മഴ പെയ്യുമ്പോൾ.....
നിനച്ചിരിക്കാതെയാണ് ആകാശം മുഖം കറുപ്പിച്ചത്
നിറവാർന്ന നിറങ്ങളിൽ നിന്നുമിറങ്ങി
ഒരൊറ്റ കറുപ്പിലേയ്ക്കു മുങ്ങി നിവർന്നത്
നിനച്ചിരിക്കാതെയാണ് ഇളംതെന്നൽ ചുവടുമാറ്റിയത്
രൗദ്രഭാവത്തിൽ കൊടുങ്കാറ്റായി ഹുങ്കാരമിട്ടത്
വസന്തത്തിൻ മരച്ചില്ലകൾ ഇളക്കിമറിച്ചത്
കൊക്കുരുമ്മിയിരുന്ന കുരുവികളിലൊന്ന്
പൊടുന്നനെ നിലവിട്ടു താഴേക്കു പതിച്ചത്..
ഒരു നിമിഷാർദ്ധത്തിൽ മഴ അലറിപ്പെയ്തു തുടങ്ങിയിരുന്നു..
മഴത്തുള്ളികൾ ഉരുളൻ കല്ലുകളായി വീണു തുടങ്ങിയിരുന്നു
വിടർന്നുലഞ്ഞ മന്ദാരങ്ങൾ പാതിമുറിഞ്ഞിരുന്നു
മരച്ചില്ലകൾ ഇലകളില്ലാതെ നഗ്നമാക്കപ്പെട്ടിരുന്നു
തെളിനീരരുവികൾ കലങ്ങിമറിഞ്ഞിരുന്നു..
ചിറകൊടിഞ്ഞൊരു ഇളം കുരുവിപ്പെണ്ണിന്റെ
പൊള്ളുന്ന കണ്ണുനീർ, മഴയിൽ ചേർന്നലിഞ്ഞിരുന്നു
പറയാനൊരുക്കിയ വാക്കുകൾ നെഞ്ചിലുടക്കി
പ്രാണൻ പിടയുന്നത് അവളറിഞ്ഞിരുന്നു
ഒടുവിൽ ..
മഴയും മരവും തോർന്നു മാനം തെളിഞ്ഞപ്പോൾ
മഴവില്ലിൻ നിറച്ചാർത്തുകാണാതെ
പാതിമാഞ്ഞൊരു കിനാവിന്റെയോരത്തു
ചേർന്നിരുന്നവൾ യാത്രയായിരുന്നു..
അപ്പോഴും, പറയാൻ ബാക്കിവച്ചോരു വാക്ക്
ഏതോ ഇടനെഞ്ചു പൊള്ളിക്കുന്നുണ്ടായിരുന്നു...