Saturday, June 10, 2017

വൈകുന്നേരങ്ങൾ ഇപ്പോൾ വളരെ തിരക്കേറിയതാണ്. പതിനെട്ടു മണിക്കൂറോളം നീളുന്ന നോമ്പിന്റെ ക്ഷീണം വൈകിട്ടാണ് ബാധിച്ചു തുടങ്ങുക. ആ ക്ഷീണത്തിൽ നിൽക്കുമ്പോളാണ് അന്നത്തെ വിശേഷങ്ങളുമായി മകളുടെ രംഗപ്രവേശം ."അമ്മാ, ഇന്ന് സ്കൂളിൽ "ലോക്ക്ഡൗൺ ഡ്രിൽ " ഉണ്ടായിരുന്നു. ഞങ്ങൾ വിചാരിച്ചത് ശരിക്കും ആരോ സ്കൂളിൽ കടന്നു എന്നാണ്. ഞാൻ വല്ലാതെ പേടിച്ചുപോയി."  (സംഭവിച്ചേക്കാവുന്ന അത്യാഹിതങ്ങളിൽ നിന്നും , അതായത്, ആയുധധാരികളായ അക്രമികളോ മറ്റോ അകത്തുകടന്നാൽ രക്ഷപ്പെടാനോ ഒളിച്ചിരിക്കാനോ കുട്ടികളെ സജ്ജരാക്കാൻ നൽകുന്ന പരിശീലനമാണ് ലോക്ക് ഡൗൺ ഡ്രിൽ കൊണ്ട് ഉദ്ദേശിക്കുന്നത്.) എന്റെ ക്ഷീണമൊന്നും വകവയ്ക്കാതെ അവൾ തുടർന്നു, "അമ്മയ്ക്കറിയുവോ ഞാൻ എന്താ ആ ഒന്നര മണിക്കൂറിൽ ചെയ്തതെന്ന്? ". ഞാൻ തലയുയർത്തി നോക്കി,  "ഞാൻ ദൈവത്തോട് സംസാരിക്കുകയായിരുന്നു. എന്നെ ഇന്ന് മരിപ്പിക്കല്ലേ എന്നു ഞാൻ യാചിച്ചു . എനിക്കിനിയും കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നു ഞാൻ പറഞ്ഞു."    പിന്നീട് അവൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല, എന്റെ കണ്മുന്നിൽ പേടിച്ചരണ്ട് ഡെസ്കിനടിയിൽ പതുങ്ങിയിരിക്കുന്ന എന്റെ കുഞ്ഞിന്റെ മുഖം തെളിഞ്ഞു വന്നു.

ഓരോ ദിവസവും പത്രവാർത്തകളിൽ എത്രയോ പേടിച്ചരണ്ട മുഖങ്ങളാണ് നമുക്കു മുന്നിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത് . ഗർജിക്കുന്ന തോക്കുകൾക്കു മുന്നിൽ നിന്നും രക്ഷപ്പെടാൻ നിസ്സഹായരായ എത്രയോ കുഞ്ഞുങ്ങളാണ് ശ്വാസമടക്കിപ്പിടിച്ചു പതുങ്ങിയിരിക്കുന്നത് . അടുത്തടുത്തുവരുന്ന കാലടികൾ എത്രയോ പേരുടെ ഹൃദയമിടിപ്പുകളെയാണ് നിശ്ശബ്ദമാക്കുന്നത് . ചീഞ്ഞുനാറുന്ന രാഷ്ട്രീയ പിശാചുക്കളിൽ നിന്നും തമ്മിലടിപ്പിക്കുന്ന ചെന്നായ്ക്കളിൽ നിന്നും രക്ഷപ്പെടാൻ പ്രാർത്ഥിക്കാനേ നമുക്കാവൂ .

നമുക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് ഓർമ്മിക്കുവാൻ ദിവസത്തിന്റെ അൽപ നിമിഷങ്ങളെങ്കിലും മാറ്റിവെക്കണം . നമ്മൾ ശ്വസിക്കുന്ന സ്വാതന്ത്ര്യം, കഴിക്കുന്ന ഭക്ഷണം, വസ്ത്രങ്ങൾ, തല ചായ്ക്കാൻ ഒരിടം ഇതൊക്കെ വലിയ അനുഗ്രഹങ്ങളാണ് .    ഇഷ്ടപ്പെടാത്ത ഭക്ഷണം തള്ളിമാറ്റി വച്ച്   മുഖം കറുപ്പിക്കുന്നതിനു മുൻപ്  ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ദിവസങ്ങൾ കാത്തിരിക്കുന്ന മനുഷ്യക്കോലങ്ങൾ നമുക്കു മുന്നിൽ തെളിയണം . സോമാലിയയിൽ ഭക്ഷണവും വെള്ളവും കിട്ടാതെ മരണമടഞ്ഞ നൂറുകണക്കിനു കുട്ടികളെക്കുറിച്ചുള്ള വാർത്ത ഞാൻ എന്റെ കുഞ്ഞുങ്ങളെ വായിച്ചുകേൾപ്പിച്ചു . തങ്ങൾ എത്രമാത്രം ഭാഗ്യം ചെയ്തവരാണെന്നു  അവർക്കു ബോധ്യപ്പെടണമെങ്കിൽ  അതൊക്കെ കേൾക്കണം. ഏറ്റവും പുതിയ മോഡൽ ഫോണോ കളികളോ അല്ല ജീവിതത്തിന്റെ നേട്ടങ്ങളെന്ന് നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. അവർ നന്ദിയുള്ളവരാകട്ടേ .

ജീവിതത്തിലെ കൊച്ചു കൊച്ചു പരാജയങ്ങൾക്ക് നിരാശപ്പെടുന്ന ഒരു പതിവ് എനിക്കുണ്ടായിരുന്നു. എന്തു കൊണ്ട് ഞാൻ മാത്രം ... എന്ന ചോദ്യം പലപ്പോഴും എന്നെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. ഒട്ടനവധി ദുരിതങ്ങളിൽ നിന്നും രക്ഷപ്പെട്ടോടി, സ്വപ്നങ്ങൾ കാണാൻ പോലും മറന്നു പോയ ഒരു കൂട്ടം ആളുകളെ നിത്യവും കാണാൻ തുടങ്ങിയതോടെ പരാജയങ്ങളെ ഞാൻ മറന്നു തുടങ്ങി.
സമാധാനത്തിലേക്ക് ഉണർന്നെണീക്കുന്ന പ്രഭാതങ്ങളെക്കാളും വലിയ നേട്ടങ്ങളൊന്നുമില്ലെന്ന് മനസ്സിലാക്കിത്തുടങ്ങി. സ്വാതന്ത്ര്യത്തിന്റെ ഓരോ നിമിഷവും അനുഗൃഹീതം തന്നെ.

"അമ്മാ, ഞാൻ പറയുന്നതു കേൾക്കുന്നുണ്ടോ?" മോൾ അക്ഷമയാവുന്നതു കണ്ടു ഞാൻ മടങ്ങിവന്നു . "അവസാനം ഞാൻ ദൈവത്തോട് പറഞ്ഞു , എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി . അപ്പോൾ ഒരു ചെറിയ കാറ്റുപോലെ അമ്മയുടെ സ്നേഹം എന്നെ കെട്ടിപ്പിടിച്ചു . എനിക്കു ഒട്ടും പേടി തോന്നിയില്ല".   ഞാൻ അവളെ നോക്കി, എന്റെ കുഞ്ഞ് എന്നെക്കാളും  ആകാശം മുട്ടെ വളർന്നു എന്നെ ചിറകിനടിയിൽ ചേർത്തു പിടിച്ചിരിക്കുന്നു .  പേരറിയാത്ത ഒട്ടനേകം നാടുകളിലിരുന്നു ആയിരക്കണക്കിനു കുഞ്ഞുങ്ങൾ എന്നെ നോക്കി പുഞ്ചിരിച്ചു . നമ്മുടെ കുഞ്ഞുങ്ങളെ , ദൈവം സംരക്ഷിക്കട്ടേ , ലോകത്തെവിടെയായാലും .