മുഖത്തേക്ക് ചാറ്റൽമഴത്തുള്ളികൾ പോലെ വെള്ളം ചിതറിത്തെറിച്ചപ്പോൾ അത്ര ദൂരം നടന്നതും വെയിൽ കൊണ്ടതുമെല്ലാം ഒരു നിമിഷം കൊണ്ട് മറന്നുപോയി. ദൂരെ മലമുകളിൽ നിന്നും വിവിധ വർണങ്ങൾ നിറഞ്ഞ പാറക്കല്ലുകളിലൂടെ താഴേക്കു ചിതറിത്തെറിക്കുന്ന വെള്ളച്ചാട്ടം മുഖവും മനസ്സും ഒരുപോലെ തണുപ്പിച്ചു. കണ്ണടച്ച് അതിനുമുന്നിൽ ഇരിക്കുമ്പോൾ മനസ്സ് അലകളെല്ലാം ഒടുങ്ങിയ തീരം പോലെ ശാന്തമായിരുന്നു .
എവിടേയ്ക്ക് യാത്രപോയാലും അലട്ടിയിരുന്ന ഒന്നു രണ്ടു കാര്യങ്ങളായിരുന്നു ഉയരത്തോടുള്ള ഭയവും വെള്ളത്തിലിറങ്ങാനുള്ള പേടിയും . ചെയ്യണമെന്ന തോന്നൽ മനസ്സിലുള്ളപ്പോഴും പേടിക്കാനും അപഹാസ്യയാവാനും നിൽക്കാതെ ഒഴിവാക്കുകയാണ് പതിവ്.അങ്ങനെ കുഞ്ഞുകുഞ്ഞു ഭയങ്ങളുടെ എണ്ണവും കൂടിക്കൂടി വന്നു .
തീരവും കാറ്റും തിരകളും എനിക്കിഷ്ടമാണ് .എത്ര നേരം വേണമെങ്കിലും തിരകൾ കണ്ടിരിയ്ക്കാം , ഒരിയ്ക്കലും മടുക്കില്ല , പക്ഷേ ആ വെള്ളത്തിലേക്കിറങ്ങാനോ നനയാനോ ശ്രമിക്കാറില്ല . ഇറങ്ങിയാലും കാൽപാദങ്ങൾ നനയ്ക്കാമെന്നല്ലാതെ അതിനുമപ്പുറത്തേക്കു പറ്റില്ല. ആഴത്തിലോട്ടു നോക്കുമ്പോൾ തന്നെ ഒരു തരം ശ്വാസം മുട്ട് . ഭർത്താവും മക്കളും എത്രതന്നെ പ്രോത്സാഹിപ്പിച്ചാലും നടക്കില്ല . അതുപോലെ തന്നെ ഉയരത്തിലേക്കുള്ള നടപ്പും. താഴേക്ക് നോക്കുമ്പോൾ അടിവയറ്റിൽ നിന്നും ഒരു തീ ആളി മുകളിലോട്ടെത്തും . കാലുകളൊക്കെ തളരും . ഒടുവിൽ ഒരു കോമ്പ്രോമൈസിൽ എത്തും , "നിങ്ങളെല്ലാരും പോയിട്ടുവരൂ , ഞാൻ ഇവിടെ ഈ കാഴ്ച്ചകളൊക്കെ കണ്ട് ... ഇതാണ് എനിക്കിഷ്ടം ".
"എന്താണ് ഞാൻ മാത്രം ഇങ്ങനെ" എന്ന ചോദ്യം ഒരുപാടു തവണ സ്വന്തമായും കൃത്യമായ ഇടവേളകളിൽ ഭർത്താവിനോടും വല്ലപ്പോഴും മക്കളോടും ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു . ആശ്വസിപ്പിക്കാനെന്നവണ്ണം " ഇറങ്ങിനോക്കൂ എന്നാലല്ലേ പേടി മാറൂ , ഞാൻ ഇല്ലേ കൂടെ " എന്ന് ഭർത്താവും "അമ്മീ , മറ്റുള്ളവർ ചെയ്യാത്ത എത്രയോ കാര്യങ്ങൾ അമ്മി ചെയ്യുന്നു , വൈ ഡൂ യൂ ബോതർ ?" എന്ന് മക്കളും മറുപടി തന്നുകൊണ്ടേയിരുന്നു .
അവർ എന്തൊക്കെ പറഞ്ഞാലും എന്റെ കുഞ്ഞുകുഞ്ഞു ഭയങ്ങൾ എന്നെ പിന്നോട്ട് വലിച്ചുകൊണ്ടേയിരുന്നു.
കഴിഞ്ഞയാഴ്ച്ച കേരളാ ഫെസ്റ്റിനു രെഞ്ചുവിനെ കണ്ടപ്പോൾ, 'അടുത്താഴ്ചയാണ് തൈക്കൂടം ബ്രിഡ്ജിന്റെ ഷോ , വരുമല്ലോ അല്ലേ " എന്ന ചോദ്യത്തിന് ഭർത്താവ് ഉത്സാഹപൂർവ്വം തലയാട്ടിയപ്പോൾ എനിക്കെന്തോ ഒന്നും പറയാൻ തോന്നിയില്ല. കണ്ണു തുളച്ചുകയറുന്ന ലൈറ്റുകൾക്ക് നടുവിൽ അത്യുച്ചത്തിലുള്ള വാദ്യോപകരണങ്ങളുടെ ബഹളത്തിൽ... ഓർക്കുമ്പോഴേ ഒരു വിമ്മിഷ്ടം. അങ്ങനെ എനിക്ക് സംഗീതം ആസ്വദിക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞില്ല . നിശബ്ദമായ, എണ്ണംപറഞ്ഞ സദസ്സിനുമുന്നിൽ നിനക്കുവേണ്ടി ആരാണ് പരിപാടി അവതരിപ്പിക്കുക എന്ന ചോദ്യം കേൾക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. എങ്കിലും രാത്രി കിടക്കാൻ നേരം പതിവുപോലെ ആവലാതികൾ ഇറക്കി വയ്ക്കുന്ന കൂട്ടത്തിൽ , "നോക്കൂ , ഞാൻ വരുന്നില്ല ഷോ കാണാൻ എനിക്ക് ആ ബഹളം പറ്റില്ല " എന്ന് പറഞ്ഞുനോക്കി. തീഷ്ണമായ ഒരു നോട്ടത്തിൽ മറുപടി അവസാനിച്ചു . വേണുഗോപാലിന്റെ അതിമനോഹരമായ ശബ്ദത്തിൽ "കൃഷ്ണാ നീയെന്നെ അറിയില്ല .." എന്ന നേർത്ത കവിതാലാപനം കേട്ട് ഞാൻ ഉറങ്ങിപ്പോവുകയും ചെയ്തു .
ഇത്തവണ ട്രിപ്പ് ആലോചിച്ചപ്പോൾ തന്നെ ഓർത്തിരുന്നു , എന്തെങ്കിലുമൊക്കെ ചെയ്യണം വ്യത്യസ്ഥമായിട്ട് . വളരെ മനോഹരമായ ഡ്രൈവ് ആയിരുന്നു , "ഗോയിങ് ടു ദി സൺ റോഡ് ". മാനം മുട്ടെ ഉയർന്നു നിൽക്കുന്ന കൂറ്റൻ മലനിരകളുടെ ചെരുവിലൂടെ കയറിയിറങ്ങി , ഇടതിങ്ങിയ വനത്തിലൂടെ പാമ്പുപോലെ വളഞ്ഞുപുളഞ്ഞു പോകുന്ന മനോഹരമായ വഴി . "നമ്മൾ ഏകദേശം 6600 അടി ഉയരത്തിലാണ് " ഭർത്താവിന്റെ വാക്കുകൾ. പേടി മനസ്സിലേക്ക് അരിച്ചിറങ്ങുന്നുണ്ട് . എങ്കിലും കണ്ണുകൾ തുറന്നിരിക്കാതെ തരമില്ല . അത്രയ്ക്ക് മനോഹരങ്ങളായ ചെടികളും പൂക്കളുമാണ് വഴിയരികിൽ !!. ഇടയ്ക്കിടെ പാറക്കെട്ടുകളിൽ നിന്നും കുതിച്ചു ചാടുന്ന മനോഹരങ്ങളായ കുഞ്ഞരുവികൾ... മലമുകളിൽ നിന്നും താഴേക്ക് ഇറ്റിറ്റുവീഴുന്ന വെള്ളത്തുള്ളികൾ , "വീപ്പിങ് വോൾ " കരയുന്ന ഭിത്തികൾ , ഇട്ടിരിക്കുന്ന പേരു കൊള്ളാം. വഴിയരികിൽ നിർത്തി ആളുകൾ അഗാധങ്ങളായ താഴ് വാരങ്ങളിലേക്ക് നോക്കി കാഴ്ച്ചകൾ കാണുന്നു. വണ്ടിനിർത്തിയിറങ്ങി , പേടിച്ചുപേടിച്ചാണെങ്കിലും ഞാനും എത്തിനോക്കി . അങ്ങനെ ധൈര്യം സംഭരിച്ചു കണ്ണ് തുറന്നുപിടിച്ചു നിൽക്കുമ്പോൾ ആണ് നമ്മുടെ സുഹൃത്ത് പറയുന്നത് , "നമ്മൾ ഇനി ഒരു 15 മിനിറ്റു വനത്തിലൂടെ നടക്കാൻ പോവുകയാണ്, മൂന്നു അതിമനോഹരമായ വെള്ളച്ചാട്ടങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത് "
പതിനഞ്ചു മിനിറ്റ് , അതും വനത്തിലൂടെ - മനസ്സിലേക്ക് വന്നത് രണ്ടുമൂന്നു കാര്യങ്ങളാണ് , ഉയരങ്ങളില്ലാ , പേടികളും വേണ്ട . സർവ്വസാമഗ്രികളുമെടുത്തു നടപ്പു തുടങ്ങി , പതിനഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ബോർഡ് , "വിർജീനിയ ഫാൾസ് - 1.9 മൈൽസ് ", എത്ര സമയം എന്ന എന്റെ ചോദ്യം ആരും കേട്ടതായി ഭാവിച്ചില്ല . നടപ്പിന്റെ ഗതിമാറി , ഉയരം കൂടിത്തുടങ്ങി , നല്ല വെയിലും . "എനിക്ക് പറ്റിയ സ്ഥലമല്ലെന്ന്" ഭർത്താവിനോട് പറഞ്ഞുനോക്കി. മറുപടിയില്ലെന്നു മാത്രമല്ലാ , മൈൻഡ് ചെയ്യുന്നില്ല . ഇനിയിപ്പോൾ തനിയെ തിരിച്ചു നടക്കാനും വയ്യാ .
പക്ഷേ, ദൂരം ചെല്ലുന്തോറും അതെല്ലാം ഞാൻ മറന്നു . എത്ര ഭംഗിയുള്ള സ്ഥലം , ഇടയ്ക്കിടെ വെള്ളച്ചാട്ടങ്ങൾ . എത്രയോ ആളുകളാണ് മല കയറുന്നത് , കൊച്ചുകുട്ടികളും പ്രായമായവരുമൊക്കെ . ശരിക്കും ആസ്വദിച്ചു നടക്കാൻ തുടങ്ങിയത് അപ്പോളാണ് . വെള്ളച്ചാട്ടത്തിന്റെ ആരവം കേൾക്കുന്നുണ്ട് . ഒരൽപ്പം വിശ്രമിക്കാൻ ആ പാറക്കെട്ടിലിരുന്നപ്പോളാണ് മലയിറങ്ങിവരുന്ന അയാൾ പറഞ്ഞത് , "ഒരു അര മൈലുകൂടിയെ ഉള്ളൂ . അത് കാണണം , ശരിക്കും അമൂല്യമാണ് ".
കയറിയെത്തി ആ വെള്ളച്ചാട്ടം കണ്ടപ്പോൾ അമ്പരന്നുപോയി. എത്ര മനോഹരമാണത് , മുകളിൽനിന്നും ചിതറിത്തെറിക്കുന്ന ജലകണങ്ങൾ നമ്മളെ ചെറുതായി നനക്കുന്നുണ്ട് . അത്ര നേരത്തെ ക്ഷീണവും കിതപ്പുമെല്ലാം അത് മായ്ച്ചുകളയുന്നു . കാറ്റടിക്കുമ്പോൾ ചെറിയ ചാറ്റൽ മഴ പെയ്തിറങ്ങുംപോലെ... കണ്ണുകൾ അടച്ചിരിക്കുമ്പോൾ കാടിന്റെ കലമ്പൽ അവ്യക്തമായി കേൾക്കാം , വെള്ളച്ചാട്ടത്തിന്റെ ഇരമ്പം അതിനെ മറികടക്കുന്നുണ്ടെങ്കിലും. മനസ്സ് അപ്പൂപ്പൻ താടിപോലെ കനമില്ലാതാവുന്നു .. എത്രയെത്ര സുന്ദരദൃശ്യങ്ങളാണ് പ്രകൃതി ഇങ്ങനെ ഒളിപ്പിച്ചു വച്ചിരിക്കുന്നത് .
തിരിച്ചിറങ്ങുമ്പോൾ ഒരു പ്രത്യേക ഊർജ്ജമായിരുന്നു മനസ്സിനും ശരീരത്തിനും . അടുത്ത സ്ഥലം ആ വലിയ തടാകമാണെന്നും അതിന്റെ തീരത്തു ഇറങ്ങാമെന്നും പറഞ്ഞപ്പോൾ അതുകൊണ്ടുതന്നെ വല്യ പേടി തോന്നിയില്ല . സമയമെടുത്താണെങ്കിലും വെള്ളത്തിലിറങ്ങി , മോന്റെ കൂടെ കളിച്ചു . ശ്വാസം മുട്ടിയെങ്കിലും രണ്ടു തവണ മുങ്ങിനിവർന്നു. ഭർത്താവിന്റെ അത്ഭുതം നിറഞ്ഞ കണ്ണുകൾ കണ്ട് ഉള്ളിൽ ചിരിച്ചു .
നേരം വൈകി തിരിച്ചു പോരുമ്പോൾ വഴിയരികിൽ മാൻകൂട്ടങ്ങളും കാട്ടാടുകളുമൊക്കെ ഇറങ്ങിത്തുടങ്ങിരുന്നു . കാറിൻറെ ഡോറു തുറന്നു കുട്ടികൾ പുറത്ത് ഇറങ്ങിയപ്പോൾ പതിവുപോലെ ഞാൻ അവരെ പറഞ്ഞു പേടിപ്പിച്ചില്ല , അവർ ധൈര്യമുള്ളവരാവട്ടെ, കാടിനേയും നാടിനേയും പേടിക്കാതിരിക്കട്ടെ .
മലയിറങ്ങി വണ്ടി നിരപ്പിലേക്കെത്തുമ്പോൾ ഞാൻ ഭർത്താവിനെ തൊട്ടു വിളിച്ചു , "അടുത്തയാഴ്ച്ച തൈക്കൂടം ബ്രിഡ്ജിന്റെ ഷോ കാണാൻ ഞാനും കൂടി വരുന്നുണ്ട് ". വണ്ടി പതുക്കെയാക്കി ആൾ എന്നെ അത്ഭുതത്തോടെ നോക്കി , "തിരക്ക് , ബഹളം, അലർച്ചകൾ..അതൊക്കെ ? ".
ഒരു ദീർഘനിശ്വാസത്തിനൊടുവിൽ ഞാൻ പറഞ്ഞു ," അവിടുന്ന് തിരിച്ചിറങ്ങുമ്പോൾ മനസ്സിലുറപ്പിച്ചിരുന്നു, ഉള്ളിലെ ഭയങ്ങളെ നേരിട്ടു നോക്കണം , എങ്കിലേ എന്നിൽ നിന്നും നഷ്ടമാവുന്ന കാഴ്ചകളെ, അനുഭവങ്ങളെ എനിക്ക് സ്വന്തമാക്കാനാവൂ. ഓർമ്മപ്പുസ്തകങ്ങൾ നിറയ്ക്കാനാവൂ ,പിന്നീട് നഷ്ടബോധങ്ങൾ പാടില്ലല്ലോ ".
അലറി വിളിച്ചുകൊണ്ടിരുന്ന എഫ് എം മ്യൂസിക് ഓഫ് ചെയ്ത് ആൾ ഒന്ന് പതിയെച്ചിരിച്ചു മലയാളം സി ഡി ഓണാക്കി , "ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ , ഒരു വേള നിൻ നേർക്കു നീട്ടിയില്ല ..." ഉണ്ണിമേനോൻ എനിക്കായ് മാത്രം പാടിത്തുടങ്ങി