"മറവിയുടെ ആഴങ്ങളിൽ പതിക്കാതിരിക്കാനാണ് ഇങ്ങനെയൊരു പുഞ്ചിരി ", ഒരു വെള്ളിയാഴ്ച്ച വൈകുന്നേരത്തിന്റെ എല്ലാ വിധ മടികളോടും കൂടെ വീട്ടിലെത്തുമ്പോഴാണ് വാട്സ്ആപ്പിൽ ആ സന്ദേശം തെളിഞ്ഞത്. അടുത്ത സുഹൃത്താണ്, തിരക്ക് അധികമാകുമ്പോൾ ഉള്ള എന്റെ മൗനത്തിലും അജ്ഞാതവാസത്തിലുമുള്ള പരിഭവമാണ് .
നേരാണ് , കുറച്ചു ദിവസങ്ങളായി വല്ലാത്ത തിരക്കാണ്. രാവിലെ ഓഫീസിലെത്തിയാൽ സമയം കടന്നുപോകുന്നത് അറിയുന്നേയില്ല . നിരവധി മുഖങ്ങൾ മുന്നിലൂടെ കടന്നുപോകുമ്പോൾ ആ ദിവസ്സം കൊഴിഞ്ഞുവീഴുന്നു .
ചില ദിവസങ്ങളിൽ ട്രെയിനിൽ കയറുമ്പോൾ ഇരിക്കാൻ ഇടം കിട്ടുന്നത് ട്രെയിൻ പോകുന്നതിന്റെ വിപരീത ദിശയിലേക്ക് തിരിഞ്ഞായിരിക്കും. വല്ലപ്പോഴുമൊക്കെ അങ്ങനെയിരുന്നു യാത്ര ചെയ്യാൻ എനിക്കിഷ്ടമാണ് . എപ്പോഴും മുന്നോട്ടു പായുന്ന വഴികളെ നോക്കാതെ, ഓടിത്തീർന്ന വഴികളിലേക്ക് നോക്കിയിരുന്ന് ഒരു യാത്ര .
ചിലപ്പോഴൊക്കെ ജീവിതത്തിലും അത്തരം യാത്രകൾ അനിവാര്യമാണെന്ന് തോന്നാറുണ്ട് . ഭാവിയിലേക്ക് മാത്രം ഉറ്റുനോക്കാതെ കഴിഞ്ഞുപോയ നിമിഷങ്ങളെ കണ്ടുകണ്ട് ഒരു യാത്ര. നമ്മൾ ഈ വഴികളിലൂടെ നടന്നിരുന്നു എന്നോർമ്മിപ്പിക്കുന്ന ഒരു യാത്ര.
പഴയ കാഴ്ച്ചകൾ , സൗഹൃദങ്ങൾ , സന്തോഷങ്ങൾ, സങ്കടങ്ങൾ , നഷ്ടപ്രണയങ്ങൾ --ആ യാത്രയിൽ നമ്മളെ കാത്തിരിക്കുന്ന കാര്യങ്ങൾ ഏറെയാവും. ഓർമ്മപ്പെടുത്താൻ വാട്സാപ്പോ ഫേസ്ബുക്കോ ഇല്ലാതിരുന്ന ഒരു കാലത്തിന്റെ ഓർമ്മകൾക്കെല്ലാം ഒരു പ്രത്യേക അനുഭൂതിയായിരിക്കും .
ആ യാത്രയിൽ, മറന്നു തുടങ്ങിയ നിമിഷങ്ങളെ തട്ടിയുണർത്തുക . വളരെക്കാലം വിളിക്കാതിരുന്ന ഒരു ഫോൺ നമ്പർ തപ്പിയെടുത്തു ഡയൽ ചെയ്യുക , അങ്ങേത്തലയ്ക്കൽ നിന്ന് കേൾക്കുന്ന ശബ്ദത്തിന് പൂർവാധികം സ്നേഹത്തോടെ ഒരു വിളി സമ്മാനിക്കുക , തിരിച്ചറിയുമ്പോൾ ആദ്യമൊക്കെ പരിഭവങ്ങൾ പെയ്തിറങ്ങുമെങ്കിലും ഒടുവിൽ "ഒരുപാട് വേവലാതികൾക്കിടയിൽ ഒരു തണുത്ത കാറ്റായി നിന്റെ വിളി " എന്നു പറഞ്ഞു അപ്പുറത്തു ഫോൺ നിശബ്ദമാവുമ്പോൾ നമുക്കുണ്ടാകുന്ന ഒരു സംതൃപ്തി എങ്ങനെയാണ് പറഞ്ഞുവയ്ക്കുക?
വായിച്ചു മടക്കിവെച്ച ഒരു പഴയ പുസ്തകം വീണ്ടും തുറക്കുക . വായിച്ച വരികളിലൂടെ വീണ്ടും കണ്ണോടിക്കുക, പണ്ടു വായിച്ച അതേ നെഞ്ചിടിപ്പോടെ . പേജുകൾ മറിക്കുമ്പോൾ വരികൾക്കിടയിലൂടെ പല ഓർമ്മകളും തിക്കിത്തിരക്കി നിൽക്കുന്നത് കണ്ണു നിറയെ കാണുക . പുസ്തകം മടക്കിവെയ്ക്കുമ്പോൾ എവിടെയൊക്കെയോ നമ്മൾ പോയിമടങ്ങാറില്ലേ ?
വീണ്ടും വീണ്ടും കേട്ടിരുന്ന ആ പ്രിയപ്പെട്ട പാട്ടുകൾ ഇടയ്ക്കിടെ ഉറക്കെ വെച്ചു കേൾക്കണം , ഓരോ ഈണങ്ങളിലും മനസ്സുടക്കി , ചുണ്ടുകൾ അതിനൊപ്പം മെല്ലെ മൂളി . നമ്മുടെ ഈണങ്ങൾ നമ്മുടേത് മാത്രമാവുമ്പോൾ അതിനൊരു വല്ലാത്ത സുഖമാണ് .
മനസ്സിന്റെ ഓരോ കോണുകളിലായി അടുക്കിവെച്ചിരിക്കുന്ന ഓർമ്മകളെ പൊടിതട്ടിയെടുക്കുമ്പോൾ നാമറിയാതെ ചിലപ്പോൾ കണ്ണുനനഞ്ഞേക്കാം, ഒരു പുഞ്ചിരി വിരിഞ്ഞേക്കാം , എങ്കിലും ആ യാത്ര കഴിഞ്ഞു തിരികെയെത്തുമ്പോൾ മുന്നോട്ടുള്ള വഴികൾ മുഴുവൻ നടന്നു തീർക്കാൻ വേണ്ടുന്ന ഒരു ഊർജ്ജം നമ്മുടെ ശരീരത്തിലും മനസ്സിലും നിറഞ്ഞിരിക്കും.
തിരക്കുകൾ വല്ലാതെ നമ്മളെ മാറ്റിക്കളയുന്നതിനു മുൻപ്, ഓർമ്മകൾ മാഞ്ഞുപോവും മുൻപ് , നമുക്ക് ആ പഴയ വഴികളിലൂടെ വീണ്ടും നടക്കാം . തിരിഞ്ഞുനോക്കാൻ സമയമില്ലാതെ വരുമ്പോൾ പുറകോട്ടു തിരിഞ്ഞിരുന്നു ഇടയ്ക്കിടെ യാത്ര പോവാം... ഓർമ്മകളിൽനിന്നാണ് ജീവിതം തുടങ്ങുന്നത് . ഓർമ്മകളായാണ് അതൊടുങ്ങുന്നതും.