കുറച്ചു ദിവസങ്ങളായി അയാൾ ഒരേ കിടപ്പാണ്, ശരീരമാസകലം വേദനയുള്ളതുപോലെ ഇടയ്ക്കിടെ മൂളുകയും ഞരങ്ങുകയും ചെയ്യുന്നുണ്ട് . ആരെയോ തിരയുന്നതുപോലെ അയാളുടെ പാതിയടഞ്ഞ കണ്ണുകളിലെ കൃഷ്ണമണികൾ അങ്ങോട്ടുമിങ്ങോട്ടും വല്ലപ്പോഴും ചലിക്കുന്നുണ്ട്. വളരെ നേരത്തെ ശ്രമത്തിനു ശേഷം ഏറെ കഷ്ടപ്പെട്ട് അയാൾ കണ്ണുകൾ മെല്ലെ തുറക്കുകയും കൈകൾ അനക്കാൻ ശ്രമിക്കുകയും ചെയ്തു .
അനക്കം കേട്ടാവണം മുറിയിൽ ചാർട്ടിൽ എന്തോ കുത്തിക്കുറിച്ചു കൊണ്ടിരുന്ന വെള്ളക്കാരി നേഴ്സ് തിരിഞ്ഞുനോക്കി . "ഓഹ് , അബ്ദുള്ള കണ്ണു തുറന്നു. " പ്രകടമായ സന്തോഷത്തിൽ അവർ വേഗം ബെഡിനരികിലേക്കു വന്നു . കൈ പിടിച്ചു പൾസ് നോക്കുന്നതിനിടയിൽ മറു കൈകൊണ്ടു അയാളുടെ നെറ്റിയിൽ പതിയെ തലോടി. "വേദനകൾ കുറവുണ്ടോ" സൗമ്യമായി ചോദിച്ചു .
അയാൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല . ക്ഷീണിതമായ കണ്ണുകൾ വീണ്ടും വീണ്ടും വലിച്ചു തുറക്കാൻ അയാൾ ശ്രമിക്കുകയും ഇടയ്ക്കിടെ അതിൽ വിജയിക്കുകയും ചെയ്തുകൊണ്ടിരുന്നു .
പൾസ് നോക്കിയ ശേഷം നേഴ്സ് തിടുക്കത്തിൽ ഇന്റർകോമിലൂടെ ആരോടോ സംസാരിച്ചു വെച്ചു. നിമിഷങ്ങൾക്കകം മറ്റു രണ്ടു നേഴ്സുമാർ റൂമിലെത്തുകയും അവർ മൂവരും കൂടി അയാളെ മരുന്നു കഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു . അയാൾ നിഷേധാർത്ഥത്തിൽ തല ചെരിച്ചുകൊണ്ടിരുന്നു .
പെട്ടെന്ന് സ്നേഹപൂർണ്ണമായ ആ സ്വരം കേട്ടു , "ബാപ്പാ , അൽപ്പം വെള്ളം തരട്ടേ ?" പാതിയടഞ്ഞ കണ്ണുകൾക്ക് മുന്നിൽ അവ്യക്തമായി അയാൾ ആ രൂപം കണ്ടു. "ബാപ്പ " എന്ന വിളി അയാളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ തട്ടി വീണ്ടും വീണ്ടും മുഴങ്ങിക്കേട്ടു .
"ഡോക്ടർ അലി , ഇതിപ്പോൾ ദിവസങ്ങളായി അബ്ദുള്ള മരുന്ന് റിജെക്ട് ചെയ്യുന്നു , ആഹാരവും നിർത്തി". നേഴ്‌സുമാരുടെ ആകുലതകളോട് , "ഞാൻ ശ്രമിക്കട്ടേ , മരുന്ന് അവിടെ വെച്ചോളൂ" എന്ന് അലി മറുപടി പറഞ്ഞു . അവരുടെ ഷൂസുകളുടെ ശബ്ദം അകന്നകന്നു പോകുന്നത് കേട്ടപ്പോൾ ഡോക്ടർ അലി അടുത്തുകിടന്ന കസേര നീക്കി ബെഡിനരികിലേക്കിട്ട് അതിൽ ഇരുപ്പുറപ്പിച്ചു . പാതിമയക്കത്തിലായ അബ്ദുള്ളയുടെ കൈകളിൽ മെല്ലെ തലോടി.
പിന്നെ എഴുന്നേറ്റു ചെന്ന് മുറിയിലെ ജനാലയിലൂടെ പുറത്തേക്കു നോക്കി . മരങ്ങളിലെ ഇലകളൊക്കെ കൊഴിഞ്ഞിരിക്കുന്നു , വസന്തം വിടവാങ്ങുകയാണ്. ജനാല അൽപ്പം തുറന്നപ്പോൾ തണുത്ത ഇളംകാറ്റ് മുറിയിലേക്ക് കയറി . വീണ്ടും ജനാലയടച്ചു അലി തിരികെ വന്ന് ഭിത്തിയിലെ ഫോട്ടോകളിലേക്കു കണ്ണുനട്ടു, ഓരോന്നായി വീണ്ടും കാണാൻ തുടങ്ങി .
ആദ്യത്തേത് ഒരു പഴയ കുടുംബചിത്രമാണ്. അബ്ദുള്ളയും ഭാര്യയും ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും. എന്തൊരു അഭിമാനമാണ് ഒരു കുടുംബത്തെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്ന അബ്ദുള്ളയുടെ മുഖത്ത്!!. അടുത്തത് കനേഡിയൻ പൗരത്വം സ്വീകരിക്കുന്ന ചടങ്ങിന്റെ ഫോട്ടോ ആണ് . ആ ഫോട്ടോയിൽ സാറാന്റിയുടെ മുഖത്തുമാത്രം ഒരു സങ്കടമുണ്ട് . അടുത്തടുത്ത ചിത്രങ്ങളിൽ അബ്ദുല്ലയുടെ കുട്ടികളുടെ വളർച്ചയുടെ പടവുകൾ അലി കണ്ടു. മോളുടെ ഗ്രാഡുവേഷൻ ചിത്രം , അവളോടൊപ്പം അഭിമാനപൂർവ്വം നിൽക്കുന്ന മാതാപിതാക്കൾ. അതിനു താഴെ "പ്രൗഡ് ഓഫ് യൂ , Dr ഫാത്തിമ " എന്ന കുറിപ്പ്. പിന്നെയും കുറേ ചിത്രങ്ങൾ. ഫാത്തിമയുടെ വിവാഹം , ഫഹദിന്റെ ഗ്രാഡുവേഷൻ , വിവാഹം , അതിനുതാഴെ ഒരു പുസ്തകത്തിന്റെ ചിത്രം - കനവുകളുടെ ഒറ്റത്തുരുത്ത് , സാറാ അബ്ദുല്ല . അബ്ദുല്ലയുടെ റിട്ടയർമെൻറ് പാർട്ടി , അബ്ദുള്ളയും സാറയും മാത്രമായൊരു ചിത്രം .
ഇനിയൊന്നും കാണാൻ കെൽപില്ലാത്തവിധം അലി തിരികെവന്ന് കസേരയിൽ ഇരുന്നു . അബ്ദുല്ല ഉറങ്ങുകയാണ്. നോക്കിയിരിക്കെ അലിയുടെ മുന്നിൽ കുറേ ഓർമ്മചിത്രങ്ങൾ തെളിഞ്ഞുവന്നു .
നാട്ടിൽ നിന്നും മെഡിസിൻ കഴിഞ്ഞു ഉപരിപഠനത്തിനുള്ള ആലോചനകൾ തുടങ്ങിയപ്പോൾ മുന്നിൽ നിന്നത് ക്യാനഡയുടെ പേരായിരുന്നു. മുൻപേ അങ്ങോട്ടു പറന്ന സുഹൃത്തുക്കളുടെ മാർഗ്ഗനിർദ്ദേശങ്ങൾ കൂടിയായപ്പോൾ അതുതന്നെ അടുത്തത് എന്ന് തീരുമാനിച്ചു. ഒറ്റ മകനായതുകൊണ്ടു അവന്റെ ഒരിഷ്ടങ്ങൾക്കും എതിരു നിൽക്കാത്ത ബാപ്പ സമ്മതിക്കുകയും ചെയ്തു . എങ്കിലും പുറപ്പെടുന്നതിന്റെ തലേ ദിവസ്സം ബാപ്പ അവനോട് കുറേ സംസാരിച്ചു , "മോനേ , പാശ്ചാത്യ രാജ്യമാണ് , എവിടെപ്പോയാലും പടച്ചവനെ മറക്കാതിരിക്കുക, പ്രാർത്ഥിക്കുക , നല്ല മനുഷ്യനായി ജീവിക്കുക , തീരുമാനങ്ങൾ പടച്ചവന്റെയാണെന്നും നമ്മൾ അതനുസരിക്കാൻ ബാധ്യസ്ഥരാണെന്നും മനസ്സിലുറപ്പിക്കുക ".
സ്റ്റുഡൻറ് വിസയിൽ വരുന്നവരുടെ കഷ്ടപ്പാടുകൾ ഓരോന്നായി വരുമ്പോഴും ബാപ്പയുടെ ആ വാക്കുകൾ മനസ്സിൽ മുഴങ്ങിക്കേൾക്കുകയും അത് അലിയ്ക്കു ആത്മവിശ്വാസം പകർന്നു കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു.
പഠിത്തത്തിനിടയിലെ പാർട്ട്-ടൈം ജോലിയാണ് മിക്ക വിദേശ വിദ്യാർത്ഥികളുടെയും വരുമാനമാർഗ്ഗം . അതിൽ അവർ അഭിമാനിക്കുകയും ചെയ്യുന്നു . അങ്ങനെ വാൾ-മാർട്ടിൽ കാഷ്യർ ആയി നിൽക്കുമ്പോഴാണ് മുന്നിൽ നിൽക്കുന്ന പ്രായം ചെന്ന ദമ്പതികൾ മലയാളം പറയുന്നത് കേൾക്കുന്നത്. തലയുയർത്തി അവരെ നോക്കി പുഞ്ചിരിച്ചു , "അലി ഹുസൈൻ " നെയിംബോർഡിലെ പേരു വായിച്ചു അവർ ചോദിച്ചു , "സൗത്ത് ഇന്ത്യൻ ? ". ചിരിച്ചുകൊണ്ട് അലി മറുപടി പറഞ്ഞു, "അതേ ,മലയാളിയാണ്" . സലാം പറഞ്ഞു ഒന്നു രണ്ടു കുശലാന്വേഷണങ്ങൾ നടത്തി അവർ പോയി.
രണ്ടുമൂന്നു മാസങ്ങൾ കഴിഞ്ഞു , ക്യാനഡയിലെത്തിയ ശേഷമുള്ള ആദ്യ റമദാനിൽ ടൗണിലെ പള്ളിയിൽ വെച്ച് തറാവീഹു നമസ്ക്കാരം കഴിഞ്ഞു സലാം വീട്ടിയെഴുന്നേൽക്കുമ്പോഴാണ് പുറകിൽ നിന്നും ആരോ തോളിൽതട്ടിയത് . തിരിഞ്ഞുനോക്കുമ്പോൾ അബ്ദുള്ള അങ്കിളാണ്. സന്തോഷപൂർവ്വം കെട്ടിപ്പിടിച്ചു. ആൾത്തിരക്കിലൂടെ പുറത്തേക്കിറങ്ങി വിശാലമായ പള്ളിമുറ്റത്ത് കുറച്ചുനേരം നിന്നു. കറുത്തവനെന്നോ വെളുത്തവനെന്നോ വ്യത്യാസമില്ലാതെ വിശ്വാസികൾ തോളോട് തോൾ ചേർന്ന് പ്രാർത്ഥന കഴിഞ്ഞു ഒരുമിച്ചിറങ്ങുന്ന കാഴ്ച്ച എന്തൊരു അനുഗ്രഹീതമാണ്. തീർത്തും അപരിചിതരായ പലരും വെള്ളക്കുപ്പികളും ഭക്ഷണപ്പൊതികളും കൊണ്ടുവന്ന് നിർബന്ധപൂർവ്വം ഏൽപ്പിക്കുന്നു .
പിന്നീട് പലതവണ റമദാനിൽ അങ്കിളിനെ പള്ളിയിൽ കണ്ടു , ഒരു പാടു സംസാരിച്ചു. വർഷങ്ങൾക്കു മുമ്പ് ക്യാനഡയിലേക്കു കുടിയേറിയ കഥ പറഞ്ഞു , അന്നത്തെ കഷ്ടപ്പാടുകൾ , ജോലികൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ . ഒരു ദിവസ്സം നിർബന്ധപൂർവ്വം വീട്ടിലേക്ക് നോമ്പുതുറക്കാൻ ക്ഷണിച്ചു .
അങ്ങനെയാണ് സാറാന്റിയെ പരിചയപ്പെടുന്നത് . വളരെ സൗമ്യമായി ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഐശ്വര്യമാർന്ന ഒരു മുഖം. വെളുത്ത സ്കാർഫും ശാന്തമായ നടപ്പും പലപ്പോഴും ഉമ്മയെ ഓർമ്മിപ്പിച്ചു.
മക്കളെക്കുറിച്ചു പറയുമ്പോൾ മാത്രം അവർ വാചാലയായി , ഒട്ടനവധി ആൽബങ്ങൾ എടുത്തുകൊണ്ടു വന്നു ഫാത്തിമയെയും ഫഹദിനെയും കുറിച്ച് സംസാരിച്ചു . ഫാത്തിമയിപ്പോൾ കുടുംബസമേതം ഇംഗ്ലണ്ടിലാണെന്നും ഫഹദ് ക്യാനഡയിൽത്തന്നെ മറ്റൊരു സിറ്റിയിലാണെന്നും മാത്രമല്ലാ അവരെക്കുറിച്ചുള്ള ഓരോ വിശേഷങ്ങളും പങ്കുവെച്ചു.
ഭക്ഷണം കഴിഞ്ഞു കൈകഴുകാൻ ചെന്നപ്പോൾ അരികിലെ അലമാരയിൽ നാലഞ്ചു ബുക്കുകൾ , കവിതാസമാഹാരങ്ങളാണ് . പേരു കണ്ടു സംശയപൂർവ്വം എടുത്തുനോക്കി, അതേ സാറാ അബ്ദുല്ല തന്നെ. "നന്നായി എഴുതുമായിരുന്നു പണ്ട്. നാടു വിട്ടുപോരാൻ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. എന്റെ നിർബന്ധമായിരുന്നു . ഇവിടെയെത്തിയപ്പോൾ ആ നഷ്ടബോധങ്ങളൊക്കെയും പേനയിലൂടെ കടലാസിലേക്ക് പകർത്തിക്കൊണ്ടിരുന്നു . പലരേയും അത് കരയിച്ചുകൊണ്ടിരുന്നു . സുഹൃത്തുക്കളുടെ നിർബന്ധമായിരുന്നു ബുക്ക് ആക്കണമെന്നു . കുട്ടികൾ അവരുടെ ലോകങ്ങളിലേക്കു വഴിപിരിഞ്ഞപ്പോൾ വീണ്ടും എഴുത്തിന്റെ തീവ്രത കൂടി അങ്ങനെ അഞ്ചു ബുക്കുകൾ.. ഇപ്പോൾ വല്ലപ്പോഴുമുള്ള രണ്ടുമൂന്നുവരി കുത്തിക്കുറിക്കലുകളേയുള്ളു ", അങ്കിൾ പറഞ്ഞുനിർത്തി സ്നേഹപൂർവ്വം ആന്റിയുടെ കൈകളിൽ തലോടി .
വർഷങ്ങൾ എത്രപെട്ടെന്നാണ് ഓടി മറയുന്നത് !! ആദ്യത്തെത്തവണ പരീക്ഷ പാസ്സാവാതെ വന്നപ്പോൾ അങ്കിളും ആന്റിയും ആശ്വസിപ്പിച്ചു , "പടച്ചവന്റെ തീരുമാനങ്ങളാണ് ശരി " എന്ന് വീണ്ടും ഓർമ്മിപ്പിക്കാൻ നിൽക്കാതെ ബാപ്പ അതിനിടയിൽ കടന്നുപോയിരുന്നു . വിഷമിച്ചു നിരാശനായിരുന്ന ഓരോ ദിവസ്സവും സാറാന്റി വിളിച്ചു. അടുത്ത തവണ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ ഭക്ഷണം പാകം ചെയ്തു പാത്രങ്ങളിലാക്കി കൊടുത്തുവിട്ടു . "ബുദ്ധിമുട്ടാകില്ലേ " എന്ന ചോദ്യത്തിന് "റിട്ടയർ മെന്റും കഴിഞ്ഞു ഒറ്റയ്ക്കായ ഞങ്ങൾക്ക് എന്തെങ്കിലുമൊരു ജോലിയാവട്ടെ " എന്ന് ആന്റി തമാശ പറഞ്ഞു .
അത്തവണ പരീക്ഷ പാസ്സാവുകയും ഇന്റേണൽ ഷിപ് കഴിഞ്ഞു ജോലിക്കു കയറുകയും ചെയ്ത ശേഷം ആ വീട്ടിലേക്കുള്ള സന്ദർശനം കുറഞ്ഞു. അതിനിടയിലായിരുന്നു വിവാഹം, സെറീന കൂടി വന്നതോടെ ജീവിതത്തിലെ തിരക്കുകൾ കൂടി വന്നു . ഒറ്റക്കിരുന്നു ബോറടിക്കുമ്പോൾ അവൾ ആന്റിയെയും അങ്കിളിനെയും കാണാൻ പോയി . ഓരോ സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തുമ്പോഴും അവൾ പറഞ്ഞുകൊണ്ടിരുന്നു , " സാറാന്റിക്കു ഓർമ്മക്കുറവുണ്ടെന്നു തോന്നുന്നു , എന്നെ ഇടയ്ക്കിടെ "ഫാത്തിമ " എന്നാണ് വിളിക്കുക. അങ്കിളിനും നല്ല ക്ഷീണമുണ്ട് ".
കുറച്ചുദിവസ്സങ്ങൾ കഴിഞ്ഞു കാണാൻ ചെല്ലുമ്പോൾ അങ്കിൾ പറഞ്ഞു, "ഒറ്റയ്ക്ക് സാറയെയും കൊണ്ട് ഇവിടെ താമസിക്കാൻ വയ്യ മോനെ. ഇടയ്ക്കിടെ അവൾക്കു ഓർമ്മകൾ നഷ്ടമാവുന്നുണ്ട് , ഫാത്തിമയും പറയുന്നത് ലോങ്ങ് ടെം കെയറിലോട്ടു (വൃദ്ധസദനം)മാറാമെന്നാണ്. അവിടെയാവുമ്പോൾ സഹായത്തിന് ആളുകൾ ഉണ്ടാവുമല്ലോ ".
പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. ആയിടെ പുതുതായി പണിപൂർത്തിയായ വൃദ്ധസദനത്തിലോട്ടു അവർ താമസ്സം മാറ്റി. ഇവിടുത്തെ നാട്ടുനടപ്പനുസരിച്ചു തങ്ങൾക്ക് വളരെ പ്രിയപ്പെട്ട വസ്തുക്കളും അവരോടൊപ്പം കൂടുമാറി. ഫഹദും ഫാത്തിമയും എത്തിയിരുന്നു . തങ്ങളുടെകൂടെ അവരെ കൊണ്ടുപോകാൻ രണ്ടുപേരും ഒരുക്കമായിരുന്നു . "ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഒരു ഭാരമാകാൻ ഞങ്ങൾക്ക് വയ്യ " എന്ന അങ്കിളിന്റെ ദൃഢനിശ്ചയത്തിനുമുന്നിൽ ആർക്കും ഒന്നും പറയാനില്ലായിരുന്നു.
രണ്ടുപേരും വളരെ സന്തോഷത്തോടെയാണ് അവിടെ കാണപ്പെട്ടത് . സമപ്രായക്കാരുമായി സംസാരിക്കാനും സമയം ചിലവഴിക്കാനും തുടങ്ങിയതോടെ അവരുടെ ഒറ്റപ്പെടലിനു ഒരു വിരാമമായല്ലോ എന്ന് അലിയ്ക്കു തോന്നി . സുഖമില്ലാത്ത ഉമ്മയെ പരിചരിക്കാൻ സെറീന നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോൾ സാറാന്റി അവളുടെ കൈകളിൽ പിടിച്ചു നിറകണ്ണുകളോടെ ചോദിച്ചു , "എന്നെക്കൂടി കൊണ്ടുപോകുമോ മോളേ , നാടുകാണാൻ മഴ നനയാൻ കൊതിയാവുന്നു ". സെറീന അവരെ നെഞ്ചോടുചേർത്തു പിടിച്ചു വിതുമ്പി . നാട്ടിലെത്തിയിട്ടും ഓരോ തവണ വിളിക്കുമ്പോഴും അവൾ സങ്കടപ്പെട്ടു .
കൺസൾട്ടന്ടായി അലി അങ്ങോട്ട് വന്നതോടെ അങ്കിളിനു കുറച്ചുകൂടി ആശ്വാസമായി. പക്ഷേ , ആന്റിയുടെ ലോകത്തുനിന്നും തിരിച്ചറിവുകളും ഓർമ്മകളും പതിയെപ്പതിയെ അടർന്നുപോയ്ക്കൊണ്ടിരുന്നു . പല രാത്രികളിലും മുറിയുടെ വാതിൽ തുറന്ന് ലക്ഷ്യമില്ലാതെ പൂന്തോട്ടത്തിലൂടെ നടന്ന ആന്റിയെ നേഴ്‌സുമാർ അനുനയിപ്പിച്ചു റൂമിൽ എത്തിച്ചപ്പോഴാണ് അങ്കിൾ\അറിയുന്നത് . മിക്ക ദിവസ്സങ്ങളിലും ഡോക്ടർ അലിയെ കാത്തിരുന്നത് ഇത്തരം സന്ദേഹങ്ങളായിരുന്നു.
അങ്ങനെയാണ് ആന്റിയെ കൂടുതൽ കരുതലുള്ള, ഏതു സമയത്തും സഹായിക്കാൻ ഡോക്ടർമാരും നേഴ്‌സുമാരും ഓടിയെത്തുന്ന മറ്റൊരു ഫെസിലിറ്റിയിലേക്കു മാറ്റാൻ തീരുമാനിച്ചത് . ആന്റിയുടെ കൈവിടാതെ വിതുമ്പിനിന്ന അങ്കിളിനെ വളരെ പണിപ്പെട്ടു പിടിച്ചു മാറ്റിയാണ് ആന്റിയെ അങ്ങോട്ടുള്ള വാഹനത്തിൽ കയറ്റിയത് . കണ്ണുനീരണിഞ്ഞ മുഖവുമായി ജനാലക്കരുകിൽ വീൽചെയറിലിരുന്ന അങ്കിളിന്റെ രൂപം അലിയുടെ ഉറക്കം കെടുത്തി .
അതിലും സങ്കടകരമായ വാർത്തയായിരുന്നു അടുത്ത ദിവസം അലിയെ കാത്തിരുന്നത് . ഉച്ചയോടെ സെൽ ഫോണിലെത്തിയ മെസ്സേജ് "സാറാ അബ്ദുല്ല പാസ്സസ് എവേ ഡ്യൂ ടു കാർഡിയാക് അറസ്റ്റ് ". പണ്ട് സാറാന്റി പറഞ്ഞ വാക്കുകൾ ചെവിയിൽ മുഴങ്ങി , "അങ്കിളില്ലാതെ ഒരു നിമിഷം പറ്റില്ല മോനേ , എന്റെ അവസാന നിമിഷം വരെയും ".
അങ്കിളിനെ അറിയിക്കണമെന്നത് ഈ രാജ്യത്തിൻറെ നിയമങ്ങളിൽപ്പെട്ട ഒന്നായിരുന്നു . വിവരമറിഞ്ഞപ്പോൾ അങ്കിൾ പറഞ്ഞു , "എനിക്കറിയാമായിരുന്നു , അവൾക്കു ഞാനില്ലാതെ പറ്റില്ലെന്ന് ". മക്കളെത്തി, സാറാന്റിയുടെ മുഖം കണ്ടു മടങ്ങിയെത്തിയ അങ്കിൾ ആരോടും ഒന്നും സംസാരിച്ചില്ല , ദിവസ്സങ്ങൾ മാസങ്ങളായി, പുറത്തിറങ്ങാതായി , മരുന്നുകൾ കഴിക്കാൻ വിസമ്മതിച്ചു തുടങ്ങി . ഓരോ ദിവസ്സവും ഫാത്തിമയും ഫഹദും അലിയെ വിളിച്ചു വിവരങ്ങൾ തിരക്കി .
ഒടുവിൽ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ വരെ മടികാണിച്ചു തുടങ്ങി . എല്ലാ ദിവസ്സവും അലിയെത്തുമ്പോൾ കുറേ നേരം മുഖത്തു നോക്കിയിരിക്കും . മെല്ലെ കണ്ണുകൾ നിറഞ്ഞുവരും . സഹായിക്കാൻ വരുന്ന നേഴ്‌സിനെ തടഞ്ഞു അലി തന്നെ\മുഖം തുടച്ചുകൊടുക്കും .
രണ്ടാഴ്ചക്കു മുൻപ് അലി എത്തിയപ്പോൾ കൈകാണിച്ചു വിളിച്ചു , അലമാരയിലേക്ക് കൈ ചൂണ്ടി അവ്യക്തമായ ഭാഷയിൽ എന്തോ പറഞ്ഞു . വളരെ പണിപ്പെട്ടാണ് അത് സാറാന്റിയുടെ ബുക്കിനെക്കുറിച്ചാണെന്നു അലിയ്ക്കു മനസ്സിലായത് . അതെടുത്തുകൊണ്ടുവന്ന് മുഖത്തോടടുപ്പിച്ചപ്പോൾ കണ്ണടച്ച് അതിൽ ചുണ്ടമർത്തി .
അതിനുശേഷം മരുന്നുകൾ തീരെക്കഴിച്ചില്ല , ഭക്ഷണവും നിർത്തി . പതിയെപ്പതിയെ സ്ഥിതികൾ മോശമായി . ഒരു ചെറിയ റെക്കോർഡർ വാങ്ങി ഖുർആൻ കേൾപ്പിക്കൂ എന്ന് സെറീനയാണ് പറഞ്ഞത് . അത് കേട്ട് തുടങ്ങിയപ്പോൾ മെല്ലെ കണ്ണിമകൾ അനക്കിത്തുടങ്ങി , വീണ്ടും മയക്കത്തിലേക്കു വീണു .
മക്കൾ പല തവണ വന്നു മടങ്ങി , തിരക്കേറിയ ജീവിതങ്ങൾ അവരെ തിരികെ വിളിച്ചുകൊണ്ടിരുന്നു .
പാതിതുറന്ന കണ്ണുകളിലൂടെ അബ്ദുല്ല പലപ്പോഴും ഡോക്ടർ അലിയെ "ഫഹദ് " എന്ന് അവ്യക്തമായി വിളിച്ചു, അടുത്തിരുന്ന് അലി "ബാപ്പാ" എന്ന് വിളിക്കുമ്പോഴെല്ലാം മുഖത്ത് ഒരു വിളർത്ത നേർത്ത പുഞ്ചിരി മിന്നിമറഞ്ഞു .
ഇന്റർകോം മണിയടിക്കുന്നത് കേട്ടാണ് ഡോക്ടർ അലി ഓർമ്മകളുടെ ലോകത്തു നിന്നും ഞെട്ടിയെണീറ്റത്, അങ്കിൾ പാതി കണ്ണു തുറന്നിട്ടുണ്ടല്ലോ, എഴുന്നേറ്റു ചെന്ന് കൈപിടിച്ചു , കസേരയിലേക്ക് നോക്കി അങ്കിൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് , "വെള്ളം തരട്ടെ ", വേറെന്തോ ആണ് ആ ചുണ്ടുകൾ പറയുന്നത്. ഒടുവിൽ അലി അത് വായിച്ചെടുത്തു , "സാറ". ശ്വാസോച്ഛാസം ദ്രുതഗതിയിലായി . അലിയ്ക്ക് തന്റെ ബാപ്പയെ ഓർമ്മവന്നു, ചുണ്ടുകൾ ചെവിയോടടുപ്പിച്ചു പ്രാർത്ഥനകൾ ഉരുവിട്ടുകൊടുത്തു , തന്റെ കയ്യിൽ നിന്നും അങ്കിളിന്റെ കൈ ഊർന്നുപോകുന്നത് അലി അറിഞ്ഞു , മുഖം ഒരു വശത്തേക്ക് ചെരിയുന്നതും ആ മുഖത്ത് ഒരു പ്രശാന്തത പരന്നതും അലി കണ്ടു .
"ഹി ഈസ് ഗോൺ , Dr അലി , ശാന്തമായ മരണം ", അടുത്തുനിന്ന നേഴ്‌സ് അലിയുടെ തോളിൽകൈ വച്ചു.
പുറത്ത്, വിരുന്നിനെത്തുന്ന ശൈത്യകാലത്തിൽ നിന്നും രക്ഷപ്പെടാൻ ദേശാടനക്കിളികൾ കനവുകളുടെ തുരുത്തു തേടി മറു ചക്രവാളത്തിലേക്ക് പറന്നു തുടങ്ങിയിരുന്നു. കൂട്ടത്തിൽ പിന്നിലായിപ്പോയ ഒരു പക്ഷിയെ ഒറ്റയ്ക്കാക്കാതെ മറ്റൊന്നു ചിറകുരുമ്മി പറക്കുന്നതും Dr അലി കണ്ടു .