ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ കുത്തിക്കൊണ്ടിരുന്ന ഐ-പാഡില്‍ നിന്നും തലയുയര്‍ത്തി മകള്‍ എന്‍റെ നേരെ കണ്ണുമിഴിച്ചു നോക്കി. "ചിലപ്പോള്‍ പനിക്കോളായിരിക്കും" എന്നു ഉറക്കെ ആത്മഗതം ചെയ്തു ഭര്‍ത്താവ് സ്ക്രീനിലേക്കു തലതാഴ്ത്തി. ഈ ലോകത്തു തന്‍റെ ടീച്ചറും സ്കൂളും അല്ലാത്ത മറ്റൊന്നും തന്നെ ബാധിക്കില്ലെന്നു ഉറപ്പുള്ള മകന്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല.
ഞാന്‍ പറഞ്ഞത് എന്തോ അപരാധമാണോ എന്നു എനിക്കു തന്നെ സംശയമായി. എന്‍റെ വളരെക്കുറഞ്ഞ ചില മോഹങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നത്. അതു പറയാന്‍ ഇന്നു ഒരു കാരണവും ഉണ്ടായി.
മിക്ക മാസങ്ങളിലും പതിവുള്ള മാനെജ്മെന്‍റ് മീറ്റിംഗ്എന്ന പ്രഹസനം ഇന്നും ഉണ്ടായിരുന്നു. പതിവിനു വിരുദ്ധമായി ഇന്നൊരു പ്രാസംഗികനും അവിടെ ഉണ്ടായിരുന്നു. ജീവിതത്തിലെ കൊച്ചുകൊച്ചു മോഹങ്ങളെക്കുറിച്ചും അവയുടെ പ്രസക്തിയെക്കുറിച്ചും ഒരു ചെറിയ പ്രഭാഷണത്തിനാണ് അയാള്‍ വന്നത്. ഇന്നു തന്നെ ഒരു ചെറിയ പേപ്പറില്‍ നിങ്ങളുടെ അത്തരം ആഗ്രഹങ്ങള്‍ എഴുത്തിവെയ്ക്കു എന്നു അയാള്‍ പറഞ്ഞു. അതു നിങ്ങളുടെ ജീവിതത്തില്‍ ഒരു സ്വാതന്ത്ര്യം കൊണ്ടുവരും എന്നും കൂട്ടിച്ചേര്‍ത്തു.
ആഗ്രഹങ്ങള്‍ക്ക് ആര്‍ക്കും, പ്രത്യേകിച്ചു ഞങ്ങള്‍ വനിതകള്‍ക്കു, ഒരു പഞ്ഞവും ഇല്ലല്ലോ. എന്‍റെ അടുത്തിരുന്ന നെതെര്‍ലണ്ടുകാരി ക്രിസ്ടീന എന്നോടു പറഞ്ഞതു അവളുടെ ജീവിതാഭിലാഷമായ ഒരു യാത്രയെക്കുറിച്ചാണ്. കയ്യിലെ പേപ്പറും വച്ചു കുറേ നേരം ഞാന്‍ ആലോചിച്ചു.
എന്‍റെ മോഹങ്ങളില്‍ ഒന്നാമത്തേത് നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് ആണ്. അതു ഒരുമഹാ അസംബന്ധമായി കരുതുന്ന ഒട്ടനവധി സുഹൃത്തുക്കള്‍ എനിക്കുള്ളതിനാല്‍ അതു കുറിക്കുക എന്ന സ്വയംകൃതാനര്‍ത്ഥം ഞാന്‍ ചെയ്തില്ല. പകരം എനിക്കുള്ള ആഗ്രഹങ്ങള്‍ എന്‍റെതു മാത്രമാണെന്നും അതു പങ്കുവക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു കുറിപ്പെഴുതി ആ ഉദ്യമം ഞാന്‍ അവസാനിപ്പിച്ചു. പക്ഷെ മനസ്സില്‍ ഞാന്‍ അവ ഓര്‍ത്തെടുത്തു കുറിച്ചിടുക തന്നെ ചെയ്തു.
വൈകിട്ടു വീട്ടില്‍ എത്തി ഭക്ഷണം കഴിക്കുമ്പോള്‍ പെട്ടെന്നാണ് ഭര്‍ത്താവു പറഞ്ഞത് " മോനു കഴിക്കാന്‍ കൊടുക്കു, അവനു വിശക്കുന്നുണ്ടാവും " എന്ന്. പാതിയില്‍ നിര്‍ത്തി എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഉള്ളിലിരുന്നു ആരോ വിലക്കി. പെട്ടെന്നാണു പറഞ്ഞുപോയത് "ഞാന്‍ കഴിച്ചുകഴിയട്ടെ". ഒന്നു കൂടി നിവര്‍ന്നിരുന്നു ഭക്ഷണം തുടരുമ്പോള്‍ മകള്‍ ഒളികണ്ണിട്ടു ഭര്‍ത്താവിനെ നോക്കി. "എനിക്കു തോന്നുന്നതു പോലെ ഒരു ദിവസം എനിക്കു ജീവിക്കാന്‍ പറ്റുമോ? ഉറക്കെ കൂക്കിവിളിച്ചു, ഉയരത്തില്‍ ചാടി, ഇഷ്ടമില്ലാത്തത് ചെയ്യാതെ, ആജ്ഞാപിക്കുന്നവരോട് പോയിത്തുലയാന്‍ പറഞ്ഞ്, ഒരു ദിവസം എനിക്കു ജീവിക്കാന്‍ പറ്റുമോ?" പരിചിതമല്ലാത്ത കാര്‍ക്കശ്യം സ്വരത്തില്‍ കേട്ടിട്ടാവണം രണ്ടാളും രണ്ടു ദിക്കിലേക്ക് നോക്കിയിരുന്നത്.
പക്ഷെ, ഒരാവേശത്തില്‍ പറഞ്ഞെങ്കിലും "മോനു ശരിക്കും വിശക്കുന്നുണ്ടാകുമോ" എന്ന സംശയം എന്നെ നോവിച്ചു. കഴിച്ചിട്ടു തോണ്ടയില്‍നിന്നും കീഴ്പോട്ടു ഇറങ്ങാത്തതുപോലെ. കഴിച്ചതു മതിയാക്കി എഴുന്നേല്‍ക്കുമ്പോള്‍ മനസ്സിലെ കൊച്ചുകൊച്ചു മോഹങ്ങള്‍ കുറിച്ചിടാന്‍ പറഞ്ഞ അയാളെ മനസ്സാ ശപിച്ചു. ഒരു വെള്ളക്കാരന്‍റെ ചിന്തകള്‍ ഒരു ശരാശരി മലയാളിയുടെ ചിന്തകളെ സ്വാധീനിച്ചു കൂടാ എന്നു മനസ്സിലുറപ്പിച്ചു വീണ്ടും ആ വാതില്‍ കൊട്ടിയടച്ചു മോനുള്ള ഭക്ഷണം എടുത്തു ഞാന്‍ നടന്നു.