Friday, May 5, 2017

ജീവിതത്തിലെ യാത്രകളിൽ നല്ല പങ്കും ട്രെയിൻ അപഹരിക്കുന്നതുകൊണ്ടാവാം എൻറെ എഴുത്തുകളിൽ മിക്കയിടത്തും അത് കടന്നുവരുന്നത് . രാവിലെയുള്ള മാരത്തോൺ ഓട്ടം അവസാനിക്കുന്നതു ട്രെയിനിലാണ് . എവിടെയെങ്കിലും ഒരു സീറ്റ് തരപ്പെടുത്തി ഇരുന്നുകഴിഞ്ഞാൽ പിന്നെ ഒരാശ്വാസമാണ് . പിന്നീടുള്ള അരമണിക്കൂർ എൻറെ സ്വന്തം സമയമാണ് . വായനയും കാഴ്ചകാണലും ചിന്തകളും ഒക്കെയായി അതു നിമിഷനേരം കൊണ്ട് കഴിഞ്ഞുപോകും . എന്നിരുന്നാലും ഒരു ദിവസത്തേക്കുള്ള ഊർജം അതെനിക്ക് തരുന്നുണ്ട് .

ഡൗൺടൗണിലേക്കുള്ള യാത്രയിൽ മാൽബൊറോ സ്റ്റേഷനും ഫ്രാങ്ക്‌ളിൻ സ്റ്റേഷനും ഇടയിൽ ഏതാണ്ട് ഒരുമിനിറ്റു ദൈർഖ്യം വരുന്ന ഒരു തുരങ്കമുണ്ട്. ആദ്യമൊക്കെ ട്രെയിൻ അവിടേക്കു കയറുമ്പോൾ തന്നെ ഞാൻ കണ്ണടയ്ക്കുമായിരുന്നു . ഒരു മിനിറ്റിനു മണിക്കൂറുകളുടെ നീളമുണ്ടെന്നു എനിക്കു തോന്നിയത് അവിടെ വച്ചാണ്. അവിടെ സെൽഫോണുകൾക്കു സിഗ്നലുമില്ല . ആ ഒരു മിനിറ്റിൽ, സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യങ്ങളാവും മനസ്സിൽ. മെല്ലെമെല്ലെ ഞാൻ അവിടെയെത്തുമ്പോൾ കണ്ണു തുറന്നിരിക്കാൻ ശ്രമിച്ചുതുടങ്ങി . പുറത്തു കാണുന്ന ഇരുട്ടിനെ പേടിക്കേണ്ടതില്ലെന്നു മനസ്സിലാക്കിയിട്ടൊന്നുമല്ല അത് . "ഈ നിമിഷവും കടന്നു പോകും" എന്ന യാഥാർഥ്യം നിറഞ്ഞ ചിന്തയെ മനസ്സിലങ്ങനെ തറച്ചുവച്ചു. അങ്ങനെ, വർഷങ്ങളായി ഞാൻ പേടികൂടാതെ ആ തുരങ്കപാതയിലൂടെ യാത്ര ചെയ്യുന്നു .

ജീവിതവും പലപ്പോഴും ഇങ്ങനെയാണ് . പൂത്തുലഞ്ഞു നിൽക്കുമ്പോൾ മുന്നിൽ വന്നുപോയേക്കാവുന്ന പലതിനെക്കുറിച്ചും നാം ചിന്തിക്കാറില്ല. മറിച്ചു, അപ്രതീക്ഷിതങ്ങളെ വളരെ തന്മയത്വത്തോടെ നമ്മുടെ മുന്നിലേക്കിട്ടു വിധി മാറി നിന്ന് ചിരിക്കുമ്പോൾ പലപ്പോഴും നാം കണ്ണുകൾ ഇറുക്കി അടച്ചുപോകുന്നു . കൂടുതൽ ഭീകരങ്ങളായ ചിന്തകൾ ഗ്രഹിച്ചെടുക്കുന്നു . ഓരോ നിമിഷവും ഇന്നലെകളാവും എന്ന ചിന്തയെ ഒന്ന് വേരുറപ്പിച്ചെടുത്താൽ ഭാരങ്ങൾ കുറെയൊക്കെ വലിച്ചെറിയാനാവും.

വളരെ സന്തോഷിച്ചു എല്ലാവരോടും തമാശയൊക്കെ പറഞ്ഞു നടക്കുന്ന ഒരു സഹപ്രവർത്തക എനിക്കുണ്ട് . ഒരിക്കൽപ്പോലും അവരുടെ മുഖം വാടി ഞാൻ കണ്ടിട്ടില്ല. ഒന്നിച്ചു നടക്കാനിറങ്ങുമ്പോൾ പലപ്പോഴും വിചാരിച്ചിട്ടുണ്ട് , ഇതിനു പിന്നിലെ രഹസ്യം ഒന്നറിയണമെന്ന് . അവരുടെ സ്വകാര്യതയെ ഹനിക്കലാവുമോ എന്ന് ഭയന്നാണ് മടിച്ചു മടിച്ചു  ഇന്നലെ അത് അവരോടു ചോദിച്ചത്. മറുപടി വളരെ ചിന്താർഹമായിരുന്നു , "എൻറെ പേഴ്‌സണൽ സ്പേസ്,  ഞാൻ വ്യക്തമായി വരച്ചുവച്ചിട്ടുണ്ട് , അവിടേക്കു ആർക്കും കടന്നു വരാനാവില്ല, ഞാൻ അനുവദിച്ചിട്ടുള്ളവരും എൻറെ പ്രിയപ്പെട്ടവരുമല്ലാതെ . അതു കൊണ്ടുതന്നെ,ആർക്കും എൻറെ ചിന്തകളെയും വികാരങ്ങളെയും സ്വാധീനിക്കാനാവില്ല . മനസ്സംഘർഷം എന്നൊന്ന് ഉണ്ടാവില്ലതന്നെ". 

സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയാലോ എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല . വഴിയേപോകുന്ന ആർക്കും കല്ലെറിയാവുന്ന ഒരു പഞ്ചായത്തുകുളമൊന്നുമല്ലല്ലോ നമ്മുടെ ജീവിതങ്ങൾ . പരിധികൾ നിശ്ചയിക്കുന്നത് നല്ലതാണ്, നമ്മുടെ സ്വന്തം ജീവിതത്തിനു ചായം പൂശാൻ നമ്മള് തന്നെ മതി .