Friday, October 6, 2017

ഇതിപ്പോൾ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളുടെ കാലമാണെന്നു തോന്നുന്നു. കാറ്റലോണിയക്കു സ്പെയിനിൽ നിന്നു സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെയും രക്തച്ചൊരിച്ചിലിന്റെയും വാർത്തകൾ വായിച്ചപ്പോൾ ആണ് "സ്വാതന്ത്ര്യം" വീണ്ടും എന്റെ ചിന്തകളിൽ കയറി വന്നത് .

വമ്പൻ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങൾ വർത്തമാനപത്രങ്ങളിൽ വെറുതെയങ്ങു വായിച്ചു തള്ളാനും "ഹോ, ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ്?" എന്ന് ആർക്കും ചേതമില്ലാത്ത ഒരു ഡയലോഗ് അടിക്കാനും എല്ലാ മാന്യരെയും പോലെ ഞാനും ബഹുമിടുക്കിയാണ്.

പക്ഷേ, സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾ സ്വന്തം മൂക്കിൻ തുമ്പത്തു നിന്നു വരുമ്പോൾ കുറച്ചൊന്നുമല്ല ഞെട്ടലുണ്ടാവുന്നത് . അത്തരം ഒരു ഞെട്ടലിന്റെ വെളിച്ചത്തു നിന്നാണ് ഈ കുറിപ്പ് .

സ്വാതന്ത്ര്യത്തിന്റെ നിർവചനം പലർക്കും പലതാണ്. പലപ്പോഴും അമ്മമാർക്ക് അത് കുടുംബത്തിന്റെ നോക്കിനടത്തലാണ്, ഭർത്താവും കുട്ട്യോളുമല്ലാത്ത സ്വതന്ത്ര ലോകമൊന്നും അവരുടെ സ്വപ്നങ്ങളിൽ ഇല്ല. കുട്ടികൾക്കാവട്ടെ അത്, തോന്നുന്നത് ചെയ്യാനുള്ള അവകാശമാണ് . ശരിതെറ്റുകൾ അവർക്കു ചൂണ്ടിക്കാണിച്ചു കൊടുക്കുമ്പോളാണ് സ്വാതന്ത്ര്യ ബോധം സടകുടഞ്ഞെണീക്കുന്നത് 

സ്വാതന്ത്ര്യത്തെക്കുറിച്ചു നമ്മുടെ കുടുംബങ്ങളിലെ പുരുഷപ്രജകൾക്കു ഓര്മ വരുന്നത് എപ്പോൾ ആണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? കുറെ സുഹൃത്തുക്കൾക്കൊപ്പം കളിച്ചു ചിരിച്ചിരിക്കുമ്പോൾ ഭാര്യയുടെ ഫോൺ വിളി വരുമ്പോൾ. അതൊരു വല്ലാത്ത ഭീകര നിമിഷമാണെന്നാണ് ബഹുഭൂരിപക്ഷം ഭർത്താക്കന്മാരുടെയും പക്ഷം. ഭാര്യയെ പേടിച്ചിട്ടല്ല അത്, ചുറ്റും ഇരിക്കുന്നവരുടെ മുഖത്തെ പരിഹാസച്ചിരി കണ്ടിട്ടാണത്രേ ! ഫോൺ ബെൽ അടിക്കുമ്പോൾ ഓരോരുത്തരും അത് സ്വന്തം ഫോണല്ല അടിച്ചതെന്നു ഉറപ്പാക്കും.  ഞങ്ങൾ സ്ത്രീകൾക്ക് തീരെ മനസ്സിലാവാത്ത ഒന്നുണ്ട്, സ്വന്തം ഭർത്താവിനെ വിളിക്കാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ പേടിക്കണോ, ചുമ്മാതല്ല, ഏതൊരു ഭാര്യയുടെയും ഒന്നാം നമ്പർ ശത്രു ഭർത്താവിന്റെ സുഹൃത്തുക്കൾ ആവുന്നത്.

വീട്ടിൽ  നിന്നും "ദാ വരുന്നു" എന്ന് പറഞ്ഞു ഇറങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞും കാണാതാവുമ്പോൾ, അങ്കലാപ്പിൽ ഭാര്യ വിളിക്കുന്നത്, ഏറെ വൈകി വീട്ടിൽ വന്നു കയറുമ്പോൾ ദേഷ്യത്തോടെയും സങ്കടത്തോടെയും കാരണമന്വേഷിക്കുന്നത്, ഇതൊക്കെ സ്വാതന്ത്ര്യ ലംഘനം ആണത്രേ !  വിവാഹം കഴിച്ചത് കൊണ്ടു  മാത്രം നിൻറെ  ക്ലോക്കിന്റെ  സൂചിയിലൂടെ ജീവിക്കാൻ എന്നെ കിട്ടില്ലെന്ന്‌ പറഞ്ഞു ഇറങ്ങിപ്പോയ ഭർത്താവിനെക്കുറിച്ചു ഇന്നലെ ഒരു സുഹൃത്ത്  പറയുന്നുണ്ടായിരുന്നു.

കുടുംബബന്ധങ്ങൾ ദൃഢമാക്കുന്നതിനുള്ള പ്രധാന കാര്യങ്ങളിലൊന്ന് നമ്മുടെ ശബ്ദം നിയന്ത്രിക്കുകയാണ് എന്ന് കേട്ടിട്ടുണ്ട്. മനസ്സുകൾ അകന്നിരിക്കുമ്പോഴാണ് ശബ്ദം ഉയരുന്നതെന്നത് ഇതേവരെ ഒരു രസതന്ത്രജ്ഞനും കണ്ടുപിടിക്കാത്ത ഒരു പരമാർഥമാണ്. അതിനുള്ള കുറുക്കു വഴി അന്യോന്യം സ്വാതന്ത്ര്യങ്ങളിൽ കൈ കടത്താതിരിക്കുക എന്ന ക്ലേശകരമായ തീരുമാനമാവാം .

ഇതൊക്കെയായാലും, ഞങ്ങൾ ഭാര്യമാർ ഇനിയും വിളിച്ചുകൊണ്ടേയിരിക്കും, "ചന്ദ്രേട്ടാ, എവിടെയാ??". സ്നേഹം കൊണ്ടാണെന്നേ, ക്ഷമിച്ചുകള.