Sunday, September 3, 2017

ഓർമ്മകളിലെ ഓണത്തിനു മുല്ലപ്പൂവുകളുടെ സുഗന്ധമാണ്. തലേന്നു പെയ്തു തോർന്ന രാത്രിമഴയുടെ നീർമുത്തുകൾ നനയിച്ച മുല്ലപ്പൂവുകളുടെ സുഗന്ധം.  മഴയ്ക്കു ശേഷം മരം പെയ്യുമ്പോൾ ചിതറിവീഴുന്ന നനുത്ത തുള്ളികൾക്കും അതേ ഗന്ധമാണ്.

വെളുക്കുംമുമ്പേ അയൽവക്കത്തെ അടർന്നുവീണ മുല്ലപ്പൂക്കൾ പെറുക്കാൻ ഓടിയിരുന്ന ബാല്യം. മുല്ലവള്ളിയിലെ പുതുമയാർന്ന പൂവുകളെല്ലാം അവിടത്തെ വല്യേച്ചിക്കുള്ളതായിരുന്നു .  എങ്കിലും അതിൽ തെല്ലും സങ്കടം തോന്നിപ്പിക്കാത്ത  വിധത്തിൽ കൈക്കുടന്ന നിറയെ മുല്ലപ്പൂക്കൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു .

അല്പം കൂടി മുതിർന്നപ്പോൾ, വീട്ടുമുറ്റത്തു തന്നെ മുല്ലച്ചെടി നട്ടുനനച്ചു . വരാന്തയിലേക്ക് തഴച്ചുപടർന്ന മുല്ലയിൽ തളിരിടുന്നതും മൊട്ടുവിരിയുന്നതും നോക്കി കണ്ണിലെണ്ണയൊഴിച്ചിരുന്ന നാളുകൾ. മുല്ലവള്ളിയിൽ പൂവിടരുമ്പോൾ ആ പ്രദേശമാകെ ഒരു വശ്യഗന്ധമായിരുന്നു. മുല്ലപ്പൂവുകൾ  തേടിവരുന്ന, ഒരു കുഞ്ഞുമനസ്സിനെയും നിരാശയാക്കിയിട്ടില്ല , ഉള്ളിലെവിടെയോ പഴയ രണ്ടാം സ്ഥാനക്കാരിയുടെ കുഞ്ഞു സങ്കടം ഉണർന്നുകിടന്നിരുന്നതു കൊണ്ടാവും.

വർഷങ്ങൾ കഴിഞ്ഞു വീണ്ടും മുല്ലപ്പൂവുകൾ ജീവിതത്തിന്റെ പടി കയറിവന്നത് എൽ കെ ബിയിലെ ഔദ്യോഗിക ജീവിതത്തിലായിരുന്നു . ഓരോ ഓണാഘോഷ വേളകളിലും  പാതയോരങ്ങൾ വൈവിധ്യമാർന്ന പൂക്കളെകൊണ്ട് നിറഞ്ഞിരുന്നു. പൂക്കച്ചവടക്കാർ മത്സരിച്ചു ആളുകളെ ക്ഷണിച്ചുകൊണ്ടിരുന്നു . സെറ്റുടുത്തു ഓഫീസിലെ ആഘോഷത്തിന് ഒരുങ്ങിയിറങ്ങുമ്പോൾ ഭർത്താവിന്റെ അമ്മയാവും പറയുക, "ആ കുട്ടിക്ക് ഇത്തിരി പൂവുകൂടി വാങ്ങിക്കൊടുക്കൂ " എന്ന്.  ഉള്ളിലെവിടെയോ വീണ്ടും ആ പഴയ കുട്ടി ഉണർന്നെണീക്കും അപ്പോൾ. വല്ലാത്തൊരു കൊതിയായിരുന്നു ആ പൂക്കളോട് .

ജീവിതം ഇങ്ങു കാൽഗരിയിലേക്കു പറിച്ചു നട്ടപ്പോൾ നഷ്ടമായ അപൂർവം ഇഷ്ടങ്ങളുടെ കൂട്ടത്തിൽ എന്റെ മുല്ലപ്പൂവുകൾ കരിഞ്ഞുകിടന്നു. വസന്തമായും ഗ്രീഷ്മമായും ശരത്തായും ഒക്കെ കാലം മാറി മറഞ്ഞപ്പോൾ അവയൊക്കെ എവിടെയോ ഞാൻ ഒളിപ്പിച്ചുവച്ചു .

അപ്രതീക്ഷിതമായിട്ടാണ് രണ്ടുവർഷം മുൻപ് ഭർത്താവ് ആ അമൂല്യ സമ്മാനം കൊണ്ടുതന്നത്‌ , ഒരു ചെറിയ ചട്ടിയിൽ ഒരു കുഞ്ഞുമുല്ല !! അതു കയ്യിൽ വാങ്ങിയപ്പോൾ, "നീ എന്തേ എന്നെ മറന്നു?" എന്ന പരിഭവത്തിൽ അതിന്ടെ കുഞ്ഞു വള്ളികൾ എന്റെ കയ്യിൽ മുഖമുരുമ്മി .  വെള്ളവും വളവും നൽകി അതിലെ മൊട്ടുകൾക്കായി പഴയ ആ "കുട്ടി" വീണ്ടും കാത്തിരുന്നു. നിറയെ പൂക്കൾ നൽകി, എന്റെ രാത്രികളിൽ വശ്യ ഗന്ധം പരത്തി, മുല്ലവള്ളി എന്നെ വല്ലാതെ പ്രണയിച്ചു.

വീണ്ടും എന്റെ മുല്ല പൂത്തിരിക്കുന്നു. ഓണത്തിന്റെ സുഗന്ധം പരത്തി അതെന്നെ കൊഴിഞ്ഞ നല്ല കാലങ്ങൾ ഓർമിപ്പിക്കുന്നു. വരാനിരിക്കുന്ന നല്ല നാളെകളെക്കുറിച്ചു സ്വപ്നം കാണിക്കുന്നു.

എല്ലാവർക്കും മുല്ലപ്പൂവുകളുടെ സുഗന്ധമുള്ള സ്നേഹം നിറഞ്ഞ ഓണാശംസകൾ !!!