ഓഫീസ് ഡെസ്കിൽ അവശേഷിച്ചിരുന്ന രണ്ടു ചെടികൾ കൂടി എടുത്തു അലമാരിയിൽ സൂക്ഷിച്ചിരുന്ന ജാക്കറ്റും തോളിലിട്ട് താക്കോൽ മേശപ്പുറത്തുതന്നെ കാണാൻ പാകത്തിന് വെച്ചു ആൻ ഓഫീസിൽ നിന്നിറങ്ങുമ്പോൾ നേരം നന്നേ വൈകിയിരുന്നു. ഇറങ്ങുന്നതിനുമുമ്പ് അവൾ ഒന്നുകൂടി തിരിഞ്ഞുനോക്കി. പുതിയ ആൾക്കുവേണ്ടി തന്റെ സീറ്റ് റെഡി ആക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. ചുറ്റുമുള്ള സീറ്റുകളൊക്കെ കാലിയായിരുന്നു. വാരാന്ത്യമായതുകൊണ്ടു എല്ലാവരും അല്പം നേരത്തെ ജോലിനിർത്തി ഇറങ്ങിയിട്ടുണ്ടായിരുന്നു. അതിലൊരു സീറ്റിൽ ആനിന്റെ കണ്ണുകൾ അല്പനേരം ഉടക്കിനിന്നു. എട്ടുവർഷങ്ങൾ എത്ര പെട്ടെന്നാണ് ഓടിപ്പോയത് !
ഒരുപാടിഷ്ടമായിരുന്നു ഈ ഓഫീസ്, വിശാലമായ ജനാലകളുള്ള ഈ ഇരിപ്പിടം ,ജനാലകൾക്കരികിൽ മത്സരിച്ചുവളർന്ന ചെടികൾ. ജോലിത്തിരക്കുകളിൽ നിന്നുമൊരു താത്ക്കാലിക മോചനത്തിന് എഴുന്നേറ്റുനിന്ന് പുറത്തേയ്ക്കു നോക്കിയാൽ കണ്ണെത്താദൂരത്തിൽ മഞ്ഞണിഞ്ഞു കിടക്കുന്ന മലനിരകളുടെ അവ്യക്തമെങ്കിലും സുന്ദരമായ കാഴ്ച. സൂര്യൻ കത്തിജ്വലിക്കുന്ന ദിവസങ്ങളിൽ ആ കാഴ്ച കുറേക്കൂടി തെളിഞ്ഞതാവും. റോഡിനപ്പുറത്തുള്ള ചർച്ചിൽ അധികമാരെയും കാണാറില്ല. ചിലപ്പോൾ ഞായറാഴ്ചകളിലാവും അവിടെ ആളുകൾ എത്തുന്നതെന്ന് ആൻ ഊഹിച്ചു . കുറച്ചുകൂടി അപ്പുറത്തേക്ക് കടന്നാൽ തിരക്കേറിയ പ്രധാന റോഡായി.
ഓഫിസിനു പിറകിലൂടെയുള്ള വഴികൾ പൊതുവെ ശാന്തമാണ്. പാർക്കിങ് ലോട്ടിൽ സ്ഥലമില്ലാത്തപ്പോൾ ജോലിക്കാരിൽ പലരും തങ്ങളുടെ വണ്ടികൾ പാർക്ക് ചെയ്യുന്നത് അവിടെയാണ് . തണുപ്പില്ലാത്ത ദിവസ്സങ്ങളിൽ ആ വഴികളിലൂടെയാണ് ഉച്ചനടത്തത്തിനായി ആൻ പോവുന്നത്. വല്ലപ്പോഴും കടന്നുപോകുന്ന കാറുകളും ആ വഴിയുടെ തുടക്കത്തിലുള്ള വെയർഹോക്സിലേക്കു പോവുന്ന ചില ട്രക്കുകളും അല്ലാതെ ആ വഴികളിൽ വണ്ടികളിങ്ങനെ സിഗ്നൽ നോക്കി കെട്ടിക്കിടക്കാറില്ല.
വേഗത്തിൽ സാധനങ്ങളെടുത്തു പാർക്കിങ്ലോട്ടിലെത്തിയപ്പോൾ രാത്രി എട്ടര ആയെങ്കിലും പുറത്ത് നല്ല വെളിച്ചമുണ്ടായിരുന്നു. വേനൽക്കാലം തുടങ്ങിയതിനാൽ സൂര്യൻ അസ്തമിക്കുന്നതു വളരെ വൈകിയാണ്. കയ്യിലുള്ള വസ്തുക്കൾ താഴെവെയ്ക്കാതെ ബുദ്ധിമുട്ടി ഡോർ തുറക്കാൻ ശ്രമിക്കുമ്പോളാണ് "സഹായിക്കണോ ?" എന്ന ചോദ്യം അൽപ്പം അകലെനിന്നും കേട്ടത് . ചോദ്യം കേട്ട ദിക്കിലേക്ക് നോക്കാതെ തന്നെ അതാരെന്ന് ആനിനു മനസ്സിലായിരുന്നു. എങ്കിലും അവൾ തലയുയർത്തി നോക്കി. നീല നിറമുള്ള കാറിൽചാരി റയാൻ നിൽക്കുന്നുണ്ടായിരുന്നു.
ഒന്ന് പുഞ്ചിരിച്ചു അവൾ ചോദിച്ചു, "ആഹാ, കുറച്ചു ദിവസമായി കണ്ടില്ലല്ലോ എന്ന് ഞാൻ ഓർത്തിരുന്നു. പുതിയ പ്രൊജക്റ്റ് ആയിരുന്നോ?" .അവളുടെ കയ്യിലിരുന്ന ചെടികൾ വാങ്ങി കാറിന്റെ ഡിക്കിയിലേക്കു വെയ്ക്കാൻ സഹായിച്ചുകൊണ്ടു റയാൻ പറഞ്ഞു, "അതേ , ജീവിതത്തിലെ വലിയൊരു പ്രൊജക്റ്റ് മൂന്നാലുദിവസ്സം മുൻപ് കഴിഞ്ഞു. കുറച്ചുനാളുകളായി അതിന്റെ തയ്യാറെടുപ്പിൽ ആയിരുന്നെങ്കിലും അതിന്റെ സമാപനത്തിന്റെ ക്ഷീണം വലുതായിരുന്നു ".
അവൾക്കൊന്നും മനസ്സിലായില്ല, "എന്താണ് റയാൻ? എന്തിനെക്കുറിച്ചാണ് നീ പറയുന്നത്?". കാറിന്റെ ഡിക്കിയടച്ചു അയാൾ അവളുടെ നേരെ തിരിഞ്ഞു, "കരോലിൻ പോയി .."
ഒരു നിമിഷത്തെ ഞെട്ടലിൽ ആൻ അയാളുടെ കയ്യിൽ പിടിച്ചു , "സോറി റയാൻ, ഞാൻ അറിഞ്ഞില്ല". അവളുടെ കൈയ്യുടെ മേലെ അയാൾ തന്റെ മെല്ലിച്ച വിരലുകൾ കൊണ്ട് തടവികൊണ്ടു പറഞ്ഞു, "ഇറ്റ്സ് ഓക്കേ , നമ്മൾ പ്രതീക്ഷിച്ചിരുന്നതാണല്ലോ". "എങ്കിലും ഇത്ര പെട്ടെന്ന്.." ആൻ വാക്കുകൾ ഇടയ്ക്കു വെച്ച് മുറിച്ചു .
"ജീവിതത്തിലെ സുന്ദരനിമിഷങ്ങളത്രയും പെട്ടെന്നാണ് മാഞ്ഞുപോവുന്നത് ആൻ " റയാൻ പുഞ്ചിരിക്കാനൊരു ശ്രമം നടത്തി. എന്നിട്ട് പാന്റിന്റെ പോക്കെറ്റിൽ നിന്നും ഒരു ടിഷ്യു പേപ്പർ എടുത്ത് തിരിഞ്ഞു നിന്ന് കണ്ണിലെ നനവൊപ്പിയെടുക്കാൻ ഒരു വിഫലശ്രമം നടത്തി.
അവളുടെ പതർച്ച മനസ്സിലാക്കിട്ടെന്നപോൽ റയാൻ ചോദിച്ചു, "ആൻ , നിനക്ക് വിരോധമില്ലെങ്കിൽ നമുക്കൊരു പത്തുമിനിറ്റ് ആ പള്ളിയുടെ ഉള്ളിലേക്ക് ഇരിക്കാം. ഇനിയെന്നാണ് നമ്മൾ കാണുക? "
അവൾ ബാക്കി സാധനങ്ങളും കൂടി വണ്ടിയിലേക്ക് വെച്ചു കാറുമായി പള്ളിമുറ്റത്തെത്തിയപ്പോൾ അയാൾ കാത്തുനിൽപ്പുണ്ടായിരുന്നു. വേനലാണെങ്കിലും പുറത്തുവീശുന്ന കാറ്റിനു തണുപ്പുണ്ടായിരുന്നു.
വളരെ പഴയൊരു പള്ളിയായിരുന്നു അത്. എട്ടു വര്ഷം ഈ ഓഫീസിൽ ജോലി ചെയ്തിട്ടും ഒരിക്കൽ അല്ലാതെ ആൻ ഈ പള്ളിയിൽ വന്നിട്ടില്ല. ആദ്യമായി ഇവിടെ ജോയിൻ ചെയ്ത ദിവസമായിരുന്നു അത് . അപരിചിതത്വം നിറഞ്ഞൊരു അന്തരീക്ഷത്തിൽ നിന്ന് ഓടിയൊളിക്കാനാണ് അന്നിവിടെയെത്തിയത്. ഇവിടെ നിന്നിറങ്ങുമ്പോളാണ് ആദ്യമായി റയാനെ കാണുന്നതും. ഉച്ചനടത്തം കഴിഞ്ഞു ഓഫീസിലേക്കുള്ള റോഡിൽ കാൽനടക്കാർക്കുള്ള സിഗ്നലിനു കാത്തുനിൽക്കുകയായിരുന്നു അയാൾ. അന്ന് അയാൾ സമ്മാനിച്ച കരുണാർദ്രമായ നോട്ടവും സൗഹൃദത്തിന്റെ പുഞ്ചിരിയുമാണ് അവളെ ഇന്നുകാണുന്ന ആൻ ആക്കി മാറ്റിയത്.
ഉച്ചനടത്തങ്ങളിൽ റയാൻ ധാരാളം സംസാരിച്ചു, കരോലിനെക്കുറിച്, അവരുടെ പ്രണയത്തെക്കുറിച്ചു , അവരുടെ സ്വപ്നക്കൂടിനെക്കുറിച്ചു , ഒടുവിൽ വർഷങ്ങൾക്കിപ്പുറം കരോലിന്റെ അസുഖത്തെക്കുറിച്ചും. താൻ വളർന്ന ഫോസ്റ്റർ ഹോമുകളെക്കുറിച്ചു ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്തതിനാൽ ആൻ എന്നും ഒരു നല്ല കേൾവിക്കാരിയായിരുന്നു.
പള്ളിമേടയിലെ ഏറ്റവും അവസ്സാനത്തെ ബെഞ്ചുകളിലൊന്നിൽ ഇരിക്കുമ്പോൾ അവൾക്കെന്തോ കുറ്റബോധം തോന്നി. ഇത്രദിവസ്സം കാണാതിരുന്നിട്ടും റയാനെ ഒന്ന് വിളിക്കാതിരുന്നതിൽ ആൻ സ്വയം ശകാരിച്ചു. മറന്നുപോയതല്ല, പെട്ടെന്നുള്ള ഒരു യാത്ര പറച്ചിൽ അവനുണ്ടാക്കിയേക്കാവുന്ന വിഷമം ഓർത്താണ് .
മൗനത്തിന്റെ സെക്കൻഡുകൾക്കുപോലും ചിലപ്പോൾ മണിക്കൂറുകളുടെ ദൈർഖ്യമാണ് , അത് പലപ്പോഴും അവൾക്ക് അസഹനീയവുമാണ്. അൾത്താരയിലേയ്ക്ക് നോക്കിയിരിക്കുന്ന അയാളുടെ തോളിൽ മെല്ലെ തട്ടി ആൻ ചോദിച്ചു, " എന്നായിരുന്നു? നീയെന്തേ എന്നെ അറിയിച്ചില്ല?"
ഓർമ്മിക്കാനിഷ്ടപ്പെടാത്ത എന്തോ ഒന്നിന്റെ ശ്വാസം മുട്ടൽ ആ മുഖത്ത് ആൻ കണ്ടു. "രണ്ടാഴ്ചയായി, അവൾ മെയ്ഡ് (MAID -Medical Assistance In Dying ) ഓപ്റ്റ് ചെയ്തു". ആൻ ഒരു നിമിഷം സ്തംഭിച്ചിരുന്നു. "ഓ ദൈവമേ , മെയ്ഡ്? അവൾ എന്തിനാണ് അത് ചെയ്തത്?"
"കുറച്ചു മാസങ്ങളായി കരോലിൻ അതികഠിനമായ വേദനയിലൂടെയാണ് പൊയ്ക്കൊണ്ടിരുന്നത് . നഴ്സിങ്ഹോമിൽ ഞാൻ കാണാൻ ചെല്ലുമ്പോളെല്ലാം വേദനയടക്കി പുഞ്ചിരിക്കാൻ ശ്രമിക്കും. പക്ഷേ വേദന ഓരോ ദിവസ്സവും കൂടിക്കൂടി വന്നു. ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് മറ്റാരേക്കാളുമേറെ അവൾക്ക് അറിയാമായിരുന്നു. അങ്ങനെയുള്ളൊരു സന്ദർശനത്തിലാണ് അവളുടെ ഡോക്ടർ എന്നോട് പറഞ്ഞത്, അവൾ മൈഡിന് അപേക്ഷിച്ചിട്ടുണ്ടെന്ന് ".
കണ്ണീരിന്റെ നനവ് പറ്റിയ കണ്ണട കാഴ്ച്ച തടസ്സപ്പെടുത്തുന്നെന്ന് തോന്നിയപ്പോൾ റയാൻ അത് ഊരി കയ്യിൽ പിടിച്ചു . ഒന്നും മിണ്ടാനാവാതെ തരിച്ചിരുന്ന ആനിനെ നോക്കി തുടർന്നു , "ഞാൻ തകർന്നുപോയ ദിനങ്ങളിൽ ഒന്നായിരുന്നു അത്. അവളുടെ രോഗത്തെക്കുറിച്ചു ആദ്യമായറിഞ്ഞപ്പോൾ പോലും ഞാനിത്ര വേദനിച്ചിട്ടില്ല. കളിയും ചിരിയുമായി ഞങ്ങളുടെ കൊച്ചു സ്വപ്നക്കൂട്ടിലേയ്ക്ക് അവൾ തിരികെയെത്തുമെന്ന എന്റെ പ്രതീക്ഷയ്ക്കാണ് , എന്റെ കാത്തിരിപ്പിനാണ് ഒരു ഞൊടിയിടയിൽ അർത്ഥമില്ലാതായിപ്പോയത് . അന്ന് തളർന്നിരുന്ന എന്നെ മുറുകെപ്പിടിച്ചു അവൾ പറഞ്ഞു, "എനിക്കിനി വയ്യ റയാൻ, ഞാൻ രക്ഷപ്പെടട്ടേ ".
"പിന്നീട് കൗൺസിലിങ്ങിന്റെയും പ്രാർത്ഥനകളുടെയും ദിവസ്സങ്ങൾ. ബോധത്തിന്റെയും അബോധത്തിന്റെയും ഇടവേളകളിലെപ്പോഴോ ആണ് അവൾ പിറുപിറുത്തത്. നീയും രക്ഷപ്പെടണം റയാൻ. എല്ലാം മറന്ന് പുതിയൊരു ജീവിതത്തിലേയ്ക്ക്. ആ ദിവസ്സം അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് അവൾ പറഞ്ഞത് ഇതാണ് "വി വെയർ ദി ബെസ്ററ്, റയാൻ . റെമെമ്പർ മി ആൻഡ് സ്മൈൽ , പ്ലീസ് ".
മുന്നിലെ ഡെസ്കിൽ മുഖമമർത്തി റയാൻ തേങ്ങിക്കരഞ്ഞുകൊണ്ട് പിറുപിറുത്തു , വി വെയർ ദി ബെസ്ററ് ..
അയാളിലെ പെരുമഴ പെയ്തുതീർന്നെന്നു തോന്നിയപ്പോൾ ആൻ ആ തോളിൽ മുറുകെപ്പിടിച്ചു. "റയാൻ , അവൾ പറഞ്ഞതുപോലെ അവൾ രക്ഷപ്പെട്ടില്ലേ , വേദനയുടെ ലോകത്തു നിന്നും. റെമെമ്പർ ഹേർ ആൻഡ് സ്മൈൽ , പ്ലീസ് ".
റയാൻ എഴുന്നേറ്റ് കൈകൾ മേശമേൽ ഊന്നി അവളോട് ചോദിച്ചു, "ആൻ , നീയും യാത്ര പറഞ്ഞിറങ്ങുകയാണല്ലേ . എന്റെ സങ്കടങ്ങളിൽ സന്തോഷങ്ങളിൽ ഒരേപോലെ കൂടെ നിന്ന നീയും.. "
ആനും എഴുന്നേറ്റുനിന്നു, " റയാൻ, ഓർമ്മകൾ തിക്കിത്തിരക്കുമ്പോൾ അവയെ തടുക്കരുത് , അവയിൽ നിറഞ്ഞു ജീവിക്കുക. അവയിലൂടെ ഇനിയും സ്നേഹിക്കുക ."
ആൻ കൈകൾ വിടർത്തി , "വൺ ലാസ്റ്റ് ഹഗ് റയാൻ , റ്റിൽ വി മീറ്റ് എഗൈൻ ".
ഇരുണ്ടു തുടങ്ങിയ നിരത്തിൽ വാഹനങ്ങൾ നന്നേ കുറവായിരുന്നു. ട്രാഫിക് സിഗ്നലിൽ പച്ച ലൈറ്റ് കാത്തു കിടക്കുമ്പോൾ അവൾ ഫോണെടുത്തു റയാനുള്ള മെസ്സേജ് ടൈപ്പ് ചെയ്തു , "ഈ ലോകത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ഒരു സൗഹൃദത്തെ വിശദീകരിക്കാനാണ് . അങ്ങനെ വിശദീകരണങ്ങളൊന്നും വേണ്ടാത്തൊരു സൗഹൃദമായി ഞാനുണ്ടാവും , ഒറ്റപ്പെട്ടെന്നു തോന്നുമ്പോഴെല്ലാം നിനക്ക് ഈ തണൽ തേടിവരാം. എനിക്കതൊരു ബുദ്ധിമുട്ടേയല്ല . കാരണം തണൽ വിരിക്കുന്ന മരങ്ങൾക്കറിയാം ഒറ്റപ്പെടലിന്റെ വേദന. "