ഓർമ്മിക്കുവാൻ എന്തെങ്കിലുമൊക്കെ ബാക്കി വെയ്ക്കാതെ ഒരു കഥയും പറഞ്ഞുതീരുന്നില്ല.
കഥപറയുന്ന ആളിൽനിന്നും കഥാപാത്രങ്ങൾ പുറത്തേയ്ക്കിറങ്ങി അനുവാദം ചോദിക്കാൻ നിൽക്കാതെ എന്നിലേയ്ക്ക് കയറിവരികയാണെന്ന് ഓരോ തവണയും എനിക്ക് തോന്നാറുണ്ട്. പിന്നെ എന്റെ സ്വസ്ഥതകളെല്ലാം കെടുത്തി രാവും പകലും എന്നെ ശല്യപ്പെടുത്തി അവർ എനിക്കൊപ്പമുണ്ടാകും. "ഓർമ്മക്കൂട്ടങ്ങളായ ഞങ്ങൾക്കും പാർക്കാൻ ഒരു മനസ്സ് വേണം. ഇല്ലെങ്കിൽ മറവിയുടെ ആഴങ്ങളിലേയ്ക്ക് ഞങ്ങളെന്നേ യാത്രയായേനേ " എന്ന് അവർ ഇടയ്ക്കിടെ പിറുപിറുക്കുന്നതുപോലെ എനിക്ക് തോന്നും.
വൈകിട്ട് ജോലികഴിഞ്ഞു ഭർത്താവെത്തുമ്പോഴേയ്ക്കും രണ്ടു ചൂടു ചായ ഉണ്ടാക്കിവെയ്ക്കാമെന്നതാണ് വർക്ക് ഫ്രം ഹോം കൊണ്ട് എനിക്കുണ്ടായ നേട്ടങ്ങളിൽ ഒന്ന് . ആളെത്തുമ്പോഴേയ്ക്കും രണ്ടുകപ്പ് ചായ മേശമേൽ റെഡി ആയിട്ടുണ്ടാവും. അതിങ്ങനെ സിപ് ചെയ്തു കുടിച്ചു രണ്ടാളും അന്നത്തെ രസകരമായ സംഭവങ്ങൾ പങ്കുവെയ്ക്കും.
വളരെ നാളുകൾക്കു ശേഷം വന്ന ഒരു മെസ്സേജ്, ഒരു ഫോൺ വിളി, മക്കളുടെ സ്കൂൾ വിശേഷങ്ങൾ, നാട്ടിലെ വർത്തമാനങ്ങൾ എന്നുവേണ്ട, ഒട്ടനവധി കാര്യങ്ങൾ ഈ സമയത്തു വന്നുപോകും.
അങ്ങനെ വിശേഷങ്ങളൊക്കെ ഏതാണ്ട് പറഞ്ഞുതീർന്ന്, ചായയുടെ അവസാന തുള്ളിയും കുടിച്ചുതീർക്കുമ്പോളാണ് ഭർത്താവ് പറഞ്ഞത് , "ഇന്നൊരു സംഭവമുണ്ടായി. പക്ഷേ , പറഞ്ഞുകഴിയുമ്പോൾ സങ്കടപ്പെടരുത് ".
ആ റിട്ടയർമെന്റ് ഹോമിലെ ഒട്ടുമിക്ക അന്തേവാസികളുടെയും പേരുകൾ എനിക്ക് പരിചിതമായിരുന്നു. മിക്ക ദിവസങ്ങളിലും കേൾക്കുന്ന കഥകളിലൂടെ. ജീവിതത്തിന്റെ സുന്ദര കാലങ്ങളിൽ പലയിടങ്ങളിൽ ഉന്നത ജോലികൾ ചെയ്ത് , ഒരു പാട് യാത്രകൾ ചെയ്ത്, ലോകത്തിന്റെ വർണ്ണപ്പകിട്ടുകളിൽ ജീവിച്ചു ഒടുവിൽ ആ ഊർജ്ജവും നിറവും മണവുമെല്ലാം മങ്ങുമ്പോൾ മറ്റാർക്കും ഭാരമാവാതെ അങ്ങോട്ട് ചേക്കേറുന്നവർ. വിശാലമായൊരു ലോകം പൊടുന്നനെ ചുരുങ്ങി ചെറുതാവുമ്പോൾ ചിലരെല്ലാം അതിനോട് പൊരുത്തപ്പെടാനാവാതെ ഒറ്റ മുറികളിൽ ഒതുങ്ങുന്നു. മറ്റു ചിലർ പുതിയ ജീവിതത്തെ വളരെ സന്തോഷത്തോടെ നോക്കിക്കണ്ട് സമപ്രായക്കാരുമായി ഓർമ്മകൾ പങ്കുവെച്ചു മനസ്സിനെ ഇപ്പോഴും സന്തോഷമായിരിക്കാൻ പഠിപ്പിക്കുന്നു. ഇനിയും ചിലരുണ്ട്, മറവിയും ഓർമ്മയും തമ്മിലുള്ള അതിരുകൾ മാഞ്ഞു പഴയകാലത്തു തന്നെ ഇപ്പോഴും നിൽക്കുന്നവർ...
ആഴ്ചയിൽ രണ്ടുദിവസ്സം മാത്രമാണ് ആ സ്ഥലത്തു പോവേണ്ടതെങ്കിലും വൈകിട്ടെത്തുമ്പോൾ ഇങ്ങനെയെന്തെങ്കിലും സംഭവങ്ങൾ കേൾക്കാറുണ്ട്. തലേ ആഴ്ച കണ്ടു സംസാരിച്ച ആരെങ്കിലും ഒരു ഫോട്ടോയും അതിനുമുന്നിലെ രണ്ടുപൂക്കളും അവശേഷിപ്പിച്ചു മറഞ്ഞുപോയതാവും ചില ദിവസ്സത്തെ വാർത്ത.. വരാമെന്ന് പറഞ്ഞു പോയ മക്കളെകാത്തു വഴിയിലേക്ക് ഉറ്റുനോക്കി ഇനിയും കാണാതെ വേവലാതിപ്പെട്ടിരിക്കുന്ന ചില മനസ്സുകളുടെ നൊമ്പരമാവും മറ്റുചിലപ്പോൾ. "അവരെ കാണുമ്പോൾ എനിക്ക് നമ്മുടെ മാതാപിതാക്കളെ ഓർമ്മ വരുന്നു "എന്ന ആത്മഗതവും ചിലപ്പോൾ ഉയർന്നുവരാറുണ്ട്.
ഇന്നത്തെ അവതാരിക കേട്ടപ്പോഴേ ഇത് എനിക്കുള്ള കഥയാണെന്ന് എന്റെ മനസ്സ് പറഞ്ഞു. "ഏയ്, ഞാൻ ഇപ്പോൾ പഴയപോലെയൊന്നുമല്ല, നല്ല മനക്കട്ടിയുണ്ട്, ധൈര്യമായിട്ടു പറയൂ ".
"ഇന്നു ഞാൻ എലേനയുടെ മുറിയിലെത്തിയപ്പോൾ അവർ കിടക്കുകയായിരുന്നു. എന്റെ കാൽപ്പെരുമാറ്റം കേട്ടാവണം കണ്ണ് തുറന്ന് വാതിൽക്കലേക്ക് നോക്കി . എഴുന്നേൽക്കാൻ ശ്രമിച്ചു. അടുത്ത് ചെന്നു ഞാൻ അവരെ മെല്ലെ എഴുന്നേൽപ്പിച്ചിരുത്തി. മുഖത്തിനു നല്ല ക്ഷീണമുണ്ട് ".
വീൽ ചെയർ അവർക്കരികിലേയ്ക്ക് നീക്കിവെച്ചപ്പോൾ തളർന്ന കണ്ണുകളോടെ അവരെന്നെ നോക്കി. "നമുക്ക് നടക്കേണ്ടേ ? ഇല്ലെങ്കിൽ കാലുകളുടെ ബലം കുറഞ്ഞുവരില്ലേ?"
അവർ പതിയെ പുഞ്ചിരിച്ചു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസ്സം മാത്രമാണ് അവർക്ക് ചെറിയ വ്യായാമം കൊടുക്കുന്നത്. വളരെ കുറച്ചു അടികൾ നടത്തിക്കുക മാത്രമാണ് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച വന്നപ്പോൾ തീരെ വയ്യാതിരുന്നതിനാൽ അവർ നടക്കാൻ കൂട്ടാക്കിയില്ല.
എലേന വീൽ ചെയറിലേക്ക് കൈ നീട്ടി. പിടിച്ചെഴുന്നേറ്റു. എന്റെ സഹായത്തോടെ പതിയെ പിച്ചവെച്ചു അഞ്ചാറടി നടന്നു. പിന്നെ നിന്ന് എന്റെ മുഖത്തേയ്ക്ക് നോക്കി. "എനിക്ക് കഴിയുന്നില്ല കുട്ടീ. പ്രായം 98 കഴിഞ്ഞു. ഇനിയെത്ര നാൾ ? " സ്ഥിരമായി കേൾക്കുന്ന വാക്കുകളായാലും ചിലപ്പോഴൊക്കെ അത് നമ്മളെ നൊമ്പരപ്പെടുത്തും. എന്നത്തേയും പോലെ ഇന്ന് അവരെ നിർബന്ധിക്കാൻ നിന്നില്ല. മുറിയിലേയ്ക്കു തിരികെ കൊണ്ടുവന്നു.
സാധാരണ അവർ കുറെ സംസാരിക്കാറുണ്ട്. പഴയ കാലങ്ങളെക്കുറിച്ചുള്ള കഥകളാവും മിക്കപ്പോഴും. മക്കളുടെ കുട്ടിക്കാലത്തെ കുസൃതികളൊക്കെ ഓർത്തു പൊട്ടിച്ചിരിക്കും, പൊടുന്നനെ മൗനമാവും. ഇന്നിപ്പോൾ ക്ഷീണം കൊണ്ടാവും അവർ മൂകയായിരിക്കുന്നു.
ഇനി അടുത്തയാഴ്ച കാണാമെന്നു പറഞ്ഞു മേശമേലിരുന്ന രജിസ്റ്റർ പൂർത്തിയാക്കി പോകാനൊരുങ്ങുമ്പോഴാണ് കിടക്കയുടെ താഴെയിരിക്കുന്ന രണ്ടു ബ്രൗൺ ബാഗുകൾ ഞാൻ കണ്ടത്. എന്റെ നോട്ടം കണ്ടാവും എലേന പറഞ്ഞു, "പുസ്തകങ്ങളാണ്, കഴിഞ്ഞ മാസ്സം മോൾ കാണാൻ വന്നപ്പോൾ കൊണ്ടുവന്നത് അതെടുത്തു ആ അലമാരയിലേയ്ക്ക് വയ്ക്കണമെന്നുണ്ട് . പക്ഷേ ഈ വീൽ ചെയർ അങ്ങോട്ട് പോവില്ല, അവിടെ എന്തോ തടസ്സം ഉണ്ട് ".
അവർ ചൂണ്ടിയ സ്ഥലത്തേയ്ക്ക് ഞാൻ നോക്കി. മുറിയോട് ചേർന്നുതന്നെ ഡെന് പോലെയൊരു സ്ഥലം. അങ്ങോട്ട് ചെന്നപ്പോൾ അവിടെ ഒരു ബുക്ഷെൽഫ് . പക്ഷേ വാതിലിനും ഷെൽഫിനുമിടയിൽ വീൽ ചെയർ പോകാൻ ആവാത്തവണ്ണം ഒരു കസേര കിടക്കുന്നു. എലെനയ്ക്കു വീൽ ചെയറിൽ നിന്നും ബെഡിലേയ്ക്ക് മാത്രമേ ഇരിക്കാനാവൂ. പിന്നെ ആർക്കുവേണ്ടിയാണ് ഇവിടെ ഈ കസേര ?
ഞാൻ തിരിഞ്ഞുനിന്ന് അവരോടു പറഞ്ഞു, "ഈ കസേര ഇവിടെ നിന്നും പുറത്തേയ്ക്കു മാറ്റിയാൽ നിങ്ങൾക്ക് ഇങ്ങോട്ടു വരാൻ പറ്റും . ഞാൻ ആളെ വിളിയ്ക്കട്ടെ? "
പെട്ടെന്ന് അവരുടെ മുഖം മങ്ങി "വേണ്ട, ആ കസേര എനിയ്ക്കു എപ്പോഴും കാണണം ".
"അത് എന്റെ ഭർത്താവ് ഇരുന്നിരുന്ന കസേരയാണ്. ഞങ്ങൾ ഒരുമിച്ചുപോയാണ് അത് വാങ്ങിയത്, വര്ഷങ്ങള്ക്കു മുൻപ്. അദ്ദേഹത്തിനിഷ്ടപ്പെട്ട പച്ചനിറമുള്ള കസേര. അതിലിരുന്നായിരുന്നു അദ്ദേഹം പുസ്തകങ്ങൾ വായിച്ചിരുന്നത്. എന്നോട് വർത്തമാനം പറഞ്ഞിരുന്നത്. അതിൽ പുസ്തകം വായിച്ചിരുന്ന ഒരു വൈകുന്നേരമാണ് അദ്ദേഹം പോയത്. പുസ്തകം താഴെവീഴുന്ന ശബ്ദം കേട്ട് ഞാൻ ചെന്നപ്പോളേക്കും..."
"ഇപ്പോഴും രാവിലെയും വൈകുന്നേരങ്ങളിലും അദ്ദേഹം അവിടെയിരുന്ന് പുസ്തകങ്ങൾ വായിക്കുന്നുണ്ടെന്ന് എനിക്ക് തോന്നും . ഇങ്ങോട്ടു മാറിയപ്പോൾ ഞാൻ കൂടെക്കൊണ്ടുവന്നത് അതൊന്നു മാത്രമാണ്. ഈ മുറിയിൽ ഒറ്റയ്ക്ക് ഇങ്ങനെ കിടക്കുമ്പോൾ ഞാൻ ഇങ്ങനെയൊക്കെയാണ് ജീവിച്ചു തീർക്കുന്നത്. അദ്ദേഹം ഭാഗ്യവാനാണ്, കണ്ണടയുവോളം ഞാൻ ഉണ്ടായിരുന്നു കൂടെ. ചിലപ്പോഴെല്ലാം എനിക്ക് ദേഷ്യം തോന്നും, എന്നെ ഒറ്റയ്ക്കാക്കി പോയില്ലേ. ഒരേ കാഴ്ചകൾ കണ്ട് സമയവും കാത്തിങ്ങനെ ഞാൻ ഒറ്റയ്ക്ക്..."
എലേനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
നോക്കിനിൽക്കെ എലെനയ്ക്കു പകരം അമ്മയെ ഞാൻ അവിടെക്കണ്ടു. ഞാൻ ആ കസേര അവരുടെ കണ്ണെത്തുന്ന മറ്റൊരുസ്ഥലത്തേയ്ക്ക് നീക്കിയിട്ടു വീൽ ചെയർ ഷെൽഫിനരികത്തേയ്ക്കു കൊണ്ടുവന്നു അവരെ ഇരുത്തി. പുസ്തകങ്ങൾ ഓരോന്നായി എടുത്ത് അലമാരയിൽ അടുക്കി വെച്ചു. സമയം വൈകിയിരുന്നു, എങ്കിലും എനിക്ക് ഒട്ടും തിരക്കനുഭവപ്പെട്ടില്ല. അവരുടെ മുഖത്തെ സന്തോഷം, അതായിരുന്നു ഇന്നത്തെ ദിവസത്തെ എന്റെ നേട്ടം.
യാത്ര പറഞ്ഞിറങ്ങുമ്പോൾ അവർ മെല്ലെ പറഞ്ഞു, "യു നോ , ഐ ആം ഹോപ്പ്ലെസ്സ്ലി ഇൻ ലവ് വിത്ത് എ മെമ്മറി ..... സ്റ്റിൽ ഐ ആം ഹാപ്പി ഇൻ ദാറ്റ് വേൾഡ് ... ജീവിയ്ക്കുമ്പോൾ സുഖമുള്ള ഓർമ്മകളുണ്ടാക്കുക. പാതിവഴിയിൽ മാഞ്ഞുപോയാലും വീണ്ടും കണ്ടുമുട്ടും വരെ അത്മ മാത്രം മതി ജീവിക്കാൻ ".
കഥകേട്ടു തീർന്നപ്പോഴേയ്ക്കും വാക്കു തെറ്റിച്ചു എന്റെ കണ്ണുകൾ നിറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ ഇന്നുവരെ കാണാത്ത എലേനയും ഒരു പച്ചക്കസേരയും എന്റെ മനസ്സിലേയ്ക്ക് കയറി ഒരു ഇരിപ്പിടം കണ്ടെത്തിക്കഴിഞ്ഞിരുന്നു.