Sunday, November 20, 2022

ചില ചിരികളുണ്ട് 

കടലാഴങ്ങൾ നെഞ്ചിലൊളിപ്പിച്ചു 

കണ്ണുനീർപ്പുഴ  മിഴികളിൽ താഴ്ത്തി  

തൊണ്ടയൊരല്പവും ഇടറാതെ 

നേർത്തകാറ്റിന്റെ മൃദുമർമ്മരം പോലെ 

ചില ചിരികളുണ്ട് 

വിതുമ്പിപ്പോയേക്കുമെന്ന ഉൾഭയത്തിൽ  

ഇടയ്ക്കിടെ ശബ്ദം കൂട്ടി 

കണ്ണുകൾ പാതിയടച്ചു 

ശ്വാസമെടുക്കാനാവാതെ ആയാസപ്പെട്ട് 

ചില ചിരികളുണ്ട് 

മുറിവേറ്റ ഹൃദയത്തിൽ നിന്നും 

ഇറ്റുവീഴുന്ന ചോരത്തുള്ളികൾകൊണ്ട് 

അസ്തമയസൂര്യ കിരണങ്ങൾ പോലെ 

മുഖം തുടുപ്പിച്ചു ചൊടി  ചുവപ്പിച്ചു

ചില ചിരികളുണ്ട് 

നിസ്സഹായതയുടെ നോവിനുള്ളിൽ നിന്നും 

നമ്മളിടങ്ങളുടെ അസാന്നിധ്യത്തിൽ 

പകുത്തെടുക്കുവാനാരുമില്ലാത്ത 

ശൂന്യതയുടെ തമോഗർത്തങ്ങളിൽ  

നിനക്കുമാത്രം മനസ്സിലാവുമെന്ന് ഞാൻ വൃഥാ  കരുതുന്ന

 ചില ചിരികൾ..

ചില നിറകൺ ചിരികൾ...