നന്നേ ക്ഷീണിച്ചിരുന്നുവെങ്കിലും തല അല്പം ഉയർത്തിപ്പിടിച്ചുതന്നെയാണ് കയ്യിലൊരു റോസാപ്പൂവുമായി വൈകുന്നേരം വീട്ടിൽ വന്നു കയറിയത്. അപ്പോഴാണ് യാതൊരു ഭാവഭേദവുമില്ലാതെ വീട്ടുകാരൻ ചോദിക്കുന്നത്, "ഇതെന്താ പൂവൊക്കെയായിട്ട്?". ശരിക്കും ഉയർത്തിപ്പിടിച്ചിരുന്ന തല കഴുത്തൊടിഞ്ഞ ചെടി പോലെ കുനിഞ്ഞുപോയി. കാറ്റു കുത്തിവിട്ട ബലൂണിനെപ്പോലെ ഞാനും ചുളുങ്ങിപ്പോയി. കാരണമുണ്ട്, രാവിലെ റെയിൽവേ സ്റ്റേഷനിൽ "മെട്രോ" വിൽക്കാൻ നിന്നിരുന്ന സ്വദേശിയായ വെള്ളക്കാരൻ മുതൽ ട്രെയിനിൽ തൊട്ടടുത്തിരുന്ന സഹയാത്രികൻ, സ്ട്രീറ്റ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന തീർത്തും അപരിചിതനായ മറ്റൊരാൾ, എല്ലാവരും ഒരേ ഈണത്തിൽ ഇന്നു പറഞ്ഞ ഒരു കാര്യമുണ്ട് , "ഹാപ്പി വിമൻസ് ഡേ.."
പഴയ ഏതോ സിനിമയിലെ ഡയലോഗ് പോലെ "മറന്നു അല്ലെ.." എന്നു ചോദിക്കണമെന്നു തോന്നി, പിന്നെ , ആവശ്യമില്ലാത്ത സംസാരം നമ്മുടെ ഊർജം വ്യർത്ഥമാക്കുമെന്ന തിരിച്ചറിവ് ഈ അടുത്ത നാളുകളിലെപ്പോഴോ കൈവന്നതിനാൽ ആ ശ്രമം ഞാൻ ഉപേക്ഷിച്ചു.
വനിതകൾ ഭൂരിപക്ഷമുള്ള, വനിതകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയിൽ ജോലി ചെയ്യുന്നതുകൊണ്ടാവും ഈയിടെയായി ഇതൊക്കെ ഞാൻ കൃത്യമായി ഓർത്തുവയ്ക്കുന്നത്. അല്ലെങ്കിൽ വനിതാദിനം എൻറെ ചിന്തകളെയൊന്നും അത്ര ബാധിക്കാറില്ലായിരുന്നു.
വനിതകൾക്കായി വർഷത്തിൽ ഒരു ദിനമെങ്കിലും വേണ്ടേ എന്ന ചോദ്യത്തിന് പകരമായി , വനിതകൾ ഇല്ലാത്ത ഒരു ദിനമെങ്കിലും നമുക്ക് ജീവിതത്തിൽ സങ്കല്പിക്കാനാകുമോ എന്ന് ചോദിക്കാനാണ് എനിക്കിഷ്ടം. രാവിലെ ഉണരുമ്പോൾ അലാം അഞ്ചു മിനിറ്റ് കൂടി സ്നൂസ് ചെയ്തു പുതപ്പിനടിയിലേക്കു ചുരുണ്ടുകൂടാൻ നമ്മുടെ പുരുഷപ്രജകൾക്കു ധൈര്യം കൊടുക്കുന്നത്, "അവൾ എഴുന്നേറ്റു പൊയ്ക്കോളും" എന്ന ആത്മവിശ്വാസമാണ്. പാതിരാത്രിക്ക് ഉറങ്ങി പുലർച്ചെ എഴുന്നേൽക്കുമ്പോൾ "നാളെ മുതൽ കുട്ടിക്കുള്ള ഉടുപ്പുകൂടി എടുത്തു വച്ചിട്ട് കിടക്കണം, അല്ലെങ്കിൽ രാവിലെ എനിക്കു ബുദ്ധിമുട്ടാണ്" എന്ന് പറയിക്കുന്നതും ഇതേ ആത്മവിശ്വാസം തന്നെ. എൻറെ നന്മമരങ്ങൾ ക്ഷമിക്കുക,അടച്ചാക്ഷേപമല്ല, ചില ദൈനംദിന കാഴ്ചകളാണ് കേട്ടോ.
എന്നു കരുതി, നാളെ മുതൽ രാവിലെ ബെഡ്‌കോഫിയുമായി നിൽക്കുന്ന ഭർത്താവിനെ കണികാണണം എന്ന ആഗ്രഹമൊന്നും ഞാനുൾപ്പെടെയുള്ള ഭാര്യമാരുടെ വിദൂര സ്വപ്നങ്ങളിൽപോലും ഇല്ല. "നിന്റെ സാന്നിധ്യം ഞാൻ അറിയുന്നുണ്ട്" എന്നു ഒന്നു ബോധ്യപ്പെടുത്തിയാൽ മാത്രം മതി. സ്വന്തം അസ്തിത്വം അംഗീകരിക്കപ്പെടുക എന്ന ഏതൊരു ജീവിയുടെയും മൗലികാവകാശം അതിന്റെ ഏറ്റവും ചെറിയ അളവിലെങ്കിലും സാധിച്ചുകിട്ടിയാൽ സന്തോഷമായി.
ഇങ്ങനെയുള്ള നിരവധി ചിന്തകൾ തലയിലൂടെ പായുമ്പോൾ ആണ് മോൻ പറയുന്നത്, "ഇന്ന് വിമൻസ് ഡേ അല്ലെ , ഇന്നത്തെ കിച്ചൺ ജോലികൾ അച്ഛന്റെ വക, 'അമ്മ വിശ്രമിക്കട്ടെ" . അത് കേട്ടപ്പോൾ അറിയാതെ കണ്ണിൽ ഒരു നനവ് പടർന്നു, സ്ത്രീകളെ രക്ഷപ്പെടുത്തണമെങ്കിൽ നമ്മുടെ ആൺകുട്ടികളെ ബോധവത്കരിക്കണം എന്നു എവിടെയോ വായിച്ചതാണ് ശരി.ഓരോ കുസൃതിക്കുരുന്നിലും പ്രതീക്ഷക്കു വകയുണ്ട് , ശീലിപ്പിച്ചെടുക്കണം നമ്മൾ ..