Friday, February 8, 2019

അവൾ ജനലിലൂടെ വെറുതെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. മൗനം വല്ലാതെ വീർപ്പുമുട്ടിക്കുമ്പോൾ രക്ഷപ്പെടാനുള്ള ഒരെളുപ്പവഴിയാണിത് .  മുറ്റത്തു പെയ്തുതോർന്ന മഴ തീർത്ത വെള്ളച്ചാലുകളിൽ കടലാസ്‌ വള്ളങ്ങളൊഴുക്കി മോൾ ഉണ്ണിയുടെ കൂടെ  കളിക്കുന്നുണ്ടായിരുന്നു .  വർഷങ്ങൾക്കപ്പുറം കടലാസ്സുതോണികൾ മുങ്ങിപ്പോയ ഒരു ഏഴുവയസ്സുകാരിയുടെ കണ്ണീരണിഞ്ഞ മുഖം നെഞ്ചിൽ കൊത്തിവലിക്കുന്നതുപോലെ .

അകത്തെ മുറിയിലെ കരച്ചിലിനും പതം  പറച്ചിലുകൾക്കുമൊക്കെ ഒരു ശാന്തത കൈവന്നിരിക്കുന്നു.  നീണ്ട ഇരുപത്തഞ്ചു  വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന രണ്ടുപേർക്കു പറഞ്ഞുതീർക്കാനുള്ളതിന്റെ പാതിപോലും ആയിട്ടുണ്ടാവില്ല. ഇന്നലെ വന്നുകയറിയതുമുതൽ ഒരേ ഇരുപ്പാണ് രണ്ടാളും .

മഴ വീണ്ടും കനത്തുവരുന്നുണ്ട് . ജനാലയിലൂടെ മോൾ നനയുന്നത് കാണുന്നുണ്ട് , വിളിച്ചില്ല , നനയട്ടെ , അവളെങ്കിലും മഴയെ പേടിക്കാതെയിരിക്കട്ടെ . ഫോൺ ബെല്ലടിക്കുന്നുണ്ട് . എടുത്തപ്പോൾ അങ്ങേയറ്റത്ത് രാജീവാണ് . " ശ്രീ , അച്ഛനും അമ്മയും എങ്ങനെ?  വല്യ ബഹളമാണോ? " ആകാംക്ഷ തുടിക്കുന്ന സ്വരം. "ഉം ..  അവര് സാന്ത്വനിപ്പിച്ചും  ക്ഷമ പറഞ്ഞും തീർക്കുകയാണ് ".  അധികം സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മനസ്സിലായതുകൊണ്ടാവും മോളോട് അച്ഛന്റെ സ്നേഹാന്വേഷണം പറയു എന്നും പറഞ്ഞു ഫോൺ വച്ചത് .

മഴ ആർത്തുപെയ്തു തുടങ്ങി . ഇരുപത്തിയഞ്ചു വർഷങ്ങൾക്കപ്പുറം ഇതുപോലെ ആർത്തലച്ചുപെയ്ത ഒരു മഴയിലേക്കാണ് തോളിൽ തൂക്കിയ ഭാരമുള്ളൊരു ബാഗും മറുകയ്യിൽ പേടിച്ചരണ്ട ഒരു ഏഴുവയസ്സുകാരിയുമായി 'അമ്മ നടന്നിറങ്ങിയത് . "എനിക്ക് പേടിയാവുന്നമ്മേ . അച്ഛനെ വിളിക്കമ്മേ " എന്നൊക്കെ അവൾ ആർത്തുകരഞ്ഞെങ്കിലും അമ്മ ഒന്നും മിണ്ടിയില്ല. തിരിഞ്ഞു നോക്കുമ്പോൾ അച്ഛൻ സോഫയിലിരുന്നു ജനാലയിലൂടെ അലക്ഷ്യമായി പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു . "ശ്രീക്കുട്ടീ " എന് വിളിച്ചു അച്ഛൻ ഇറങ്ങിവരുമെന്നും ചേർത്തുപിടിച്ചു അകത്തേക്കുകൊണ്ടുപോയി നനഞ്ഞ തല തോർത്തിതരുമെന്നും അവൾ വെറുതെ ചിന്തിച്ചു .

ടാക്സി അപരിചതമായ ആ വീടിന്റെ മുന്നിലെത്തുമ്പോൾ അമ്മാവൻ മകനുമൊത്തു അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു . ശക്തമായ മഴയിൽ മുറ്റത്തുനിന്ന് മണ്ണൊലിച്ചുപോകുന്നുണ്ടായിരുന്നു . "വീഴാതെ ശ്രീക്കുട്ടീ " കാൽ തെന്നിയപ്പോഴേക്കും അമ്മാവൻ കൈപിടിച്ചു . "എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട, ഞാനോ രാജീവനോ വരാം "  അമ്മ വെറുതെ മന്ദഹസിച്ചു .

രാത്രി വല്ലാതെ പേടിയാവുന്നുണ്ടായിരുന്നു. അച്ഛന്റെ സൂപ്പർമാൻ ശക്തിയിൽ ധൈര്യപ്പെട്ടിരുന്ന അവൾക്കു ഓരോ നിമിഷവും പേടി കൂടിക്കൂടി വന്നു . "അച്ഛൻ വരുവോ അമ്മേ ",  സാധനങ്ങൾ അലമാരയിലെടുത്തു വയ്ക്കുകയായിരുന്ന അമ്മ തിരിഞ്ഞു നോക്കി . "ഇല്ല , ഇനി മോൾക്ക് ഞാനാണ് അച്ഛനും അമ്മയും ". അത്  വളരെ ഭീകരമായ ഒരു സത്യമായിരുന്നു ആ കുഞ്ഞുമനസ്സിന് . എല്ലാ ദിവസവും അവൾ ഒരേയൊരു കാര്യം മാത്രം പ്രാർത്ഥിച്ചു, "എനിക്ക് അച്ഛനെയും അമ്മയെയും ഒരുമിച്ചുതരണേ ".

രണ്ടുദിവസം കഴിഞ്ഞപ്പോൾ അമ്മ പതിവുപോലെ ജോലിക്കുപോയിത്തുടങ്ങി . അവൾ പുതിയ സ്കൂളിലേക്കും . അമ്മാവന്റെ മോൻ രാജീവേട്ടൻ അതെ സ്കൂളിൽ തന്നെ . പലപ്പോഴും അവൾ രാജീവിനോട് ചോദിച്ചു, "എന്റെ അച്ഛനെ ഒന്ന് കാണിച്ചുതരുമോ".  "തരാം ശ്രീക്കുട്ടീ , അമ്മായി അറിയാതെ നമുക്കൊരു ദിവസം  പോകാം ". പക്ഷേ ആ ദിവസം മാത്രം ഒരിക്കലും വന്നില്ല .

വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നുപോകുന്നത് . എല്ലാം പഴയതുപോലെ കടന്നുപോകുന്നുവെന്ന് അവളും അമ്മയും പരസ്പരം നടിച്ചു . ആകാശത്തു മഴമേഘങ്ങൾ കറുക്കുമ്പോൾ അവൾ ജനാലകളും വാതിലും ചേർത്തടച്ചു . മഴയെ അവൾ വല്ലാതെ ഭയപ്പെട്ടിരുന്നു .  ഓരോ മഴപെയ്യുമ്പോഴും പ്രിയമായ ഒന്നിന്റെ അസാന്നിധ്യം അവളെ വേദനിപ്പിച്ചുകൊണ്ടിരുന്നു . ഒരിക്കൽ പോലും ഒരു ഫോൺ വിളിയായോ കത്തായോ അച്ഛൻ അവളെ തേടിയെത്തിയില്ല . അമ്മ അടുത്ത ചിലരോടൊക്കെ അപൂർവ്വമായി സംസാരിക്കുന്നതു കേട്ടു , "ഒരു അടിമയായി ജീവിക്കാൻ വയ്യാ , എത്രയെന്നു വച്ചിട്ടാണ്.."

പഠനം കഴിഞ്ഞു , രാജീവേട്ടന്റെ ഭാര്യയായി ജീവിതം പുതിയൊരു ക്യാൻവാസിൽ ചിത്രം വരയ്ക്കാൻ ശ്രമിക്കുമ്പോഴും അമ്മ കൂടെത്തന്നെയുണ്ടായിരുന്നു. മീനൂട്ടി ജനിച്ചതോടെ അമ്മ ജോലിയിൽ നിന്നും സ്വയം വിരമിച്ചു , വീട്ടിൽ അവളോടൊപ്പം കൂടി.  രാജീവേട്ടൻ ഡൽഹിയിലേക്ക് സ്ഥലം മാറ്റം കിട്ടി പോയപ്പോൾ മൂന്നുപേരും ഒപ്പം കൂടി. രാജീവേട്ടനായിരുന്നു നിർബന്ധം, മോളെ പിരിഞ്ഞിരിക്കാൻ വയ്യെന്ന്.

ഒരു ദിവസം ജോലി കഴിഞ്ഞെത്തിയ രാജീവേട്ടൻ വല്യ സന്തോഷത്തിലായിരുന്നു . വളരെ രഹസ്യമായി, "ശ്രീക്കുട്ടീടെ അച്ഛൻ എവിടെയുണ്ടെന്ന് അറിഞ്ഞു " എന്നു പറഞ്ഞപ്പോൾ ഒരു ക്രൂരമായ തമാശയാണെന്നേ തോന്നിയുള്ളൂ . എങ്കിലും ഞെട്ടലടക്കാതെ ആ കയ്യിൽ മുറുകെപ്പിടിച്ചു, "എനിക്കിപ്പോൾ കാണണം" എന്ന് വിതുമ്പി. "ഇരുപത്തഞ്ചു വർഷങ്ങൾ, ഓരോ ആൾക്കൂട്ടത്തിലും ഞാൻ അച്ഛനെ തിരഞ്ഞു , പത്രങ്ങളുടെ ചരമക്കോളങ്ങൾ വരെ. ഒന്ന് കണ്ടാൽ മതിയായിരുന്നു.".

രാജീവേട്ടന്റെ സഹപ്രവർത്തകൻ കൽക്കട്ടയിൽ ഒരു മ്യൂസിക്കൽ ഫീച്ചർ  ചെയ്യാൻ പോയതാണത്രേ , അപ്പോൾ ആണ് സൗത്ത് ഇന്ത്യക്കാരൻ ഒരു നോവലിസ്റ്റിനെ പരിചയപ്പെട്ടത് . ഒരാഴ്ച്ചത്തെ താമസത്തിൽ അദ്ദേഹം സുഹൃത്തുക്കളെക്കൂടി പരിചയപ്പെടുത്തി , അധികം സംസാരിക്കാത്ത പുസ്തകങ്ങളിൽ തലകുമ്പിട്ട ദാസേട്ടനെക്കുറിച്ചു അയാൾ കൂടുതൽ തിരക്കി . വെറുതെ ഒരു രസത്തിന് രാജീവിനോട് വിവരങ്ങൾ പങ്കുവച്ചു . അവരുടെ കുറെ ചിത്രങ്ങൾ പകർത്തിയത് കാണിച്ചു . സംശയം തോന്നിയ രാജീവേട്ടൻ അമ്മാവന് അതയച്ചുകൊടുത്തു ആൾ അത്  എന്നുറപ്പിച്ചു . മൂന്നുനാലു ദിവസം കഴിഞ്ഞു വിളിക്കാൻ  ശ്രമിച്ചപ്പോൾ നാട്ടിലേക്കുപോയി എന്നറിഞ്ഞു . വീടും മേൽ വിലാസവും തപ്പിയെടുത്തു , ആൾ വീട്ടിലുണ്ടെന്ന് ഉറപ്പിച്ചു . അമ്മാവൻ പോയിക്കണ്ടു , കടന്നുപോയ വർഷങ്ങൾ എവിടെയായിരുന്നുവെന്നു അമ്മാവൻ ചോദിച്ചില്ല "ഇത്രയും വേണ്ടിയിരുന്നോ "എന്ന് മാത്രം ചോദിച്ചു അദ്ദേഹം ഇറങ്ങി .

അമ്മയോട് പറഞ്ഞില്ല, അമ്മാവന്റെ വിളിക്കായി കാത്തിരുന്നു , ഫോൺ വന്നപ്പോൾ പതിവുപോലെ സന്തോഷത്തിൽ അമ്മ വിശേഷങ്ങൾ തിരക്കിത്തുടങ്ങി , പതിയെപ്പതിയെ ശബ്ദം നേർത്തുവന്നു , മൂളലുകൾ തേങ്ങലുകൾക്കു വഴിമാറി . രാത്രി പാക്കുചെയ്യുമ്പോഴും അമ്മ എഴുന്നെട്ടുവന്നില്ല . ശോഷിച്ചുതുടങ്ങിയ ആ ശരീരം ഉയർന്നുതാണുകൊണ്ടിരുന്നു.

രാവിലെ വീട്ടിൽ എത്തിയപ്പോൾ ആകെ ഒരു മരവിപ്പായിരുന്നു . മുറ്റത്തെത്തുമ്പോൾ തന്നെ കണ്ടു, അച്ഛൻ.. വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. മുടിയെല്ലാം വെളുത്ത പഞ്ഞിപോലെ ആയിരിക്കുന്നു . അമ്മ ഒരു നിമിഷം സ്തബ്ദയായി നിന്നു , "അമ്മൂ "എന്ന പതിഞ്ഞ ശബ്ദം എല്ലാ സ്ഥലകാലസീമകളെയും തകർത്തു അമ്മ വാവിട്ടുകരഞ്ഞു , അച്ഛനെ കെട്ടിപ്പിടിച്ചു .  "ക്ഷമിക്കണം എന്നേ പറയാനാവൂ " എന്ന് പാതിമുറിഞ്ഞ വാക്കുകൾ പറഞ്ഞുവെച്ചു . "ശ്രീക്കുട്ടി വല്യ ആളായിരിക്കണു " എന്നെ നിറകണ്ണുകളോടെ പറഞ്ഞു . പുതിയൊരു വീട്ടിലെത്തിയ സന്തോഷത്തിൽ മീനൂട്ടി അവളെ കൈപിടിച്ചു വലിച്ചു പുറത്തേക്കു കൊണ്ടുപോയി .

അച്ഛനോട് ഒന്നും മിണ്ടാൻ തോന്നിയില്ല . അനിശ്ചിതമായ ഒരു കാത്തിരിപ്പിന്റെ ഒടുവിൽ എന്തേ ഇങ്ങനൊരു നിർവികാരത എന്ന് സ്വയം ചോദിച്ചു . ഉള്ളിലടച്ചിട്ട പല ചോദ്യങ്ങളും ഒന്നിനുപിറകെ ഒന്നായി തികട്ടി വന്നു .

രാത്രി എങ്ങനെയോ കഴിച്ചുകൂട്ടി, തകർത്തു പെയ്ത മഴയും തീക്ഷ്ണമായ ഇടിമിന്നലുകളും വളരെക്കാലം കൂടി അവളെ പേടിപ്പിച്ചില്ല . തീർത്തും അപരിചിതമായ ഒരന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെടാൻ മനസ്സു വ്യഗ്രതപൂണ്ടു . നേർത്ത ഒരു സ്പർശനം തോളിൽ , അച്ഛനാണ് . "ശ്രീക്കുട്ടീ  മഴ പെയ്യുന്നതു കണ്ടില്ലേ, മഴയത്തു കടലാസുതോണി ഉണ്ടാക്കി കളിക്കാൻ എത്ര ഇഷ്ടമായിരുന്നു നിനക്ക് .  ഓരോ മഴ പെയ്യുമ്പോഴും അച്ഛൻ നിന്റെ പിന്നിൽ ഒരദൃശ്യ സാന്നിധ്യമായി നിൽപ്പുണ്ടായിരുന്നു . എവിടെയായിരുന്നെങ്കിലും ഓരോ മഴയിലും  എന്റെ കുഞ്ഞിനെ ഞാൻ ചേർത്തുപിടിച്ചിരുന്നു."

വിളറിയ ഒരു ചിരിയോടെ അവൾ അച്ഛനെ നോക്കി, "എന്റെ കടലാസുതോണികൾ ഒരു പെരുമഴയത്ത് മുങ്ങിപ്പോയി അച്ഛാ . ഒരു കുട നിവർത്തി അതിനെ കാക്കാൻ ആരും വന്നില്ല .  പറയാൻ മനസ്സിലൊളിപ്പിച്ച വിശേഷങ്ങളും സ്വപ്നങ്ങളുമായി ഞാൻ ഒരുപാടുനാൾ കാത്തിരുന്നു . എന്റെ ബാല്യകാലം ഞാൻ  ആരോടാണ്  തിരികെ ചോദിക്കുക  ? എന്റെ മഴകൾക്കു ആരാണ് കറുപ്പുചാർത്തിയത് ?  അച്ഛനോ അമ്മയോ , ആരാണ് ജയിച്ചത്?"   ഉത്തരമില്ലാതെ നാലുനിറകണ്ണുകൾ പരസ്പരം നോക്കിയിരുന്നു. പുറത്തു അപ്പോഴേക്കും മഴ പെയ്തുതോർന്നിരുന്നു .