Wednesday, November 16, 2022

സന്ദർശകർക്കുള്ള മുറിയിൽ ഇളം നീല നിറത്തിലുള്ള പതുപതുത്ത കുഷ്യൻ കൊണ്ട് മനോഹരമാക്കിയ സോഫയിൽ ഇരിക്കുമ്പോൾ ലാനയുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. ചേർന്നിരിക്കുന്ന അലക്സിന്റെ കൈകളിൽ അവൾ മുറുകെപ്പിടിച്ചിരുന്നു. ഒരുവേള ആ അമർത്തൽ അയാളുടെ വെളുത്തു മെലിഞ്ഞ കൈകളിൽ ചോരപ്പാടുകൾ സൃഷ്ടിച്ചേക്കുമോ എന്നുപോലും അവൾ ഭയന്നു. തീർത്തും അസ്വസ്ഥമായ കാത്തിരിപ്പിന്റെ നിമിഷങ്ങളിൽ നിന്നും രക്ഷപ്പെടാനെന്നവണ്ണം അവൾ ആ മുറിയിലെ മനോഹരമായ പെയിന്റിങ്ങുകളിലൂടെ കണ്ണോടിച്ചു. 

റിസപ്ഷനിൽ വന്ന് ഇന്നലെ ബുക്ക് ചെയ്ത അപ്പോയ്ന്റ്മെന്റിനെക്കുറിച്ചു പറഞ്ഞപ്പോഴേ അവിടിരിക്കുന്ന പെൺകുട്ടി കഴിയുന്നത്ര മര്യാദയുടെ സ്വരത്തിൽ "നിങ്ങൾ ഒരു മണിക്കൂർ ലേറ്റ് ആണല്ലോ" എന്ന് ഒരു പുഞ്ചിരിയോടെ പറഞ്ഞിരുന്നു. ഈ വിന്ററിൽ അപ്രതീക്ഷിതമല്ലെങ്കിലും ഇന്നലെയുണ്ടായ ശക്തമായ  മഞ്ഞുവീഴ്ച്ച വിമാനങ്ങളുടെ സമയം തെറ്റിച്ചത് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നതുകൊണ്ടാവാം അവളുടെ വിശദീകരണം അവർ മുഖവിലയ്‌ക്കെടുത്തത് . എയർപോർട്ടിൽ നിന്നും "serene inclines' എന്ന ലോങ്ങ് ടെം കെയർ ലേക്കുള്ള യാത്രയും വളരെ ദുർഘടം പിടിച്ചതായിരുന്നു. റോഡിൽ നിന്നും മഞ്ഞുമാറ്റുന്നതിനുള്ള ട്രക്കുകൾ തങ്ങളുടെ പണി നേരത്തെ തീർത്തിരുന്നെങ്കിലും തുടർച്ചയായ മഞ്ഞുവീഴ്ച്ച അതെല്ലാം വൃഥാവിലാക്കിയിരുന്നു. ക്യാബ് ഓടിച്ചിരുന്ന ഇന്ത്യക്കാരൻ പുറത്തെ മരം കോച്ചുന്ന തണുപ്പിനെക്കുറിച്ചും താൻ ഉപേക്ഷിച്ചുപോന്ന സുന്ദരമായ നാടിനെക്കുറിച്ചും ഏതൊരു കുടിയേറ്റക്കാരനെയും പോലെ വിലപിച്ചുകൊണ്ടിരുന്നു. 

serene inclines ൻറെ കോമ്പൗണ്ടിനുള്ളിൽ എല്ലാം സാധാരണമായിരുന്നു. നടപ്പാതകൾ മഞ്ഞുകോരി വൃത്തിയാക്കിയിട്ടിരുന്നു.അടച്ചുഭദ്രമാക്കപ്പെട്ട മുറികൾക്കുള്ളിൽ നിന്നും ജനാലയിലൂടെ അവിടത്തെ അന്തേവാസികളിലും ചിലരെല്ലാം അകലേക്ക്‌ കണ്ണുകളയച്ചു എന്തൊക്കെയോ കാഴ്ച്ചകളിൽ വ്യാപൃതരായിരുന്നു.

സന്ദർശകർക്കുള്ള മുറിയിലേക്ക് കടന്നിരിക്കുമ്പോഴേ റിസെപ്ഷനിസ്റ്റ് ഓർമ്മപ്പെടുത്തി , "അവർ വിശ്രമിക്കുന്ന സമയമാണ്. ചിലപ്പോൾ മയക്കത്തിലായിരിക്കും. അതുകൊണ്ട് അൽപ്പനേരം കാത്തിരിക്കേണ്ടിവന്നേക്കാം "

ഈ ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം കാത്തിരിപ്പാണെന്ന് ലാനയ്ക്കു തോന്നി. പണ്ട് കൊച്ചുകുട്ടിയായിരുന്നപ്പോൾ വിന്ററിൽ ഡേ കെയറിൽ  നിന്നും തന്നെ പിക്ക് ചെയ്യാൻ മമ്മ പലപ്പോഴും താമസിച്ചു എത്താറുള്ളത് ലാനയ്ക്ക് ഓർമ്മവന്നു. മറ്റുകുട്ടികളെല്ലാം പോയിക്കഴിഞ്ഞു ബേബിസിറ്ററുടെയൊപ്പം തനിച്ചിരിക്കുന്ന ആ വൈകുന്നേരങ്ങൾ ഏറ്റവും വെറുക്കപ്പെട്ടതായിരുന്നു. വൈകിട്ട് വീട്ടിലെത്തിയിട്ടുവേണം ബെല്ല എന്ന കുതിരക്കുട്ടിയുമായി കളിയ്ക്കാൻ,   മുഴുനീളൻ കോട്ടിൽ തണുത്തുവിറച്ചു മമ്മയെത്തുമ്പോൾ കുഞ്ഞു ലാന കണ്ണുകലങ്ങി മുക്കുചുവപ്പിച്ചു മമ്മയോട് പിണങ്ങിയിരിക്കും. കനത്ത മഞ്ഞിനേയും വഴിയിലെ ട്രാഫിക്കിനെയും പഴിച്ചുകൊണ്ട് മമ്മ അത് കണ്ടില്ലെന്നു നടിക്കും. 

ഒരു സിംഗിൾ മദറിന്റെ ജീവിതത്തിലെ കനത്ത മഞ്ഞുവീഴ്ച്ചകളിൽ പതറാതെ പിടിച്ചുനിന്ന, ഓർമ്മകളിൽ കൃത്യതയും വ്യക്തതയുമുണ്ടായിരുന്ന മമ്മയ്ക്ക് എവിടെ വെച്ചാണ് അവയിൽ മൂടൽ പടർന്നത്? താൻ പഠനം കഴിഞ്ഞു അലെക്‌സുമൊത്തു യൂറോപ്പിലേക്കു ചേക്കേറിയതിനു ശേഷമായിരുന്നു അത്. താൻ പോന്നതിനു ശേഷം മമ്മയുടെ ഇളയ സഹോദരി ഒപ്പം താമസിക്കാൻ എത്തി. ജോലിയിലെ പ്രൊമോഷനും ഉയർന്ന സാലറിയുമായി മമ്മ  വളരെ സംതൃപ്തമായ ജീവിതം നയിച്ചുവരുമ്പോളാണ് ചെറിയ ചെറിയ അസ്വസ്ഥതകൾ തലപൊക്കിത്തുടങ്ങിയത്. ജോലിയിൽ നല്ലതുപോലെ ശ്രദ്ധചെലുത്താൻ പറ്റുന്നില്ലെന്ന പരാതി ഏതാണ്ട് സ്ഥിരമായിക്കൊണ്ടാണ് അതിന്റെ തുടക്കം. പതിയെപ്പതിയെ സംസാരത്തിനിടയിൽ പലവാക്കുകളും കിട്ടാതെ തപ്പിത്തടഞ്ഞു തുടങ്ങി. ജോലിയിൽ നിന്നും early റിട്ടയർമെണ്ട് എടുക്കാൻ  തീരുമാനിച്ചത് അപ്പോഴാണ്.  അതും മുമ്പേതന്നെ ഇത് ഡിമെൻഷ്യയുടെ തുടക്കമാണെന്ന് ഡോക്ടർമാർ സൂചിപ്പിച്ചിരുന്നു.   പല സ്ഥലങ്ങളിലേക്കുള്ള വഴികളും ഓർത്തെടുക്കാനാവാതെ  വിഷമിച്ചുനിൽക്കുന്ന മമ്മയെ അനുനയിപ്പിച്ചു കൂട്ടിക്കൊണ്ടുവരുന്നത് സുഹൃത്തുക്കൾ ആരെങ്കിലുമായിരുന്നു. 

ഇടയ്ക്കിടെ സൂം കോളിനിടയിൽ ഏതോ  ആലോചനയിൽ മുഴുകിയിരിക്കുന്ന മമ്മയെയാവും കാണാൻ കഴിയുക. എന്താണ് ആലോചിക്കുന്നതെന്ന് ചോദിച്ചാൽ മമ്മ എന്തൊക്കെയോ പരസ്പരബന്ധമില്ലാതെ പറയും. പലപ്പോഴും മമ്മ പഴയകാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചിരുന്നത് . അപ്പോഴെല്ലാം  ആൻറ്റി  മമ്മയെ ചേർത്തുപിടിച്ചു തലയിൽ സ്നേഹപൂർവ്വം തലോടിക്കൊണ്ടിരിക്കും.

കാര്യങ്ങൾ ഓർത്തെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടു വന്നപ്പോൾ ആണ് മമ്മ  serene inclines ലേക്ക് താമസ്സം മാറ്റാൻ തീരുമാനിച്ചത്.  വർഷത്തിലൊരിയ്ക്കൽ  ഓടിയെത്തുന്ന തന്നെ കുറേനേരം നോക്കിയിരുന്ന് ഓർമ്മിച്ചെടുക്കാൻ കഷ്ടപ്പെടുന്ന മമ്മയെ കാണുക വളരെ നൊമ്പരപ്പെടുത്തുന്ന ഒന്നായിരുന്നു.

ജീവിതത്തിന്റെ തിരക്കുകളിൽ സന്ദർശന ഇടവേളകൾ കൂടിക്കൂടി വന്നു. ആഴ്ച്ചകൾ  മുമ്പ് മമ്മയുടെ സുഹൃത്തിനെ വിളിച്ചപ്പോൾ ആണ് ഓർമ്മകൾ മമ്മയ്ക്ക് എത്രമാത്രം അന്യമായിക്കഴിഞ്ഞുവെന്ന് ഒരു ഞെട്ടലോടെ കേട്ടത്. ഓർമ്മകളുടെ കുത്തൊഴുക്കിൽ ലാനയ്ക്ക് ശ്വാസം മുട്ടിയത്. അതിൽനിന്നും കരകയറാൻ ആവില്ലെന്ന് തോന്നിയപ്പോഴാണ് അലെക്സിനൊത്ത് ഇങ്ങോട്ടു തിരിച്ചത്.

പതിഞ്ഞ കാലടികളും നേർത്ത സംസാരങ്ങളും അടുത്തുവരുന്നതു കേട്ട് അലക്സ്‌ ലാനയുടെ കൈയ്യിൽ മൃദുവായി ഒന്നമർത്തി. നഴ്സിംഗ് അറ്റെൻടെന്റ് സെറയ്‌ക്കൊപ്പം  മമ്മ മെല്ലെ വാക്കറിന്റെ സഹായത്തിൽ നടന്നു വരുന്നുണ്ട്. അടുത്തെത്തിയപ്പോൾ സേറ മമ്മയോട് "ഇതാരാണെന്നു നോക്കൂ " എന്ന് സ്നേഹപൂർവ്വം പറഞ്ഞു . ചുറ്റുപാടും നോക്കി ഒടുവിൽ ബദ്ധപ്പെട്ട് ലാനയുടെ മുഖത്തേയ്ക്ക് പാളിനോക്കി മമ്മ പുഞ്ചിരിച്ചു. എന്നിട്ട് ചോദ്യഭാവത്തിൽ ഒന്നുകൂടി നോക്കി. ലാന കുനിഞ്ഞു മമ്മയുടെ കൈ പിടിച്ചു മുത്തി , "മമ്മാ , ഞാനാണ്, മമ്മയുടെ മോൾ ". 

മമ്മ ചിരിച്ചു, "നൈസ് ടു  മീറ്റ് യൂ" . പിന്നീട് തിടുക്കത്തിൽ തിരിഞ്ഞു സേരയോട് കാർക്കശ്യസ്വരത്തിൽ പറഞ്ഞു, " ഇനി ബാക്കി പേപ്പറൊക്കെ നാളെ നോക്കാം, വല്ലാതെ താമസ്സിച്ചു മോളെ ഡേ കെയരിൽ നിന്നും പിക്ക് ചെയ്യണം. കുതിരകൾക്ക് വെള്ളം കൊടുക്കാനും താമസിച്ചു,  ഈ കുട്ടിയോട് നാളെ വരാൻ പറയൂ ". 

ലാനയുടെ കൈകൾ വിടുവിച്ചു നടക്കാൻ ഭാവിച്ച മമ്മയുടെ കണ്ണുകളിലെ അപരിചതത്വം അവളെ തകർത്തുകളഞ്ഞു . ആൾക്കൂട്ടത്തിൽ ഒറ്റയ്ക്കാക്കപ്പെട്ട കുട്ടിയെപ്പോലെ അവൾ പകച്ചുനിന്നു.

 ലാനയോട് ക്ഷമാപണം നടത്തി ഒരു കൈകൊണ്ട് മമ്മയെ ചേർത്തുപിടിച്ചു  സേറ  പതിയെ നടന്നുനീങ്ങി. 

ഏറെ വൈകിയിട്ടും മമ്മയെക്കാത്ത്  ഒരു കുട്ടി ആ സന്ദർശകമുറിയിൽ കണ്ണുകലങ്ങിനിന്നു, ഓർമ്മകളിലേയ്ക്ക് ഇനിയും  ചേർത്തുവെയ്ക്കാൻ ഒന്നുമില്ലാതെ....