Friday, February 11, 2011

വീട്ടിലേക്കുള്ള വഴി....


കുറേ ദിവസങ്ങളായി  ഞാന്‍ കാത്തിരുന്ന ഇ-മെയില്‍ ഇന്നുണ്ടായിരുന്നു....വീരേന്ദര്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.."ഗംഗാ , ഒടുവില്‍ ഞാനും നീ പറയാറുള്ള ആ വഴിയിലെത്തി...ഒരിക്കലും ഉണ്ടാവില്ല എന്ന് മനസ്സില്‍ ആവര്‍ത്തിച്ചു ഉറപ്പിച്ചിട്ടും , നീ പറയുമ്പോലെ , വിധി എന്നെയും ഇവിടെ കൊണ്ടെത്തിച്ചു ...".
ബാക്കി വായിക്കാന്‍ എനിക്കെന്തോ അപ്പോള്‍ തോന്നിയില്ല, ഒരു പരാജിതന്‍റെ   സ്വരമായിരുന്നുവോ അതെന്നു ഞാന്‍ സംശയിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് അയാളെ ഞാന്‍ ആദ്യം കാണുമ്പോള്‍ ഉണ്ടായിരുന്ന ആ ഊര്‍ജ്ജം നഷ്ടപ്പെട്ട പോലെ...

പതിവുപോലെ മോളുടെ സ്കൂളില്‍ അവളെ വിളിക്കാന്‍ ചെല്ലുമ്പോള്‍ ആണ് ഞാന്‍ അയാളെ ആദ്യമായി കാണുന്നത്..നരച്ച താടിയും തലപ്പാവുമായി വളരെ ഉയരം കൂടിയ ഒരു സര്‍ദാര്‍ജി.  ആ മുഖത്തെ നിറഞ്ഞ ചിരിയാണ് എന്നെ  ആകര്‍ഷിച്ചത്. സ്കൂള്‍ വിടാന്‍ പത്തു മിനിറ്റ് കൂടി ബാക്കിയുണ്ടായിരുന്നു. അന്ന് കാലാവസ്ഥ പതിവിലും ഭേദമായിരുന്നു. എന്നിട്ടും എനിക്ക് തണുക്കുന്നുണ്ടായിരുന്നു. പുറത്തെ മഞ്ഞിന്‍റെ  തണുപ്പ് ഉള്ളിലേക്ക് കയറാതെ ഞാന്‍ ജാകെറ്റിനുള്ളിലേക്ക് കൈ താഴ്ത്തി നിന്നു. പെട്ടെന്നാണ് അയാള്‍ എന്‍റെ  അടുത്തേക്ക് ചിരിച്ചുകൊണ്ട് വന്നത്. "പഞ്ജാബി ആണല്ലേ?" സാധാരണയായി അപരിചിതരുടെ നേരെ ഞാന്‍ മുഖം കൊടുക്കാറില്ല. പക്ഷെ, അയാളുടെ മുഖത്തെ ആ സൗഹൃദ ഭാവം എന്നില്‍ ഒട്ടും അപരിചതത്വം സൃഷ്ടിച്ചില്ല.( എന്‍റെ ഭര്‍ത്താവ് തമാശക്കായി പറയാറുണ്ട്‌ , അല്ലെങ്കിലും സിക്കുകാരോട് എനിക്കൊരു  മമത ഉണ്ടെന്നു. എവിടെപ്പോയാലും സ്വന്തം സംസ്കാരം കാത്തു സൂക്ഷിക്കുന്നവരോടുള്ള ബഹുമാനം.. ) "അല്ല, ഞാന്‍ കേരളത്തില്‍ നിന്നാണ്".
"എത്ര നാളായി ഇവിടെ? വളരെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ നിങ്ങളെ ആദ്യമായി കണ്ടത്."
"മൂന്നു മാസം."
അയാള്‍ വളരെ ആശ്ചര്യത്തോടെ എന്‍റെ നേരെ നോക്കിയിട്ട് പറഞ്ഞു "ഞാന്‍ എത്തിയിട്ട് നാല്പതു വര്‍ഷങ്ങളായി." അതുകേട്ടു ഞാന്‍ ശരിക്കും അദ്ഭുതപ്പെട്ടുപോയി. ഇത്ര നാള്‍, അതും ഇത്രയും നീണ്ട വര്‍ഷങ്ങള്‍ ഒരാള്‍ എങ്ങിനെയാണ് സ്വന്തം നാട്ടില്‍ നിന്നും....അത് എന്‍റെ മനസ്സിലാക്കലുകള്‍കും ഒത്തിരി അപ്പുറത്താണ്...

സ്കൂള്‍ ബെല്‍ കേട്ടപ്പോള്‍  അയാള്‍ എനിക്ക് ഹസ്തദാനം തന്നിട്ട് പറഞ്ഞു "പറയാന്‍ മറന്നു , ഞാന്‍ വീരേന്ദര്‍. നിങ്ങളുടെ പേരെന്താണ് ?" , "ഗംഗാ..".
പെട്ടെന്ന്, ഒരു തലപ്പാവ് കെട്ടിയ കുട്ടി ഓടിവന്നു, "എന്‍റെ കൊച്ചുമോന്‍ ആണ്, ഗംഗയുടെ ...?" "മോള്‍ ആണ്, വരും"
അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച.
പിന്നീട് കുറേ ദിവസത്തേക്ക് ഞാന്‍ തിരക്ക് കാരണം മോളെ കൊണ്ടുവരാന്‍ ഒരു സുഹൃത്തിനെ ഏര്‍പ്പാടാക്കി.

ദിവസങ്ങള്‍ക് ശേഷം ഞാന്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ സിറ്റി സെന്‍റെര്‍ വരെ പോകുകയായിരുന്നു. സിറ്റി സെന്‍റെരിലെക്കുള്ള ട്രെയിന്‍ യാത്രകള്‍ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നവയാണ്. ട്രെയിനിന്‍റെ ചില്ല് ജാലകങ്ങളിലൂടെ ദൂരെ മല നിരകളിലെ പാതി ഉരുകിയ മഞ്ഞിന്‍ പുതപ്പില്‍, വെയില്‍ പതിയുന്ന കാഴ്ച വളരെ നയന മനോഹരമാണ് . ആ കാഴ്ചയുടെ സൗന്ദര്യം  എന്നെ മോഹിപ്പിക്കാറുണ്ട്. പുറത്തു "ബോ" നദി മഞ്ഞുറഞ്ഞ് കിടക്കുന്നതും ഫിഷ് ക്രീക്ക് പാര്‍ക്കിലെ  ഇല കൊഴിഞ്ഞ മരങ്ങളും ഒക്കെ എന്‍റെ കണ്ണുകള്‍ക്ക്‌  അമൃതാണ്. ചിലപ്പോള്‍ "ബോ" നദിയുടെ, നടുവില്‍ മാത്രം മഞ്ഞുരുകി ഒരു ചാല്‍  ഒഴുകുന്നത്‌ കാണാം, ഒരു സുന്ദരിയുടെ വെളുത്ത മുഖത്തെ കണ്ണ്  നീര്‍ ചാലുകലാണ് എനിക്കപ്പോള്‍ ഓര്‍മ്മ വരിക.. ഒറ്റക്കുള്ള ഇത്തരം ഒരു യാത്ര ഇടയ്ക്കിടെ എനിക്കൊരു രക്ഷപ്പെടലാണ്.സ്വയം മറന്നു ഈ കാഴ്ചകളില്‍ അലിയുംപോളാണ്   ഒരാള്‍ കടന്നു വന്നു എന്‍റെ സീറ്റില്‍ അരികില്‍ ഇരുന്നത്. "സോറി, ഞാന്‍ ഒരു ശല്യമാവുമോ?" പരിചയമുള്ള സ്വരം കേട്ടപ്പോള്‍ ഞാന്‍ നോക്കി, വീരേന്ദര്‍ !! "പിന്നീട് കണ്ടില്ലല്ലോ ഗംഗയെ. തിരക്കായിരുന്നുവല്ലേ, ഞാന്‍ മോളോട് ചോദിച്ചിരുന്നു." ഞാന്‍ പുഞ്ചിരിച്ചു. സത്യം പറഞ്ഞാല്‍ എന്‍റെ സ്വകാര്യമായ ആ ശാന്തതയെ ശല്യപ്പെടുത്തിയതില്‍ എനിക്ക് അയാളോട് അമര്‍ഷം തോന്നാതിരുന്നില്ല.
 "വീരേന്ദര്‍, ആരൊക്കെയുണ്ട് വീട്ടില്‍? "
"ഭാര്യ,രണ്ടു ആണ്‍ മക്കള്‍. അവരുടെ ഭാര്യമാര്‍. നാല് കൊച്ചു മക്കള്‍. വലിയ കുടുംബം ആണ്. ഞാന്‍ ഇരുപതഞ്ഞാമത്തെ വയസ്സില്‍ ഇവിടെ എത്തിയതാണ്. ഞാന്‍ ജോലിയില്‍ നിന്നും വിരമിച്ചു. ഇപ്പോള്‍ കൊച്ചു മക്കളെ നോക്കുന്നു. ദോഷം പറയരുതല്ലോ, എന്‍റെ മക്കളും മരുമക്കളും എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. എനിക്ക് ഈ നാട് വളരെ ഇഷ്ടമാണ്.."
ഞാന്‍ ചോദിച്ചു, "ഇനി ഇന്ത്യയിലേക്ക്‌ മടങ്ങണം എന്ന് തോന്നുന്നില്ലേ? നമ്മുടെ നാട് അല്ലെ നമുക്ക് എന്നും സ്വര്‍ഗം?"
പെട്ടെന്ന് വീരേന്ദര്‍ ക്ഷുഭിതനായി പറഞ്ഞു "ഒരിക്കലുമില്ല, ഇന്ത്യയില്‍ എവിടെയാണ് നമുക്ക് സമാധാനം? നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങിനെയാണ് സുരക്ഷിതരാവുന്നത്? പറയുന്നതില്‍ ഒന്നും തോന്നരുത്, എനിക്ക് ഇവിടം സ്വര്‍ഗമാണ് ?"
എനിക്ക് ആ സംസാരം തീരെ ഇഷ്ടപ്പെട്ടില്ല. എന്‍റെ ഉള്ളിലെ ഏറ്റവും വലിയ സ്വപ്നത്തിന്‍റെ മേലാണ് വീരേന്ദര്‍ കുറേ ചോദ്യ ചിഹ്നങ്ങള്‍ ഇട്ടതു. നാട്ടിലേക്കുള്ള മടക്കയാത്ര എന്നും ഞാന്‍ സ്വപ്നം കാണാറുണ്ട്‌. എന്തായാലും അപ്രസക്തമായ ഒരു ചോദ്യം ചോദിച്ചു എന്‍റെ മനസ്സമാധാനം സ്വയം  കെടുതിയത്തില്‍ ഞാന്‍ എന്നെ തന്നെ ശകാരിച്ചു.വീരേന്ദര്‍ കുറേ നേരം ഒന്നും സംസാരിച്ചില്ല. പിന്നെ എന്തെല്ലാമോ തമാശകള്‍ പറഞ്ഞു.. ഞങ്ങള്‍ പിരിഞ്ഞു.

അടുത്ത കുറേ ദിവസങ്ങളില്‍ എന്‍റെ ജോലിയായിരുന്നു മോളെ കൊണ്ടുവരാന്‍ പോകല്‍. സ്കൂളിലെക്കുള്ള ചെറിയ കുന്നു കയറിയാണ് ഞാന്‍ സാധാരണ പോകുന്നത്. ചെറിയ മഞ്ഞുമലകള്‍ തട്ടിത്തെറിപ്പിച്ചു നടന്നു കയറുമ്പോള്‍ ഞാന്‍ വീണ്ടും ഒരു കുട്ടിയായതുപോലെ എനിക്ക് തോന്നുമായിരുന്നു. ഈയിടെയായി വീരേന്ദര്‍ ഞാന്‍ ചെല്ലുമ്പോള്‍ കുന്നിന്റെ താഴെ കാണാറുണ്ട്. ഞങ്ങള്‍ ഒന്നിച്ചു ആണ് കുന്നു കയറുക. എന്‍റെ വേഗത കാണുമ്പോള്‍ വീരേന്ദര്‍ പറയും, "ഗംഗാ, ഞാന്‍ ഒരു വയസ്സനാണ്, കുറച്ചു പതിയെ.." ഇങ്ങനെയുള്ള ആ നടത്തത്തിനിടയില്‍ ഒത്തിരി കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിക്കാറുണ്ട്, കാലാവസ്ഥ, പുതിയ ആളുകള്‍, വിദ്യാഭ്യാസ വ്യവസ്ഥിതി, ബന്ധങ്ങളുടെ ഊഷ്മളത..അങ്ങനെ പലതും. അപ്പോള്‍ ഒക്കെ വീരേന്ദര്‍ വാചാലനാവും, " നിങ്ങള്‍ക്കു അറിയുമോ, നമ്മള്‍ കൊടുക്കുന്നതാണ് നമുക്ക് കിട്ടുന്നത്, ഞാന്‍ എന്‍റെ തിരക്കിനിടയിലും എന്‍റെ മക്കളെ സ്നേഹിക്കുമായിരുന്നു, അവരുടെ കൂടെ കളിക്കുമായിരുന്നു, ഒരിക്കലും അവരെ ഞാന്‍ ഒറ്റപ്പെടുത്തിയിട്ടില്ല, അതുപോലെ തന്നെ എന്‍റെ മക്കളും. അവരുടെ തിരക്കിനിടയിലും ഈ വയസ്സന്‍  അച്ഛനെയും അമ്മയെയും അവര്‍ സ്നേഹിക്കുന്നു, അത് ബോധ്യപ്പെടുത്തുന്നു. പക്ഷെ, എന്‍റെ അച്ഛന്‍, വല്യ ഉദ്യോഗസ്ഥനായിരുന്നു, ഒരിക്കലും ഞങ്ങള്‍ മക്കളോട് വാത്സല്യം കാണിച്ചിട്ടില്ല.പ്രകടിപ്പിക്കാത്ത സ്നേഹത്തിനു എന്താണ് വില? എന്‍റെ യുനിവേഴ്സിറ്റി വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു, നിന്‍റെ വഴി നീ തിരഞ്ഞെടുക്കുക. ഞാന്‍ ഇവിടെയെത്തി. ഒരിക്കല്‍ പോലും എനിക്ക് നാട്ടിലേക്ക് പോകണമെന്ന് തോന്നിയില്ല. എന്നിട്ടും പോയി, ഒരു തവണ എന്‍റെ അമ്മ മരിച്ചപ്പോള്‍. .. അമ്മ നമുക്കെന്നും ഒരു വികാരമാണല്ലോ, നമ്മളെ പുറകോട്ടു പിടിച്ചു വലിക്കുന്ന വികാരം. പിന്നെ എന്‍റെ മോന്‍റെ വിവാഹത്തിന്.. പിന്നീട് പോയിട്ടില്ല, പോകണമെന്നു  തോന്നിയിട്ടില്ല. "
ഞാന്‍ ഒന്നും പറഞ്ഞില്ല. ദൂരെ അസ്തമയം ചുവപ്പിച്ച ആകാശം ചൂണ്ടിക്കാണിച്ചു ഞാന്‍ വീരെന്ദറിന്‍റെ  ശ്രദ്ധ തിരിച്ചു. അസ്തമയം സുന്ദരമാണ്, അണയുന്നതിനു മുന്‍പുള്ള ആളിക്കത്തല്‍...
പിന്നീട് ഒരിക്കല്‍ സംസാരത്തിനിടെ ഞാന്‍ പറഞ്ഞു, "വീട് എനിക്കൊരു അഭയസ്ഥാനമാണ്, വീട്ടിലേക്കുള്ള വഴി, അത് നമ്മളെ എവിടെപ്പോയാലും വീണ്ടും വീണ്ടും തിരികെ വിളിച്ചുകൊണ്ടെയിരിക്കും. നമ്മുടെ ഒടുവിലത്തെ യാത്ര വരെ അതങ്ങനെ...." . വീരേന്ദര്‍ ഒരിക്കലും അതിനോട് യോജിച്ചില്ല."എല്ലാം മനസ്സിന്റെ തോന്നലുകളാണ്. അങ്ങനെ തോന്നുമ്പോള്‍ ഒരു ദീര്‍ഘശ്വാസം എടുക്കുക. അത്രെയും ഉള്ളു..."

 പിന്നീട് പെട്ടന്നൊരു ദിവസം മുതല്‍ വീരേന്ദര്‍ വരാതായി. കാലാവസ്ഥ മാറിയതിന്‍റെ  സുഖം ഇല്ലായ്മ ആവുമെന്ന്  കരുതി.കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ വീരെന്ദറിന്‍റെ കൊച്ചുമകനെ കാത്തു നിന്നു ചോദിച്ചു, "അപ്പൂപ്പന് സുഖം ഇല്ല, ആശുപത്രിയിലാണ് ". ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ വീരെന്ദറിന്‍റെ മകന്‍ എന്നെ കാണാന്‍ വന്നു, "അച്ഛന് രോഗം അല്പം കൂടുതലാണ്, ഇന്ത്യയിലേക്ക്‌ പോകുകയാവും നല്ലതെന്ന് ഇവിടുത്തെ ഡോക്ടര്‍ പറഞ്ഞു. അതുകൊണ്ട് നാളെത്തന്നെ ഞങ്ങള്‍ പോകുകയാണ്, ഗംഗയെകുറിച്ച് അച്ഛന്‍ പറയാറുണ്ടായിരുന്നു , അച്ഛന്‍റെ ഇ-മെയില്‍ വിലാസം ഈ ബുക്കില്‍ ഉണ്ട്, ഇത് സൂക്ഷിച്ചു വക്കുക, സുഗമായാല്‍..."   ഞാന്‍ ആ ബുക്ക് വാങ്ങി വച്ചു,

മൂന്നു മാസങ്ങള്‍ കഴിഞ്ഞിരുന്നു വീരേന്ദര്‍ പോയിട്ട്. ഇടയ്ക്കു ഞാന്‍ വെറുതെ കിടക്കുമ്പോള്‍ അങ്ങകലെ ഒരു പഞ്ജാബി ഗ്രാമം എന്‍റെ മനസ്സില്‍ തെളിഞ്ഞു വരും....ചോളങ്ങള്‍ വിളഞ്ഞു നില്‍ക്കുന്ന, സ്വര്‍ണ നിറമാര്‍ന്ന വയലുകളും ബാന്ഗ്രയുടെ താളവും ഒക്കെ .....ഗോതമ്പിന്‍റെ  നിറമുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടിയും അവളെ പിരിയേണ്ടി വന്ന ഒരു യുവാവും.....എന്‍റെ തോന്നലുകള്‍ ആവാം.....
കഴിഞ്ഞ ആഴ്ച വീരെന്ദറിന്‍റെ മകന്‍ വിളിച്ചിരുന്നു, അച്ഛന്‍ സുഖം പ്രാപിച്ചുവരുന്നു, സന്തോഷമായിരിക്കുന്നു.. എന്നൊക്കെ. എങ്ങനെയാവും ഇന്ത്യയില്‍ വീരേന്ദര്‍ സന്തോഷമായിരിക്കുക എന്ന് ഞാന്‍ ആലോചിച്ചു. 

പുറത്തു നിന്നും മഞ്ഞിന്‍ കണങ്ങള്‍ അകത്തേക്ക് പാറി വരുന്നു, ഞാന്‍ ജനാല ചേര്‍ത്തടച്ചു. വീണ്ടും വീരെന്ദറിന്‍റെ വാക്കുകളിലേക്കു മിഴികളൂന്നി.
"ഗംഗാ, ഞാന്‍ സുഖം ആയിരിക്കുന്നു.വാസ്തവത്തില്‍ എന്തുമാത്രം ആളുകളാണ് ഇവിടെ നമ്മെ കാത്തിരിക്കുന്നത്.നാം വിട്ടുപോവുന്നത് എത്രയോ വിലപിടിച്ച ബന്ധങ്ങളാണ്, ഈ മണ്ണിലെ ഓരോ പുല്‍ക്കൊടിയും നമ്മെ കാണുമ്പോള്‍ തലയാട്ടുന്നു, സ്വാഗതം ചെയ്യുന്നു. എന്‍റെ മകന്‍ പറഞ്ഞിട്ടുണ്ടാവില്ല, എന്‍റെ ഒരു കാല്‍ സ്വാധീനം ഇല്ലാതെയായി. പക്ഷെ, അതെന്നെ ബാധിക്കുന്നില്ല, കാരണം നമുക്ക് കാലുകളാവാനും കണ്ണുകള്‍ ആവാനും എത്രയോ സ്നേഹബന്ധങ്ങളാണ് ഇവിടെ എന്നെ കാത്തിരുന്നത്. എന്‍റെ അച്ഛനും ഇവിടെയുണ്ട്, എന്നെക്കാളും ഭേദമായി നടക്കുന്നു, എല്ലായിടത്തും ഓടിയെത്തുന്നു, മകനെ നാളുകള്‍ക് ശേഷം ഇങ്ങനെയെങ്കിലും കിട്ടിയതില്‍ അദ്ദേഹം സന്തോഷവാനാണ്....സ്നേഹം ..അത് പ്രകടിപ്പിചില്ലെങ്കിലും ചിലപ്പോഴൊക്കെ.....നമ്മുടെ കാഴ്ചപ്പാടുകള്‍ ഇടക്കൊക്കെ തെറ്റാവണം..എന്‍റെ വീട്ടിലേക്കുള്ള വഴി എന്നെ ഇത്ര നാളും കാത്തിരിക്കുകയായിരുന്നു..നീ പറഞ്ഞതുപോലെ ഒടുവില്‍ ഞാനും..."

ക്രച്ചസില്‍ ഊന്നി നടക്കുന്ന ഒരു വീരെന്ദറിനെ  ഞാന്‍ സങ്കല്പ്പിച്ചില്ല...അയാള്‍ എന്നെങ്കിലും ഒരിക്കല്‍ ഈ കുന്നുകയറി ആ സ്കൂളിന്‍റെ  മുറ്റത്തു വരുമെന്നു  ഞാന്‍ വെറുതെ.....
വല്ലാത്ത തലവേദന......ഞാന്‍ മെല്ലെ മിഴികളടച്ചു കിടന്നു, പുറത്തു മഞ്ഞു പെയ്യുന്നുണ്ടായിരുന്നു....... എന്‍റെ മനസ്സിലും അപ്പോള്‍ ആ വഴി തെളിഞ്ഞു വന്നു ...ചെമ്പരത്തിക്കാടുകളും മുല്ലയും നിറഞ്ഞ പടവുകള്‍ കയറി എത്തുന്ന ഒരു വഴി...എന്‍റെ വീട്ടിലേക്കുള്ള വഴി....എന്നാണാവോ ഇനി......ആ പിന്‍വിളിക്ക്  ഞാനും കാതോര്‍ത്തിരുന്നു...