Wednesday, October 28, 2015

ഇന്നലെകളില്‍ ജീവിക്കുന്നവര്‍...

ഇന്നത്തെ എന്‍റെ ഭ്രാന്തന്‍ ചിന്തകള്‍ ഞാന്‍ സമര്‍പ്പിക്കുന്നത് മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ്.

അതിനു  വളമായത് മനുഷ്യജീവിതത്തിലെ പ്രസക്തവും അപ്രസക്തവുമായ ബന്ധങ്ങളെക്കുറിച്ചും അവയുടെ ബാക്കിപത്രമാവുന്ന ചില മനസ്സുകളെ ക്കുറിച്ചുമുള്ള ചിന്തകളാണ്. .  കേള്‍ക്കുമ്പോള്‍ വളരെ പഴഞ്ചനും എന്നാല്‍ ദൈനംദിനജീവിതത്തില്‍ നേരംവെളുക്കുമ്പോള്‍ മുതല്‍ സ്വപ്നങ്ങളില്‍ വരെ നമ്മെ വിടാതെ ശല്യപ്പെടുത്തുന്നതുമായ ചിന്തകള്‍..എല്ലാത്തിനും കാരണമോ, മേല്‍പ്പറഞ്ഞ "ബന്ധങ്ങള്‍"തന്നെ.

കുടുംബമായാലും സൌഹൃദമായാലും മനുഷ്യബന്ധങ്ങള്‍ വല്ലാതെ മനസ്സിനെ ബാധിക്കുന്നു, പ്രത്യേകിച്ചും എന്നെപ്പോലുള്ളവരെ. എന്തുകൊണ്ട് എന്നു ചോദിച്ചാല്‍ അതിനു വ്യക്തമായ ഒരുത്തരവും തരാനില്ല. ചില മനസ്സുകള്‍ അങ്ങിനെയാണ് (വളരെ ലളിതവും എന്നാല്‍ പരമാര്‍ഥവുമായ ഒരുത്തരം.) ഓരോന്നിനും അതിന്‍റെതായ സ്ഥാനം മാത്രം കൊടുത്തു ജീവിതം പ്ലാസ്റ്റിക് മയമാക്കാന്‍ എന്നാണാവോ ഇനി പഠിക്കുക?? കാണുമ്പോള്‍ വെളുക്കെ ചിരിക്കാനും ഉളുപ്പില്ലാതെ കിന്നരിക്കാനും എന്നിട്ടതിനെ ഓരോരോ ഓമനപ്പേരിട്ടു വിളിക്കാനും പഠിക്കണം. കാരണം ജീവിതത്തില്‍ പ്രായോഗികതയുടെ വക്താക്കള്‍ക്കെ വിജയം ഉള്ളൂ എന്നാണു "ബുദ്ധിമാന്മാരുടെ " അഭിപ്രായം. 

എല്ലാ ബന്ധങ്ങളും അങ്ങിനെയാനെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. ഏതു പാതിരാത്രിക്കും വിളിച്ചാല്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്നു സംസാരിക്കുന്നതുപോലെ അനേകായിരം കാതങ്ങള്‍ക്കപ്പുറംനിന്നു  സംസാരിക്കാന്‍ പറ്റുന്ന സുഹൃത്തുക്കളും എനിക്കുണ്ട്. അതും പത്തിരുപതു  വര്‍ഷങ്ങളുടെ വിടവു മറ്റേയാളുടെ മനോവികാരങ്ങളെ ബാധിക്കാത്ത തരത്തില്‍. സംസാരത്തിന്റെ ശബ്ദവ്യതിയാനത്തില്‍ നിന്നും അങ്ങേത്തലക്കല്‍ സുഖമാണോ എന്നു മനസ്സിലാക്കുന്നവര്‍.  പക്ഷെ അവരുടെ എണ്ണം കുറവാണെന്നു മാത്രം. അതങ്ങനെയാണ്, ലോകത്തില്‍ അമൂല്യങ്ങള്‍ ആയവയൊക്കെ എണ്ണത്തില്‍ കുറവായിരിക്കും..

പലപ്പോഴും എനിക്കുകേള്‍ക്കേണ്ടിവരാരുണ്ട്, ഞാന്‍ ഇന്നലെകളിലാണ് ജീവിക്കുന്നതെന്ന്. അതില്‍ എനിക്കു പരാതികളില്ല.  എന്നെ ഞാനായി അറിയുന്ന ബന്ധങ്ങളും അവ തരുന്ന സുരക്ഷിതത്വവും ഞാന്‍ നേടിയത് എന്‍റെ ഇന്നലെകളില്‍ നിന്നും ആയിരുന്നു..കാലം മുന്നോട്ടു പായുമ്പോള്‍ പിന്തിരിഞ്ഞു നോക്കുന്നവര്‍ പരാജയമാണോ, ആണെങ്കിലും ഇവിടുത്തെ ഭാഷയില്‍ പറഞ്ഞാല്‍ "ഹു കെയര്‍സ്". (എന്തൊക്കെ ആയാലും ചില സമയങ്ങളില്‍ നമ്മുടെ മനസ്സിലുള്ളതു പ്രകടിപ്പിക്കാന്‍ ഈ ഭാഷ വലിയ സഹായമാണ്.) കാരണം എനിക്കു ഞാന്‍ ആയാല്‍ മതി...