എല്ലാ ദിവസവും മുടങ്ങാതെ പത്രം വായിക്കുക എന്നത് ചെറുപ്പം മുതൽ എനിക്കുള്ള ശീലമാണ് . അന്ന് "മാതൃഭൂമി " ആയിരുന്നു വീട്ടിലെ പത്രം. രാവിലെ തന്നെ അത് അരച്ചു കലക്കി കുടിച്ചില്ലെങ്കിൽ എന്തോ ഒരു വല്ലായ്‌മയായിരുന്നു. മുതിർന്നപ്പോഴും പത്രങ്ങളുടെ പേരുകൾ മാറിയെങ്കിലും ആ ശീലം തുടർന്നുപോന്നു. ഇവിടെയെത്തിയപ്പോൾ , അത് ഓൺലൈൻ പത്രങ്ങളിലേക്കു മാറി. എന്നിരുന്നാലും എല്ലാ ദിവസവും നാട്ടിലെ വിശേഷങ്ങളറിയാൻ സ്ഥിരം ഇതിനു മുന്നിലിരിക്കുക ശീലമായിരുന്നു, ഏതാനും ആഴ്ചകൾ മുൻപ് വരെ.
ഈയിടെയായി പത്രം വായന ഞാൻ നിർത്തിയിരിക്കുകയാണ്. കാരണം അവ എന്റെ പേടിസ്വപ്നങ്ങളായി മാറിയിരിക്കുന്നു. ഉറക്കത്തിനിടയിൽ ഞെട്ടി എഴുന്നേറ്റു എന്റെ കുഞ്ഞുങ്ങൾ കിടക്കുന്ന മുറികളിൽ ഞാൻ വീണ്ടും വീണ്ടും പോയി നോക്കുന്നു, ശാന്തമായുറങ്ങുന്ന അവരെ കാണുമ്പോൾ ആശ്വസിക്കുന്നു. ഞാൻ നാട്ടിലല്ല എന്ന സ്വാർത്ഥ ചിന്ത ഇപ്പോൾ എന്നെ അല്പം സ്വസ്ഥമാക്കുന്നുണ്ട്.
കുറച്ചുനാളുകളായി പത്രം തുറന്നാൽ കാണുന്ന വാർത്തകൾ മനസ്സിൽ തീ കോരിയിടുകയാണ്. വർഗ്ഗീയതയും പീഡനങ്ങളും പിന്നെ അവയുടെ നിറം പിടിപ്പിച്ച വിശദീകരണങ്ങളും മാത്രമായിരിക്കുന്നു വാർത്തകളിൽ . ഒരു പടി കൂടെ കടന്ന് കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്യുന്ന ഒരു നാടായി നമ്മൾ "പുരോഗമിച്ചിരിക്കുന്നു". ജീവിതത്തിൻടെയും മരണത്തിന്റെയും ഇടയിലുള്ള നൂൽപാലത്തിലൂടെ നടക്കാനുള്ള മാനസികാവസ്ഥയിലേക്ക് നമ്മുടെ കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കുന്നവർ എല്ലാം കണ്ടു അട്ടഹസിച്ചു നിൽക്കുന്നു.
നിയമവും ന്യായവും വിപരീത ദിശകളിലൂടെ നടക്കുമ്പോൾ കഥകൾ ആവർത്തിക്കപ്പെടുകയാണ്.
ജീവിതത്തെ തിരിച്ചറിയും മുൻപേ വെറും "ശരീരങ്ങൾ" മാത്രമായി മുദ്ര ചെയ്യപ്പെടുകയാണ് ആൺപെൺ ഭേദമില്ലാതെ നമ്മുടെ കുഞ്ഞുങ്ങൾ. ചുറ്റിവരിയുന്ന ഭീകരങ്ങളായ കൈകൾക്ക് അച്ഛനെന്നോ മുത്തച്ഛനെന്നോ അധ്യാപകനെന്നോ വകതിരിവില്ലാതെയായിരിക്കുന്നു. നിശബ്ദമാക്കപ്പെടുന്ന നിലവിളികൾ അടുത്തടുത്ത് വരുന്നു. പുതിയ ഇരകളെ കിട്ടുമ്പോൾ പഴയവയെ മറന്ന് കൂടുതൽ വാണിജ്യ തന്ത്രങ്ങൾ മെനഞ്ഞു മാധ്യമരാജാക്കന്മാരും കൊഴുക്കുന്നു . ചാനലുകളിൽ ഉറ്റവരുടെ തേങ്ങലുകൾ വിലപേശപ്പെടുന്നു .
കശക്കിയെറിയപ്പെടുന്ന ഓരോ കുരുന്നിലും ഞാൻ എന്റെ കുഞ്ഞുങ്ങളുടെ മുഖമാണ് കാണുന്നത് . കണ്ണടച്ച് ഇരുട്ടാക്കുക എന്ന എന്റെ പഴയ തന്ത്രം ഇനി വിലപ്പോകില്ലെന്നു ഞാൻ തിരിച്ചറിയുന്നുണ്ട് . ഉറക്കത്തിന്റെ ഓരോ നിമിഷാർത്ഥത്തിലും കണ്ണീരണിഞ്ഞ ഈ മുഖങ്ങൾ എനിക്കു നേരെയും കൈ ചൂണ്ടുന്നുണ്ട് , " ഞങ്ങൾക്കു വേണ്ടി എന്തു ചെയ്തു " എന്ന് .
കാലഹരണപ്പെട്ട നിയമപുസ്തകങ്ങൾ കത്തിച്ചു കളയുക, ഓരോ കുഞ്ഞിനു മേലും ചാടിവീഴുന്നവനു ജീവന്റെ ആനുകൂല്യം നൽകാതിരിക്കുക, അവരെ പരസ്യമായി ഇഞ്ചിഞ്ചായി കൊന്നുതീർക്കുക, ഇനിയൊരു കൈയ്യും നമ്മുടെ കുഞ്ഞുങ്ങളെ അടർത്താൻ ഉയരാതിരിക്കണം . മരണം മുന്നിലെത്തുന്ന നിസ്സഹായാവസ്ഥ ആ ശവംതീനികൾ അനുഭവിക്കണം . വിടരും മുൻപേ കൊഴിഞ്ഞു പോയ നമ്മുടെ കുഞ്ഞുങ്ങൾക്കു വേണ്ടി ഇതെങ്കിലും ചെയ്യണം. വേദനകളില്ലാത്ത ഏതോ ലോകത്തിരുന്നു ആ കുഞ്ഞുങ്ങൾ നമ്മുടെ നിർവികാരതയെ ചോദ്യം ചെയ്യുന്നുണ്ടാവും.