Friday, September 15, 2017

പതിവില്ലാത്ത  വൈകുന്നേരത്തെ ഉറക്കം കഴിഞ്ഞെഴുന്നേറ്റപ്പോൾ കാലിന് വല്ലാത്ത വേദനയുണ്ടായിരുന്നു.  രാവിലെ തുടങ്ങിയതാണ് . ജോലി കഴിഞ്ഞു വൈകുന്നേരം എത്തിയപ്പോൾ ക്ഷീണം കാരണം ഒന്ന് കിടക്കാമെന്നേ കരുതിയുള്ളൂ . എഴുന്നേറ്റ് സമയം നോക്കുമ്പോൾ പത്തു കഴിഞ്ഞിരിക്കുന്നു. ചാടിയെഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ കഴിയുന്നില്ല. വേദന  അരിച്ചിറങ്ങുന്നതുപോലെ .

"വീട്ടിൽ ഒരു ഫിസിയോതെറാപ്പിസ്റ്റ് ഉള്ളതുകൊണ്ട് നിനക്കു സുഖമാണ് " എന്ന കമെന്റ് ദിവസവും കേൾക്കാറുണ്ട് ഞാൻ. ജീവിതത്തിലെ നിയമങ്ങളും അച്ചടക്കങ്ങളുമൊക്കെ കാറ്റിൽ പറത്തി , ഇഷ്ടം പോലെ തിന്നുകുടിച്ചു , അവസാനം വേദനകളും പണിമുടക്കുമൊക്കെയായി ജീവിതം നമുക്കു കടിഞ്ഞാണിട്ടു തുടങ്ങുമ്പോൾ , "ഫിസിയോതെറാപ്പിസ്റ്റ് " വീട്ടിലുണ്ടായിട്ടൊന്നും വല്യ കാര്യമില്ല എന്നൊന്നും പറയാൻ മിനക്കെടാറില്ല . ഒരു ചിരിയൊക്കെ ചിരിച്ചു അങ്ങ് തടിതപ്പും . 

എന്നിരുന്നാലും ആ സൗകര്യം വെറുതെയങ്ങു വിട്ടുകളയാറുമില്ല ഞാൻ. എന്തു സംഭവിച്ചാലും അതിനൊരു പരിഹാരം കാണാൻ സ്വയം ശ്രമിക്കുന്നതിനു പകരം ,  ഈ എളുപ്പവഴിയാണ് ഞാൻ തിരഞ്ഞെടുക്കുക . ഭർത്താവിനെ വല്ലാതങ്ങു ആശ്രയിക്കുന്നത് ഒരു കുറവായിട്ടു ഇതേ വരെ തോന്നിത്തുടങ്ങിയിട്ടുമില്ല, മടിയുണ്ട്, അതിലുപരി വിശ്വാസം കൊണ്ടാണ് . ഏതിനും ഒരു പരിഹാരം കിട്ടുമെന്നുള്ള ആ വിശ്വാസത്തിനു ഇതു വരെ പോറൽ ഏറ്റിട്ടില്ല .

പറഞ്ഞു വന്നത്, വേദനയെക്കുറിച്ചാണ് . ഉറക്കച്ചടവിൽ എഴുന്നേറ്റു വരുമ്പോൾ, പതിവ് കാഴ്ചകളൊക്കെത്തന്നെ. ഐപാഡ്, ലാപ്ടോപ്പ് , ഫോൺ  - എന്റെ മൂന്നു ശത്രുക്കളുമുണ്ട്. എന്നെ കണ്ടതും ഒരേ സ്വരത്തിൽ മൂന്നുപേരും പാടി, "'അമ്മ ഉറങ്ങട്ടെ എന്നോർത്ത് നമ്മൾ ശല്യപ്പെടുത്താതിരുന്നതാണ്".  കാലു നിലത്തു കുത്താൻ പാടുപെടുന്നത് കണ്ടപ്പോൾ മകൾ പറഞ്ഞു, "ഞാൻ ഞെക്കി തരാം ". അവളുടെ ഊഴം, ശേഷം മകൻ, എന്നിട്ടും കുറവില്ലെന്നു കണ്ടപ്പോൾ സ്വന്തം ഫിസിയോ എഴുന്നേറ്റു വന്നു. കാലിൽ നോക്കി, തൊണ്ടശുദ്ധി വരുത്തുന്നത് കേട്ടപ്പോൾ കാര്യം മനസ്സിലായി, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു മുൻപേ ഉപദേശം തുടങ്ങി, " ചെറുപ്പത്തിലേതു പോലല്ല ഇപ്പോൾ, ശരീരത്തിന് വ്യായാമം വേണം. ഇല്ലെങ്കിൽ കാലിനു മാത്രമല്ലാ എല്ലാ സന്ധികൾക്കും വേദന തുടങ്ങും, ഈ പ്രായത്തിൽ ഇനി മെറ്റബോളിസം കുറയും. ശരീരഭാരം കൂടും  " . കേട്ടിട്ട് എന്റെ വേദന കൂടിക്കൂടി വന്നു. വ്യായാമത്തെക്കുറിച്ചുള്ള ഉപദേശം ഒട്ടു മിക്ക വീട്ടമ്മമാരെപ്പോലെയും എന്നെയും അലോസരപ്പെടുത്തി . പെട്ടെന്നാണ് , എഫ് ബിയിൽ ആരോ പോസ്റ്റിട്ട നോട്ടിഫിക്കേഷൻ  കേട്ടത്. ഉപദേശം പാതിയിൽ നിർത്തി ഫിസിയോ പോയി . ചില നേരങ്ങളിൽ എഫ് ബിയും ഒരനുഗ്രഹമാണെന്നു എനിക്ക് തോന്നി . "നിങ്ങളുടെ എഫ് ബി ഫ്രണ്ട് ആവുന്നതായിരുന്നു ഭാര്യയാവുന്നതിലും നല്ലതു" എന്ന പറഞ്ഞുപഴകിയ കമന്റ് എന്നിട്ടും ഞാൻ ഉറക്കെ പറഞ്ഞു .

പക്ഷേ അടുക്കളയിൽ കയറിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. പാത്രങ്ങളൊഴിഞ്ഞ സിങ്ക്, എല്ലാം അടുക്കിപ്പെറുക്കി വച്ചിരിക്കുന്നു . പണികളെല്ലാം തീർത്തിരിക്കുന്നു. കണ്ടപ്പോൾ വേദനയ്ക്കൊരു കുറവുപോലെ.. ചില ഹിന്ദി സിനിമകൾ പോലെ, എല്ലാം ശുഭം. 

വാൽക്കഷ്ണം :  നാളെ പതിനേഴു വർഷമാവുന്നു ഈ മനുഷ്യൻ എന്നെയിങ്ങനെ ഞെട്ടിക്കാൻ തുടങ്ങിയിട്ട് . ശകാരിച്ചും ദേഷ്യം പിടിപ്പിച്ചും പിന്നെ പൂർവാധികം പ്രണയിച്ചും പതിനേഴു വർഷങ്ങൾ... നന്ദി .