Friday, August 25, 2017

ഈയിടെയായി രാവിലെ ട്രെയിൻ ഓടിച്ചിട്ടു പിടിക്കുകയാണ് പതിവ് .  രാത്രി ഒൻപതു മണിയാവുമ്പോൾ ആണ് മടിച്ചുമടിച്ചു സൂര്യൻ വിടവാങ്ങുന്നത്. അതിനാൽ തന്നെ ഉറങ്ങാൻ വൈകുന്നു.  ഈ വർഷത്തെ മധ്യവേനൽ അവധിയുടെ അവസാനദിനങ്ങൾ അതിന്റെ അങ്ങേയറ്റം ആസ്വദിക്കുന്നതുകൊണ്ടു മക്കൾക്കും ഉറക്കമില്ല.  എല്ലാ ദിവസവുമുള്ള പരിദേവനം പറച്ചിൽ എനിക്കു തന്നെ മടുത്തതിനാൽ ആരെയും ശകാരിച്ചു കിടത്താറുമില്ല. എന്തൊക്കെ കാരണങ്ങൾ കൊണ്ടായാലും, ഓടിത്തളർന്നു ട്രെയിനിൽ കയറുക എന്ന എന്റെ വിധി അങ്ങനെ അനസ്യൂതം തുടർന്നു കൊണ്ടേയിരിക്കുന്നു .

 പതിവുപോലെ സീറ്റിലോട്ടു തളർന്നിരുന്നപ്പോൾ കുറേ നേരത്തേക്ക് ചുറ്റും നോക്കിയില്ല . കിതപ്പൊക്കെ അടങ്ങി  ചുറ്റുമൊന്നു നോക്കി അടുത്തിരിക്കുന്നയാളുടെ സ്ഥലത്തേക്കു അതിക്രമിച്ചുകയറിയതിനു ഒരു ക്ഷമാപണം  നടത്തി നേരെയിരുന്നു.  അപ്പോൾ ആണ് അതു ശ്രദ്ധയിൽ പെട്ടത് . ട്രെയിനിന്റെ വാതിലിൽ പരസ്യങ്ങൾ എഴുതുന്നിടത്ത് നല്ല ഭംഗിയുള്ള രീതിയിൽ ഒരു വാചകം , "the perfect marriage or the perfect lie? ". ഒരു പുസ്തകത്തിൻറെ പരസ്യമാണ്.  കടലോളം ചിന്തകൾക്കുള്ള വിഷയം  മുന്നിലോട്ടു ഇട്ടു തന്ന എഴുത്തുകാരന്റെ പേരു നോക്കാൻ മറന്നു .

എല്ലാം  തികഞ്ഞ, പൂർണമായ ഒരു വിവാഹം അഥവാ കുടുംബ ജീവിതം ഒരു തികഞ്ഞ നുണയാണോ എന്ന ചോദ്യത്തിന്റെ കാലിക  പ്രസക്തിയെക്കുറിച്ചാണ് ചിന്തിച്ചത് .   സ്വർഗ്ഗം ഭൂമിയിൽ ഇറങ്ങിവന്നതുപോലുള്ള ജീവിതങ്ങൾ ഒരു പെരുംനുണയാണോ?  അടഞ്ഞ വാതിലുകൾക്കു പിന്നിലെ പിരിമുറുക്കങ്ങളും കണ്ണീർ  പൂക്കളും കൊണ്ട് മലയാള പരമ്പരകൾ കാട്ടിത്തരുന്നത്ര സങ്കീർണമാണോ ജീവിതങ്ങൾ? ഉത്തരങ്ങൾ മനസ്സിൽ നിന്നാണ് വരേണ്ടത് . അതു സത്യസന്ധമാവണോ കള്ളമാവണോ എന്നു  തീരുമാനിക്കേണ്ടത് നമ്മളാണ്.

സ്വന്തം ഭർത്താവിന്റെ മരണത്തെക്കുറിച്ചു , "എനിക്കൊരു ഭാരമില്ലായ്മയാണ് അനുഭവപ്പെട്ടത്" എന്നു തുറന്നു പറഞ്ഞ ഒരാളെ എനിക്കറിയാം.കേട്ടപ്പോൾ ഞെട്ടിയത് ഞാനാണ്. അത്രമാത്രം അപസ്വരങ്ങൾ ഉയർത്തി മനസ്സമാധാനം നഷ്ടപ്പെട്ട ഒരു അനുഭവമായിരുന്നു അവർക്ക് ആ ജീവിതം. ഭർത്താവു നഷ്ടപ്പെട്ട ശേഷവും, അദ്ദേഹത്തിന്റെ  ചിന്തകളിൽ , ആ സന്തോഷങ്ങളിൽ ജീവിതം നടന്നു തീർത്ത ഒരാളേയും ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്.

ജീവിതം പ്രവചനാതീതമാണ് . എങ്കിലും കുറെയൊക്കെ നമുക്ക് വഴി തിരിച്ചു വിടാം .എന്റെ അഭിപ്രായത്തിൽ ജീവിതം  നമ്മുടെ മുൻഗണനകളും സഹനശക്തിയും കാഴ്ച്ചപ്പാടുകളും എല്ലാം കൂടി ചേർത്തുണ്ടാക്കിയ ഒരു നല്ല അവിയൽ പോലെയാണ് .എല്ലാ ദിവസവും സദ്യക്ക് വിളമ്പുന്നതുപോലുള്ള  അവിയൽ നമുക്ക് ഉണ്ടാക്കാൻ പറ്റില്ലല്ലോ .  ഉള്ള പച്ചക്കറികളൊക്കെ വച്ച് അങ്ങ് ഉണ്ടാക്കുക.സ്വാദു നന്നാവും, താരതമ്യപ്പെടുത്താതിരുന്നാൽ മതി .

ജീവിതവും അങ്ങനെ തന്നെ. തൃപ്തിപ്പെടാൻ പഠിക്കുന്നിടത്തുനിന്നു മനസ്സമാധാനത്തിന്റെ പടികൾ തുടങ്ങുന്നു. ഏതൊരു പ്രവർത്തിയും ചെയ്യുമ്പോൾ അതിൽ നന്മയുണ്ടോ എന്നു നോക്കിയാൽ മതി, നാട്ടുകാർ എന്ത് ചിന്തിക്കും എന്നു ആധി പിടിക്കില്ലെന്ന് നാം തീരുമാനിക്കുന്നിടമാണ് മനസ്സമാധാനത്തിന്റെ  അടുത്ത പടി . പിന്നെ, ഞാൻ ഞാനായിരിക്കാൻ ഇഷ്ടപ്പെടുന്നത് പോലെ എന്റെ ഭർത്താവ് / ഭാര്യ അവരായിരിക്കാൻ  ഇഷ്ടപ്പെടുന്നു എന്ന്, വളരെ  പണിപ്പെട്ടാണെങ്കിലും മനസ്സിലാക്കുന്നിടത്തു ജീവിതം ആയാസരഹിതമാകുന്നു.

ഒടുവിൽ, ഇന്നലെ  ഓഫീസ് ഗോസ്സിപ്പുകൾക്കിടെ ബോസ്സ് പറയുന്നു , "ഇന്ന് എന്റെ ഇരുപത്തിമൂന്നാം വിവാഹ വാർഷികമാണ് . ഞാൻ അതിൽ അഭിമാനിക്കുന്നു . ക്യാറ്റലോഗു് ഇല്ലാത്ത, തീർത്തും അപരിചിതമായ, ഒരു മെഷീൻ പ്രവർത്തനക്ഷമമാക്കി ഇത്ര നാളും കൊണ്ടെത്തിച്ചില്ലേ , അതൊരു നേട്ടം തന്നെയാണ്".

ആ നിമിഷം  എനിക്ക് തോന്നി, ആ വാചകം ഇങ്ങനെ മാറ്റിയെഴുതേണ്ടിയിരിക്കുന്നു, the perfect  marriage - the perfect adjustment  .,
അതേ , തെറ്റിദ്ധരിക്കേണ്ട, വിട്ടുവീഴ്ചകൾ തന്നെ.

അതിനോളം പോന്ന മറ്റൊരു സൂത്രവാക്യവും ഇന്നേ വരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല !!!