Wednesday, October 7, 2015

ജീവിതക്കാഴ്ച്ചകള്‍.....

പതിവുപോലെ വീണ്ടും യാത്രകളാണ് എന്‍റെ ചിന്താധാരകളെ പുഷ്ടിപ്പെടുത്തുന്നത്..പ്രത്യേകിച്ചും ഈയിടെയായി സിറ്റി സെന്‍റെറിലെക്കുള്ള യാത്രകള്‍...രാവിലെയുള്ള പതിവു മലയാളി തിരക്കുകള്‍ക്കു ശേഷം ട്രെയിനില്‍ കയറിപ്പറ്റുമ്പോഴാണു ഒന്നു ശ്വാസം വീഴുന്നത്..പിന്നീടങ്ങോട്ടു നാല്പതു മിനിട്ടുകള്‍ എന്‍റെ മാത്രം സ്വന്തം..ഈ നാല്പതു മിനിട്ടുകള്‍ ആണ് എനിക്കിപ്പോള്‍ ഊര്‍ജം പകരുന്നത്..

ഇത് അവസാനത്തെ സ്റ്റേഷന്‍ ആയതുകൊണ്ടു സ്വസ്ഥമായി ഒരു ഇരിപ്പിടം ഇവിടുന്നു തരപ്പെടുത്താന്‍ ബുദ്ധിമുട്ടില്ല. അതുകൊണ്ടുതന്നെ വളരെ ആര്‍ഭാടമായി ഞാന്‍ എന്‍റെ യാത്ര തുടങ്ങുകയാണ് പതിവ്. ഓരോ ദിവസവും മിക്കവാറും പുതിയ കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ് ട്രെയിന്‍. വ്യത്യസ്ഥരായ ആളുകള്‍, അവരുടെ ചേഷ്ടകള്‍...ഒരു സെല്‍ ഫോണിന്‍റെ സ്ക്രീനിനു വേണ്ടി ജീവിതം സമര്‍പ്പിച്ച കുറേ മനുഷ്യര്‍, ചെവിയില്‍ തിരുകിയ സംഗീതത്തിന്‍റെ (?) താളത്തിനൊത്തു കുലുങ്ങുന്ന വേറെ കുറേ തലകള്‍, ഈ ലോകത്തു ഞാനും എന്‍റെ പെമ്പിളയും മാത്രം എന്ന് പണ്ടു ആരോ പറഞ്ഞതുപോലെ സ്ഥലകാലബോധം ഇല്ലാതെ ശ്രിങ്ങരിക്കുന്ന മറ്റു ചിലര്‍, കറുത്തവന്‍, വെളുത്തവന്‍, മൂക്കിലും പുരികത്തിലും ചുണ്ടിലും വരെ തുളയുണ്ടാക്കി എന്തൊക്കെയോ കേട്ടിതൂക്കിയവര്‍, വാര്‍ധക്യത്തിന്‍റെ വിഷമതകള്‍ ഏറെയുണ്ടെങ്കിലും വളരെ സമ്പന്നമായ പുഞ്ചിരിയുമായി എല്ലാവരെയും കാണുന്ന ചിലര്‍..

എന്‍റെ മനസ്സിനെ ഇന്നു അസ്വസ്ഥമാക്കിയത്നി ഈ അവസാനം പറഞ്ഞ വിഭാഗത്തില്‍ പെട്ട ഒരാളാണ്.

സിറ്റി സെന്റെറില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ എനിക്കു വീണ്ടും പത്തു മിനിറ്റ് നടക്കണം എന്‍റെ ജോലിസ്ഥലത്തെത്താന്‍..അതിനിടയില്‍ അഞ്ചു ട്രാഫിക് ക്രോസ്സിങ്ങുകള്‍. എത്ര തിരക്കുള്ള മാന്യന്‍ ആണെങ്കിലും ഈ ക്രോസ്സിങ്ങുകളില്‍ ചുവപ്പ് തെളിഞ്ഞാല്‍ നിന്നേ പറ്റു. 

അത്തരം ഒരു കാത്തുനില്പില്‍ ആണ് ഞാന്‍ ഹെലെനെ പരിചയപ്പെടുന്നത്. ഇവിടെ ജനിച്ചുവളര്‍ന്ന സുന്ദരിയായ ഒരു കാനഡാക്കാരി..പ്രതീക്ഷകള്‍ അത്ര മാനം മുട്ടെ പോകാന്‍ വരട്ടെ..ഹെലെന്‍റെ പ്രായം എഴുപതിയഞ്ച് !!  വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ കൊണ്ടു ഒരു വാക്കെറിന്‍റെ സഹായത്തോടെ ആണു നടക്കുന്നത്. മിക്കപ്പോഴും ആദ്യത്തെ ക്രോസ്സിങ്ങിലാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ആദ്യത്തെ ദിവസം തന്നെ അവര്‍ എന്നെ നോക്കി ഹൃദ്യമായി ചിരിച്ചു, ഒരു അപരിചിതത്വവുമില്ലാതെ. അടുത്ത ക്രോസ്സിങ്ങില്‍ അവര്‍ എന്നോടു പേര് പറഞ്ഞു പരിചയപ്പെട്ടു. പിന്നെ ഞങ്ങള്‍ ഒരുമിച്ചു നടന്നു, എന്‍റെ ജോലിസ്ഥലതിനടുത്തുള്ള സിനിയെര്സ് അപാര്‍ടുമെന്‍റ്ഇല്‍ ആണു താമസം എന്നു പറഞ്ഞു, സ്ഥലമായപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞു നടന്നകന്നു..

പിന്നീടു ഇതൊരു സ്ഥിരം കാഴ്ചയായി. നടന്നുപോകുന്ന ഓരോ വഴിയിലും അവര്‍ക്കു ഒത്തിരി കഥകള്‍ പറയാനുണ്ടായിരുന്നു.വര്‍ഷങ്ങള്‍ പിറകൊട്ടായിരുന്നു അവരുടെ മനസ്സു എപ്പോഴും സഞ്ചരിച്ചിരുന്നത്. അവരുടെ ബാല്യവും കൌമാരവും യൌവനവും ഒക്കെ എന്‍റെ മുന്നിലൂടെ പലപ്പോഴും ഒരു തിരശ്ശീലയിലെന്നപോലെ കടന്നുപോയി..

വാന്‍കൊവെറില്‍ ആയിരുന്നു ഹെലെന്‍റെ ജീവിതം, ഇരുപതാം വയസ്സില്‍ പോര്‍ച്ചുഗീസുകാരനായ ബെനെടിറ്റൊയെ കണ്ടുമുട്ടുംവരെ. പ്രണയം നല്‍കിയ അസാമാന്യ ധൈര്യത്തില്‍ അവള്‍ വീടുവിട്ടു. കാല്ഗരിയിലാണ് അവര്‍ ജീവിതം തുടങ്ങിയത്..ഹെലെന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, "ഹി വാസ് അമൈസിംഗ്", ജീവിതത്തെ പുഞ്ചിരിയോടെ മാത്രം കാണണമെന്ന വിശ്വാസക്കാരന്‍..സന്തോഷത്തിന്‍റെ വര്‍ഷങ്ങള്‍, വാന്‍കൊവെറില്‍ നിന്നും അച്ഛനും അമ്മയും സ്നേഹത്തിന്‍റെ താങ്ങുമായി എപ്പോഴും കത്തുകളില്‍ ഉണ്ടായിരുന്നു....

ഒട്ടു മിക്ക പ്രണയത്തിലെയും പോലെ ഇവിടെയും ഒരു വില്ലന്‍ കടന്നുവന്നു. ബെനെടിറ്റൊയുടെ മുപ്പതാം വയസ്സില്‍ ഒരു ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍..യൌവനത്തിന്‍റെ മധ്യത്തില്‍ ഹെലെനെ ഈ ലോകത്തു തനിച്ചാക്കി ചിരിച്ചുകൊണ്ട് ബെനെടിറ്റോ കടന്നുപോയി.

ഇനി കുറച്ചു ഹെലെന്‍ തന്നെ പറയട്ടെ "കുറേ നാള്‍ ഞാന്‍ ഒറ്റക്കിരുന്നു, അപ്പോഴേക്കും എന്‍റെ മാതാപിതാക്കള്‍ എന്നോടു തിരിച്ചു വരാന്‍ ആവശ്യപ്പെട്ടു. എന്തോ, ബെനെടിറ്റൊയുടെ സാമീപ്യമുള്ള ഈ നടവഴികള്‍ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തി. ഞാന്‍ പോയില്ല. കുറേ നാള്‍ കഴിഞ്ഞു അമ്മയുടെ കത്തിലൂടെ ഞാന്‍ അറിഞ്ഞു അച്ഛനു മറവിരോഗം ബാധിച്ചു തുടങ്ങിയിരിക്കുന്നു. സ്വന്തം രോഗാവസ്ഥയിലും അത്തരം ഒരു രോഗിയെക്കൂടി നോക്കുന്നതിലുള്ള അമ്മയുടെ ബുദ്ധിമുട്ടു എനിക്കു മനസ്സിലായി". 

അങ്ങനെ ഹെലെന്‍  ജോലിയില്‍ നിന്നും അവധിയെടുത്തു വീട്ടിലേക്കു പോയി. ഒരു ദിവസം ഉച്ചമയക്കത്തില്‍ അച്ഛന്‍ വന്നു തട്ടിവിളിച്ചു. ഞെട്ടിയെഴുന്നെറ്റ അവളോടു പറഞ്ഞു "ഞാന്‍ മടുത്തു. " അദ്ദേഹത്തിന്‍റെ മുഖത്തു ഒരിക്കലുമില്ലാത്ത ഒരു ക്ഷീണഭാവം അവള്‍ക്കു മനസ്സിലായി. അദ്ദേഹം തുടര്‍ന്നു, "എന്‍റെ രോഗവും നിന്‍റെ അമ്മയുടെ കഷ്ടപ്പാടും എന്നെ നിരാശപ്പെടുത്തുന്നു. ഒരു ദയാവധം ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ നിന്‍റെ അമ്മയെ ഒറ്റയ്ക്കാക്കിയിട്ട് പോകാന്‍ എനിക്കു വയ്യ". നിര്‍വികാരയായി എല്ലാം കേട്ടിരിക്കാനെ അവള്‍ക്കു കഴിഞ്ഞുള്ളൂ.

മരണം ഒരു ദൈവാനുഗ്രഹമാണെന്ന് അവള്‍ക്കു തോന്നിയതു ഈ സംഭവത്തിന്‌ ഒരു മാസത്തിനു ശേഷം ശാന്തമായൊരു ഉറക്കത്തിന്‍റെ മറവില്‍ അമ്മ മരണത്തിലേക്ക് യാത്രയായപ്പോഴാണ്. അമ്മയുടെ വിരലുകളില്‍ പിടിച്ചു ഒരു കുട്ടിയെപ്പോലെ അരികത്തിരുന്ന അച്ഛനെ വളരെ പ്രയാസപ്പെട്ടാണ് മാറ്റിയത്.
അതിനുശേഷം കൃത്യം ഒരു വര്‍ഷം, അച്ഛനും ഓര്‍മകളുടെ ലോകത്തേക്കു യാത്രയായി. 

ഹെലെന്‍ വീണ്ടും തിരിച്ചു കാല്ഗരിയിലേക്കു വന്നു.. ബെനെടിറ്റൊയുടെ കൂടെ നടന്നു തീര്‍ത്ത പഴയ നടവഴികളിലൂടെ വീണ്ടും നടന്നു.. നഗരത്തിന്‍റെ തിരക്കിലും ആള്കൂട്ടത്തിലെ ഒറ്റപ്പെടലിലും സ്വയം ഒറ്റപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചു.. അങ്ങനെ അനേകം വര്‍ഷങ്ങള്‍... ഒടുവില്‍ ജോലിയില്‍ നിന്നും പിരിഞ്ഞപ്പോള്‍ ആണ് വാര്‍ധക്യത്തിന്‍റെ ക്ഷീണം മനസ്സിനെയും ബാധിക്കുമെന്ന് ബോധ്യമായത്..ജീവിതത്തോട് തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്തതുകൊണ്ടു സമപ്രായക്കാര്‍ താമസിക്കുന്ന സ്ഥലത്തോട്ടു താമസം മാറ്റി. ഓരോ ദിവസവും നടപ്പും പുസ്തകങ്ങളും പുഞ്ചിരിക്കുന്ന മുഖങ്ങളും അവരെ ജീവിപ്പിച്ചു.

കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ ആണ് ഹെലെന്‍ പറഞ്ഞത്, "നിങ്ങളെ ആദ്യം കണ്ട ദിവസം ഞങ്ങളുടെ വിവാഹവാര്‍ഷികമായിരുന്നു. ഞങ്ങള്‍ ആദ്യം ഒരുമിച്ചു പോയി പ്രാര്‍ഥിച്ച പള്ളിയില്‍ പോയതായിരുന്നു ഞാന്‍. കുറേ നേരം അവിടെ ഒറ്റക്കിരുന്നു. അപ്പോള്‍ ബെനെടിറ്റോ എന്‍റെ സമീപത്തിരുന്നു പതുക്കെ സംസാരിക്കുന്നതുപോലെ ഒരു തോന്നല്‍. എല്ലാ ദിവസവും രാവിലെ ഞാന്‍ ഈ വഴിയിലൂടെ നടക്കാറുണ്ട്. ജീവിച്ചു തീര്‍ക്കാനുള്ള ഊര്‍ജത്തിനു വേണ്ടി". 

ഇന്നലെ ഹെലെനെ കണ്ടില്ല. ഇന്നു രാവിലെ വീണ്ടും ആ ചിരിയുമായി എന്നെ അവര്‍ പിന്നില്‍ നിന്നും വിളിച്ചു. " ഇന്നലെ എന്‍റെ ഡാഡിയുടെ ചരമദിനം ആയിരുന്നു, എന്നെ ഈ ലോകത്തു അനാഥയാക്കി മാറ്റിയ ദിവസം" .അവരുടെ കണ്‍കോണില്‍ പടരുന്ന നനവു മറക്കാനായി ഞാന്‍ ചോദിച്ചു "ഹെലെന്‍ എന്ത് ചെയ്തു, ഡാഡിക്കുവേണ്ടി പ്രാര്‍ഥിച്ചോ?" "ഇല്ല , കുറേ നേരം കരഞ്ഞു, വര്‍ണാഭമായിരുന്ന എന്‍റെ ലോകത്തു നിന്നു പടിയിറങ്ങിപ്പോയവര്‍, ഞാന്‍ വല്ലാതെ ഒറ്റക്കാണല്ലോ എന്ന തോന്നല്‍..അതാണു ഞാന്‍ ഇന്നലെ പുറത്തിറങ്ങാതിരുന്നത്, പക്ഷേ, പിന്നീടു തോന്നി, ജീവിതം എങ്കിലും സുന്ദരമാണ് സുഹൃത്തേ, വഴിയോരങ്ങളില്‍ കണ്ടുമുട്ടുന്ന നിങ്ങളെപ്പോലുള്ള അപൂര്‍വ്വം ചിലര്‍..കേള്‍ക്കാന്‍ ഒരു വിലപ്പെട്ട ചെവി കടം തരുന്നവര്‍, ജീവിതം ചിരിച്ചുകൊണ്ടു നടന്നു തീര്‍ക്കേണ്ടത് തന്നെ." 

എനിക്കെന്തോ എന്നത്തെയുംപോലെ ചിരിക്കാന്‍ തോന്നിയില്ല.എന്‍റെ മുന്നില്‍ കാല്‍നടക്കാര്‍ക്കുള്ള പച്ചനിറം തെളിഞ്ഞതോ ഹെലെന്‍ എന്‍റെ കയ്യില്‍ തട്ടിയതോ ഒന്നും ഞാന്‍ അറിഞ്ഞില്ല, ഒറ്റപ്പെട്ട ഒരു ജീവിതത്തിന്‍റെ സായന്തനത്തിലെ കാണാത്ത കുറേ കഥകള്‍ എന്നെ അത്രമാത്രം അസ്വസ്ഥയാക്കിയിരുന്നു.