ഞാൻ പ്രണയത്തിലാണ്, എന്റെ ഓരോ ശ്വാസത്തിലും അതിങ്ങനെ നിറഞ്ഞു
നിൽക്കുകയാണ് .പ്രണയം, അതിന്റെ അർത്ഥം ഓരോ പ്രായത്തിലും വ്യത്യസ്തമാണ് . കുറച്ചു വർഷങ്ങൾക്കുമുമ്പ് , ഇനിയും കൃത്യമായിപ്പറഞ്ഞാൽ സ്വപ്നങ്ങളൊക്കെ കണ്ടു നമ്മളിങ്ങനെ പറന്നു നടക്കുന്ന പ്രായത്തിൽ എന്റെ പ്രണയത്തിന് കടും ചുവപ്പുനിറമായിരുന്നു , ചുവന്ന റോസപ്പൂക്കളുടെ നിറം . ലോകത്തിന്റെ നിറങ്ങളത്രയും സന്നിവേശിപ്പിച്ച പ്രായത്തിൽ ആ റോസാപ്പൂക്കളാണ് എന്റെ സ്വപ്നങ്ങളിലത്രയും നിറഞ്ഞു നിന്നിരുന്നത് .
കണ്ടില്ലെങ്കിൽ കണ്ണീരണിഞ്ഞും പരിഭവം പറഞ്ഞും ഞാൻ എന്റെ സന്ധ്യകളെ കൂടുതൽ ചുവപ്പിച്ചു . അപ്പോഴെല്ലാം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ "ചൂടാതെപോയി നീ നിനക്കായി ഞാൻ ചോര ചാരിച്ചുവപ്പിച്ചൊരെൻ പനീർപ്പൂവുകൾ " എന്ന വരികൾ ഒരു മന്ത്രം പോലെ ഉരുവിട്ടുകൊണ്ടിരുന്നു .
കുറച്ചുകൂടി കഴിഞ്ഞപ്പോൾ എന്റെ പ്രണയം ചുവന്ന റോസാപ്പൂക്കളെ കൈവിട്ടു , കുറച്ചുകൂടി പക്വതയാർന്ന് പിങ്ക് റോസാപ്പൂക്കളിലേക്ക് ചേക്കേറി. എന്നുമെന്നും കാണുന്നതിലും ഒരുമിച്ചു നടക്കുന്നതിലും നല്ലത് വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളാണെന്ന് മനസ്സിലായിത്തുടങ്ങി . കാണാതിരിക്കുമ്പോളാണ് കൂടുതൽ ചിന്തിക്കുന്നതെന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നതെന്നും അറിഞ്ഞുതുടങ്ങി .
മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത കാലത്തിലൂടെ ഞാൻ പലതവണ യാത്ര നടത്തി . പ്രണയം കൊണ്ടെഴുതിയ ജീവിതങ്ങൾ എന്നെ വിസ്മയിപ്പിച്ചു.
അതും കഴിഞ്ഞു, കാലം പിന്നെയും മുന്നോട്ടു തിരിയുമ്പോൾ , പ്രണയം ഒരു താലിച്ചരടിൽ കഴുത്തിലേറ, അതുവരെ കണ്ടിരുന്ന നിറങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റെന്തോ നിറം അതെടുത്തണിഞ്ഞു . ഇടയ്ക്കിടെ നിറം മാറി ചുവപ്പും പിങ്കും പിന്നെ അപൂർവ്വം സമയങ്ങളിൽ വെളുപ്പും കറുപ്പുമായി അതെന്നെ ചിന്താക്കുഴപ്പത്തിലാക്കി . കണ്ടിരുന്നതെല്ലാം പ്രണയമായിരുന്നുവോ എന്നും ഇനിയും ഇതിന്റെ എന്തെല്ലാം വർണ്ണവൈവിധ്യങ്ങൾ കാണേണ്ടിവരുമെന്നും ഞാൻ ആശങ്കപ്പെട്ടു.
പ്രണയത്തിന്റെ അവകാശം തേടി ജീവിതത്തിലേക്ക് അതിഥികളെത്തിയപ്പോൾ പ്രണയം പകുത്തുനൽകൽ കൂടിയാണെന്ന് എനിക്ക് തിരിച്ചറിവുണ്ടായി . വാത്സല്യമായും വിരഹമായും നെഞ്ചിടിപ്പായും ശ്വാസമായും ഞാനതിനെ പകുത്തു നൽകി . കണ്മുന്നിൽ കാണുമ്പോഴും കാണാത്തപ്പോഴും അതെന്നെ തഴുകിക്കൊണ്ടിരുന്നു .
താരാട്ടുപാട്ടുകൾ എന്റെ പ്രണയകവിതകളെ മായ്ച്ചെഴുതി.
കാലം ചിന്തകളിലും അവലോകനങ്ങളിലും കാര്യമായ മാറ്റം വരുത്തിയപ്പോൾ പ്രണയത്തിന് പരസ്പ്പര ബഹുമാനം എന്നൊരു മാനം കൂടിയുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു . നമ്മുടെ ലോകം പോലെ തന്നെയാണ് നിനക്കു നിന്റെയും എനിക്കെന്റെയും ഭ്രാന്തുകൾ എന്നെനിക്കു തിരിച്ചറിഞ്ഞു തുടങ്ങി . എങ്കിലും നിനക്കു ഞാനോ എനിക്ക് നീയോ അന്യരാവുന്നില്ലെന്ന് പ്രണയം എന്നെ പഠിപ്പിച്ചു .
താരാട്ടുപാട്ടുകൾ വീണ്ടും പ്രണയ കവിതകളിലേക്കു തിരികെയെത്തുകയും പൂർവ്വാധികം ഇഷ്ടത്തോടെ വീണ്ടും ഞാൻ മാധവിക്കുട്ടിയെ നെഞ്ചിലേറ്റുകയും ചെയ്തു . കടന്നുപോയ വഴികളിലൂടെ വീണ്ടും സഞ്ചരിച്ചുതുടങ്ങി . എന്റെ പ്രണയം ചുവപ്പും പിങ്കും വെളുപ്പും അണിഞ്ഞു എന്നെ പ്രലോഭിപ്പിച്ചു തുടങ്ങി .
അതേ , ഞാൻ പ്രണയത്തിലാണ്. കടും ചുവപ്പിലും പിങ്കിലും പിന്നെ ഒട്ടനവധി നിറങ്ങളിലും പ്രണയമായ് നീ വിസ്മയിപ്പിക്കുമ്പോൾ ഞാനെങ്ങനെ പ്രണയിക്കാതിരിക്കും ? ഉപാധികളില്ലാത്ത പത്തൊൻപതു വർഷങ്ങൾക്ക് , തൂമഞ്ഞുപോൽ നനുത്ത ഓർമ്മകൾക്കു , പകർന്നുതന്ന പുഞ്ചിരിയ്ക്ക് , തുടച്ചുമാറ്റിയ കണ്ണീരിന് - നിന്റെ പ്രണയത്തിന് സമർപ്പണം.