവിലെ ഉണർന്നെണീറ്റു ഒരു കാപ്പിയിടുന്നതിനും മുമ്പേ വന്ന് തൊട്ടുതലോടിയതാണ്, അതിന്റെ ദലങ്ങളിൽ സ്നേഹപൂർവ്വം  ഉമ്മ വച്ചതാണ് .  അപ്പോഴൊന്നും അറിഞ്ഞില്ലല്ലോ കണ്ണടച്ചു തുറക്കുമ്പോഴേക്കും ആ ചിരി മാഞ്ഞുപോകുമെന്ന് .  അറിഞ്ഞിരുന്നെങ്കിൽ കുറച്ചുനേരം കൂടി ഞാൻ നിന്നരികിലിരുന്നേനെ . കുറച്ചുകൂടി സ്നേഹിച്ചേനേ.

കടും പിങ്കു നിറത്തിൽ വിടർന്നു നിൽക്കുമ്പോൾ ഒരിക്കൽപോലും ഈ പൂക്കളെന്നെ ഒരു കൊഴിഞ്ഞുപോകലിനെക്കുറിച്ചു ഓർമ്മിപ്പിക്കാറില്ല .  എന്റെ അടുക്കളയുടെ വലിയ ജനാലകൾക്കു വിരികളിടാതെ ഞാൻ അവയെ സൂര്യനെ പ്രണയിക്കാൻ പഠിപ്പിച്ചു . ഇത്തിരിപ്പോന്ന മുല്ലച്ചെടി ആ പ്രണയ മധുരത്തിൽ ആർത്തുവളർന്നു എപ്പോഴും എനിക്കു പൂക്കൾ തന്നു സ്നേഹം പങ്കുവെക്കുന്നു . ഓരോ വൈകുന്നേരവും ആ സുഗന്ധം ആതാമാവിലേക്കു വലിച്ചെടുത്തു ഞാനെന്റെ ജീവിതവും റീച്ചാർജ് ചെയ്യുന്നു. ജനാലയുടെ മറ്റേ അറ്റത്തു എന്റെ സ്വന്തം കറ്റാർവാഴ എന്റെ മനസ്സിനെ മൃദുലമാക്കിക്കണ്ടിരിക്കുന്നു .  പൂ വിരിയിച്ചു എന്നെ അദ്ഭുതപ്പെടുത്തുന്നു . അതിനിടയിലാണ്  ഈ ക്രിസ്മസ്  കാക്ടസ്  നിറയെ പിങ്കുപൂക്കൾ വിരിയിച്ചു എന്റെ പകലുകളെ  വർണാഭമാക്കിയത് .  നിറഞ്ഞ പൂക്കളുമായി വിടർന്നുനിന്നു എന്റെ അതിഥികളെ അതിശയിപ്പിച്ചത് . ഡിസംബർ മുതൽ എന്റെ അടുക്കളയിലെ കൊച്ചു കാട്ടിൽ വസന്തം തീർത്തത് . എന്റെ ഭർത്താവിന്റെ ക്യാമറയ്ക്കു മുന്നിൽ നാണത്തോടെ ചിരിച്ചുനിന്നത് .


ഒരു  നിമിഷത്തിൽ എല്ലാം ഒടുങ്ങി  അതു കൊഴിഞ്ഞുവീഴുമ്പോൾ  എന്റെ കണ്ണുകൾ നനവ് അറിയുന്നുണ്ട് . അനാഥമായി നിലത്തുകിടക്കുബോൾ    എന്നോട്‌ വീണ്ടും എന്തൊക്കെയൊ തളർന്ന ശബ്ദത്തിൽ  പറയുന്നുണ്ട്. ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ച്‌ . നാളത്തേക്ക് മാറ്റിവെക്കപ്പെട്ടു ഒരിക്കലും നടക്കാതെ പൊയ സ്വപ്നങ്ങളെക്കുറിച്ച്  . ഏറെ നടന്നു തിരിഞ്ഞുനോക്കുമ്പോഴേക്കും ഒപ്പം നടന്ന നിഴലുകളെ മായ്ച്ചു കളയുന്ന സന്ധ്യകളെക്കുറിച്ചു . ഇന്നുകളുടെ അസ്തിത്വത്തെക്കുറിച്ചു , നാളെകളുടെ സംഭവ്യമായ അസ്ഥിരതയെക്കുറിച്ചു . ബാക്കിയായ മനസ്സിന്റെ കടങ്ങളെക്കുറിച്ച്‌ . മനസ്സിലൊടുങ്ങിയ പുഞ്ചിരികളെക്കുറിച്ച്. കൺതുറന്നിരുന്നിട്ടും കാണാതെപോയ കാഴ്ചകളെക്കുറിച്ച് .. നടന്നകലുമ്പോൾ ബാക്കിവയ്ക്കരുതാത്ത  നഷ്ടബോധങ്ങളെക്കുറിച്ച് ...