മൗനം കനയ്ക്കുന്ന മനസ്സിന്റെ വഴിത്താരകൾക്കാണ്
മഞ്ഞുമൂടിയ ഡിസംബറിന്റെ നടപ്പാതകളേക്കാൾ മരവിപ്പ്..
ഓർമ്മകളിൽ വഴുതിവീഴാതെ മെല്ലെമെല്ലെ
പാദങ്ങളെടുത്തുവെച്ചു നടക്കണം
കണ്ണുനീർ മൂടി അവ്യക്തമാകുന്ന കാഴ്ചകളുടെ കണ്ണട
ഇടയ്ക്കിടെ തുടച്ചുവൃത്തിയാക്കണം
അനന്തതയിലേക്ക് നീളുന്ന കാത്തിരിപ്പിന്റെ തണുപ്പിറങ്ങാതിരിക്കാൻ
മുഴുനീളൻ കുപ്പായത്തിലേയ്ക്ക് ചേക്കേറണം
പ്രിയമുള്ളവരുടെ വഴിമുടങ്ങാതിരിക്കാൻ
കനവുകൾ കോരിമാറ്റി നടപ്പാത തെളിച്ചിടണം
സ്നേഹത്തിന്റെ നാട്യം പെയ്തൊഴിയുമ്പോൾ
അതിലൊരു മഞ്ഞുമാലാഖയാവണം.
ഇലപൊഴിഞ്ഞൊരീ മേപ്പിൾ മരങ്ങളിൽ പൂക്കും
നനുനനുത്തൊരാ മഞ്ഞിൻകണങ്ങൾ പോൽ
തനുവുണക്കുമീ ഗദ്ഗദങ്ങളിൽ വീണ്ടും
നിറവുനൽകുവാൻ ഓർമ്മകളെത്തണം
നഗ്നമാക്കപ്പെട്ട ശിഖരങ്ങളിൽ വീണ്ടും
കനവുപൂക്കുന്നൊരു കാലമെത്തണം